യുക്രെയ്‌ന്റെ ഏറ്റവും വലിയ പടക്കപ്പല്‍ കരിങ്കടലില്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

17 second read

യുക്രെയ്‌ന്റെ ഏറ്റവും വലിയ പടക്കപ്പല്‍ കരിങ്കടലില്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍
യുക്രെയ്ന്‍ നാവികസേനയുടെ ഏറ്റവും വലിയ പടക്കപ്പലായ ഹെറ്റ്മാന്‍ സഹായ്ഡച്‌നി റഷ്യന്‍ കരിങ്കടലില്‍ ഭാഗികമായി മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. പകുതി മുങ്ങിയ നിലയിലുള്ള ക്രിവാക് ത്രീ ക്ലാസ് വിഭാഗത്തില്‍ പെടുന്ന ഹെറ്റ്മാന്‍ കപ്പലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുക്രെയ്‌നിലെ പിവ്‌ഡെന്നി ബഹ് നദി കരിങ്കടലിലേക്ക് ചെന്നു ചേരുന്നിടത്തു സ്ഥിതി ചെയ്യുന്ന മൈക്കലീവ് തുറമുഖനഗരത്തിനു സമീപമാണ് ഹെറ്റ്മാന്‍ മുങ്ങിക്കിടക്കുന്നത്. നിക്കോലീവ് എന്നും ഈ തുറമുഖത്തിനു പേരുണ്ട്.

റഷ്യന്‍ നാവികസേനയുടെ കൈയില്‍ പെടാതിരിക്കാനായി യുക്രെയ്ന്‍ തന്നെ കപ്പല്‍ മുക്കിയതാണെന്നും അതല്ല റഷ്യന്‍ നാവികസേനയുടെ ആക്രമണത്തില്‍ മുങ്ങിയതാണെന്നും വാദങ്ങളുണ്ട്. എന്നാല്‍ യുക്രെയ്ന്‍ തന്നെ മുക്കിയതാകാനാണു കൂടുതല്‍ സാധ്യതയെന്നു നിരീക്ഷകര്‍ പറയുന്നു. 3100 ടണ്‍ ഭാരമുള്ള കപ്പല്‍ റഷ്യന്‍ നാവികക്കരുത്തിനു മുന്നില്‍ ഒന്നുമല്ലെങ്കിലും ഇതിനെ പിടികൂടാന്‍ കഴിഞ്ഞാല്‍ റഷ്യന്‍ സേനകള്‍ക്ക് വലിയ ആത്മവിശ്വാസത്തിന് അതു വഴി വയ്ക്കും. ഇതിനാലാണ് യുക്രെയ്ന്‍ തന്നെ പടക്കപ്പല്‍ മുക്കിയതെന്നാണു പറയപ്പെടുന്നത്.

യു130 എന്ന നാവിക നമ്പരുള്ള കപ്പല്‍ ഫ്രിഗേറ്റ് വിഭാഗത്തില്‍ പെടുന്നതാണ്. വലുപ്പമുള്ള ഡെക്ക് ഗണ്‍ (100 എംഎം) , ചെറിയ തോക്കുകള്‍, മുങ്ങിക്കപ്പല്‍വേധ ഗ്രനേഡ് ലോഞ്ചറുകള്‍, ടോര്‍പിഡോ ട്യൂബുകള്‍, ഹെലിക്കോപ്റ്റര്‍ തുടങ്ങിയവയടങ്ങിയ കപ്പല്‍ മറ്റു രാജ്യങ്ങളുടെ നാവികസേനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരിയാണെങ്കിലും യുക്രെയ്ന്‍ നാവികസേനയ്ക്ക് അതു വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായിരുന്നു.

30 വര്‍ഷമായി യുക്രെയ്ന്‍ നാവികസേനയുടെ ഭാഗമായ ഈ ഫ്രിഗേറ്റ് മൈക്കലീവില്‍ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴാണു പുതിയ സംഭവം. ഖെര്‍സന്‍ തുറമുഖനഗരവും വീണതോടെ യുക്രെയ്‌ന്റെ നാവികമേഖലകളില്‍ സമ്മര്‍ദ്ദം ഏറിത്തുടങ്ങിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഒഡേസയില്‍ ഏതുനിമിഷവും ഒരു കടല്‍ വഴിയുള്ള ആക്രമണം യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നുണ്ട്.യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയ ശേഷം കരസേനയുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളാണു കൂടുതല്‍ ശ്രദ്ധ നേടുന്നതെങ്കിലും കരിങ്കടലില്‍ വിന്യസിക്കപ്പെട്ട റഷ്യന്‍ നാവികസേനയുമായും ബന്ധപ്പെട്ട് സംഭവങ്ങളുണ്ടകുന്നുണ്ട്. യുക്രെയ്‌ന്റെ അധീനതയിലുള്ള സ്‌നേക്ക് ഐലന്‍ഡ് ആക്രമിച്ചത് ഇത്തരമൊരു നീക്കമായിരുന്നു. കരിങ്കടലിലേക്ക് തുര്‍ക്കി റഷ്യന്‍ കപ്പലുകള്‍ക്ക് പ്രവേശനം നിയന്ത്രിക്കുന്നതു സംബന്ധിച്ചും വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു.നിലവില്‍ റഷ്യയുടെ ബ്ലാക്ക് സീ ഫ്‌ലീറ്റാണ് യുക്രെയ്‌നെതിരെ പ്രധാനമായും കരിങ്കടലില്‍ നിലകൊണ്ടിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …