എടിഎം മൂടോടെ ഇളക്കി മോഷ്ടിക്കാന്‍ ശ്രമം: നടക്കാതെ വന്നപ്പോള്‍ പിന്മാറ്റം: സിസിടിവി മറച്ചിട്ടും പ്രതിയെ പൊക്കി അടൂര്‍ പൊലീസ്

0 second read

അടൂര്‍: ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള ഫെഡറല്‍ ബാങ്ക് എ ടി എം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ഒഡിഷയിലെ ബാലേഷര്‍ ജില്ലയില്‍ ഗജിപൂര്‍ ചന്ദനേശ്വര്‍ സ്വദേശി ഗൗര ഹരി മാണാ (36) ആണ് പിടിയിലായത്.

19 ന് രാത്രിയാണ് മോഷണശ്രമം നടന്നത്. എടിഎമ്മിന്റെ മുന്‍വശത്തെ സിസി ടിവി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളില്‍ കടന്ന ഇയാള്‍ മെഷീന്റെ മുന്‍വശം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാള്‍ അവിടം വിട്ടുപോകുകയായിരുന്നു.

പിന്നീട് എടിഎമ്മിലെത്തിയ ആളുകള്‍ വാതില്‍ പൊളിഞ്ഞു കിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ബാങ്ക് അധികൃതരെ ഉടനെ തന്നെ ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് ഉച്ചയ്ക്ക് അടൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മോഷ്ടാവ് ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രി തന്നെ തെരച്ചില്‍ ആരംഭിച്ചു. വ്യാപകമായ പരിശോധനയെ തുടര്‍ന്ന് പ്രതിയെ കുടുക്കുകയായിരുന്നു.

ഇയാള്‍ വേറെ കേസുകളില്‍ പ്രതിയാണോ കൂട്ടാളികള്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. അടൂരുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ഇയാള്‍ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു.

ഡിവൈഎസ്പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, എസ് ഐ മാരായ വിമല്‍ രഘുനാധ്, അനില്‍കുമാര്‍,, എ എസ് ഐ സുരേഷ് കുമാര്‍,എസ് സി പി ഒ വിനോദ്, സി പി ഒ സൂരജ്, ഹോം ഗാര്‍ഡ് ഉദയകുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…