റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

18 second read

കീവ്: ഡോണ്‍ബാസ് ഉള്‍പ്പെടെ കിഴക്കന്‍ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു. സമാധാന ചര്‍ച്ചകള്‍ യുക്രെയ്ന്‍ ഉഴപ്പുകയാണെന്ന് ആരോപിച്ച റഷ്യ, തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളില്‍ ബോംബാക്രമണം രൂക്ഷമാക്കി. ഇത്തരം 16 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹര്‍കീവ്, സപോറീഷ, ഡോനെട്‌സ്‌ക്, നിപ്രോപെട്രോവ്‌സ് മേഖലകളിലും മിക്കലയേവ് തുറമുഖത്തുമാണ് ആക്രമണം നടത്തിയത്.

റഷ്യന്‍ അധിനിവേശം തുടങ്ങി 54-ാം ദിവസമായ ഇന്നലെ ലിവിവ് നഗരത്തിലെ ബോംബാക്രമണത്തില്‍ 7 പേര്‍ മരിച്ചു. കീവിലും ഹര്‍കീവിലുമായി 3 പേര്‍ കൊല്ലപ്പെട്ടു. കീഴടങ്ങാനുള്ള റഷ്യന്‍ അന്ത്യശാസനം അവഗണിച്ച് മരിയുപോളില്‍ യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍പു തുടരുന്നു. യുക്രെയ്‌ന്റെ പരിചയായി നിന്നു പയറ്റുന്ന ഈ നഗരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോട് റഷ്യ അടുക്കുകയാണ്. ലുഹാന്‍സ്‌കില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 4 നാട്ടുകാരെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെയുള്ള ക്രെമിന പട്ടണം റഷ്യന്‍ സേന പിടിച്ചെടുത്തു.

റഷ്യന്‍ സേനയുടെ പിടിയിലായ 2 ബ്രിട്ടിഷ് പൗരന്മാര്‍ കൈമാറ്റവ്യവസ്ഥയില്‍ മോചനം അഭ്യര്‍ഥിച്ച് റഷ്യന്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. യുക്രെയ്‌ന്റെ പിടിയിലുള്ള റഷ്യന്‍ അനുകൂല രാഷ്ട്രീയ നേതാവ് വിക്തോര്‍ മെദ്വെദ്ചുക്കിനെ വിട്ടയച്ചാല്‍ ഇവരെ മോചിപ്പിക്കാമെന്നുള്ള റഷ്യന്‍ നിലപാടില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ബ്രിട്ടനില്‍നിന്നുള്ള ഷോണ്‍ പിനര്‍, എയ്ഡന്‍ ആസ്‌ലിന്‍ എന്നിവര്‍ യുക്രെയ്ന്‍ സേനയ്‌ക്കൊപ്പം മരിയുപോളില്‍ റഷ്യയ്‌ക്കെതിരെ പോരാടുകയായിരുന്നു. മരിയുപോളില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കിയാല്‍ മെദ്വെദ്ചുക്കിനെ വിട്ടയയ്ക്കാമെന്നാണ് യുക്രെയ്ന്‍ നിലപാട്.

യുക്രെയ്ന്‍ മിസൈലാക്രമണത്തില്‍ മുങ്ങുന്നതിനു മുന്‍പ് തീപിടിച്ച നിലയിലുള്ള റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌കയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 24നു റഷ്യന്‍ ആക്രമണം തുടങ്ങി ഇതുവരെ 48.36 ലക്ഷം യുക്രെയ്ന്‍കാര്‍ രാജ്യം വിട്ടതായി യുഎന്‍ കണക്കാക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …