പമ്പ: കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട ഭക്തരുടെ സാന്നിധ്യമില്ലാതെ കഴിഞ്ഞു രണ്ടു വര്‍ഷായി ആചാരം മാത്രമായി നടന്നിരുന്ന ശബരിമല ഉത്സവം ഇക്കുറി പൂര്‍വാധികം ഭംഗിയോടെ കൊണ്ടാടി.
കൊടിയിറക്കിന് മുന്നോടിയായി പമ്പയില്‍ അയ്യപ്പസ്വാമിക്ക് ആറാട്ട് നടന്നു. ഭക്തിയുടെ നിറവില്‍ ശരണം വിളികള്‍ക്ക് നടുവില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് പമ്പയില്‍ കലിയുഗ വരദന്‍ ആറാടിയത്. മേല്‍ശാന്തിക്ക് അശൂലമായതിനാല്‍ കീഴ്ശാന്തി എസ്.ഗിരീഷ് കുമാര്‍ ആണ് ആറാട്ടിന് വിഗ്രഹവുമായി എത്തിയത്. രാവിലെ ഒമ്പതു മണിയോടെയാണ് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചത്.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജകളും ആറാട്ടും നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അഡ്വ.കെ.അനന്തഗോപന്‍, അംഗം അഡ്വ. മനോജ് ചരളേല്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. നിരവധി ഭക്തരും ചടങ്ങുകള്‍ക്ക് സാക്ഷിയായി.
ആറാട്ടിന് ശേഷം അയ്യപ്പ സ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമര്‍പ്പണം നടന്നു. വൈകിട്ട് അഞ്ചു മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു. ഘോഷയാത്ര സന്നിധാനത്ത് എത്തി രാത്രി എട്ടു മണിയോടെ കൊടിയിറക്കി. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട ശനിയാഴ്ച അടയ്ക്കും. വിഷു ഉല്‍സവത്തിനായി ഏപ്രില്‍ 10 ന് തുറക്കും. വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15 നാണ്.