മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി സുനിലാണ് അപകടത്തില്‍ മരിച്ച മലയാളി. മറ്റ് രണ്ടു പേര്‍ സ്വദേശികളാണ്. പരുക്കേറ്റവരെ സുഹാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ട്രക്ക് ഉള്‍പ്പെടെ 11 വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ട്രക്ക് ഡ്രൈവര്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം. സുനില്‍ കുമാറും കുടുംബവും വിസ പുതുക്കുന്നതിനായി ലിവയില്‍ പോയി മടങ്ങിവരവെയാണ് അപകടം. സുഹാറിലെ എല്‍ ആന്റ് ടി കമ്പനിയില്‍ മാനേജറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍. മൃതദേഹം സുഹാറിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ജീജാ സുനില്‍ കുമാര്‍. മക്കള്‍: നന്ദ സുനില്‍, മയൂരി സുനില്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.