മലയാളത്തിന്റെ മരുമകള്‍ അന്നയും ബഹിരാകാശം തൊടും

19 second read

ന്യൂയോര്‍ക്ക്: ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം (സ്‌പേസ് വോക്ക്) ഈ വര്‍ഷം അവസാനം സംഭവിച്ചേക്കും. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സാണ് പോലാരിസ് ഡോണ്‍ എന്ന ദൗത്യത്തില്‍ ഇതു ലക്ഷ്യമിടുന്നത്. ഇതിന്റെ യാത്രാസംഘത്തില്‍ സ്‌പേസ് എക്‌സിലെ മലയാളി മെഡിക്കല്‍ വിദഗ്ധന്‍ ഡോ. അനില്‍ മേനോന്റെ ഭാര്യ അന്നാ മേനോനുമുണ്ട്. നാസാ ഭാവി യാത്രാസംഘത്തില്‍ ഉള്‍പ്പെട്ടയാളാണു യുഎസിലെ മിനസോഡയില്‍ നിന്നുള്ള ഡോ. അനില്‍ മേനോന്‍.

സ്‌പേസ് എക്‌സില്‍ ലീഡ് സ്‌പേസ് ഓപ്പറേഷന്‍സ് എന്‍ജിനീയറായ അന്ന മേനോന്‍, ഡെമോ-2, ക്രൂ-1 , സിആര്‍എസ്-22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളില്‍ മിഷന്‍ കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചു. 7 വര്‍ഷം നാസയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊലാരിസ് എന്നു പേരുള്ള 3 ഭാഗ ദൗത്യപരമ്പരയുടെ ഒന്നാം ഭാഗമാണ് പൊലാരിസ് ഡോണ്‍. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാകും ഡ്രാഗണ്‍ പേടകത്തിലേറി, ഫാല്‍ക്കണ്‍ റോക്കറ്റില്‍ ദൗത്യത്തിന്റെ വിക്ഷേപണം.

ബഹിരാകാശ വാഹനങ്ങള്‍ ഇതുവരെ കൈവരിച്ച ഏറ്റവും ഉയര്‍ന്ന ഭൗമ ഭ്രമണപഥം നേടുക, മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയുടെ ലേസര്‍ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങള്‍ നടത്തുക, ബഹിരാകാശ യാത്രികര്‍ നേരിടുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. സ്‌പേസ് എക്‌സിന്റെ ഭാവി യാത്രകള്‍ക്കുള്ള പ്രോട്ടോക്കോളുകള്‍ തയാറാക്കുന്നതും പൊലാരിസ് ഡോണ്‍ യാത്രാസംഘമാണ്.

കഴിഞ്ഞ വര്‍ഷം സ്‌പേസ് എക്‌സിന്റെ ആദ്യ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ജാറദ് ഐസക് മാനാണ് ദൗത്യം നയിക്കുന്നത്. സ്‌കോട് പൊറ്റീറ്റ്, സ്‌പേസ് എക്‌സിലെ ജീവനക്കാരിയായ സാറാ ഗില്‍സ് എന്നിവരും യാത്രയിലുണ്ടാകും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…