മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കണ്ട് മടങ്ങി: യൂത്ത് കോണ്‍ഗ്രസിന്റെ പിള്ളേര്‍ ചേര്‍ന്ന് രണ്ടര ലക്ഷം രൂപ നല്‍കി ബാങ്കിലെ കടം തീര്‍ത്തു: ചൂരക്കോട്ടെ ഗ്രേസിന് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം: കടം ബാക്കി വച്ച് മാതാപിതാക്കള്‍ മരിച്ചപ്പോള്‍ അനാഥയായ ഗ്രേസിന് തുണയായത് യൂത്ത് കോണ്‍ഗ്രസ്

17 second read

അടൂര്‍: മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥയാവുകയും താമസിക്കുന്ന വീടും പറമ്പും സഹകരണ ബാങ്ക് ജപ്തി ചെയ്തു കൊണ്ടു പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്രേസ് എന്ന പതിനഞ്ചുകാരിക്ക് തുണയായി യൂത്ത് കോണ്‍ഗ്രസിലെ ചുണക്കുട്ടികള്‍.

മന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വാഗ്ദാനങ്ങളുടെ പെരുമഴ ഒഴുക്കി മടങ്ങിയ സ്ഥാനത്താണ് തങ്ങള്‍ പറഞ്ഞ വാക്കു പാലിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2.54 ലക്ഷം രൂപ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ അടച്ച് ജപ്തി ഭീഷണി ഒഴിവാക്കിയത്.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണന്റെയും ജില്ലാ ജനറല്‍ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കേരള ബാങ്കിന്റെ അടൂര്‍ ശാഖയിലെത്തി 2,54,000.00 രൂപ നേരിട്ടടച്ച് മുഴുവന്‍ ബാധ്യതയും തീര്‍ത്ത്, രസീത് ഗ്രേയ്‌സിനെ ഏല്‍പ്പിച്ചു.

അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ചുരേക്കോട് സ്വദേശി ഗ്രേസിന്റെ കഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടു പിന്നാലെ ഗ്രേസിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോര്‍ജ് സഹകരണ മന്ത്രിയുമായി സംസാരിച്ച് വായ്പാ തിരിച്ചടവിന് സാവകാശം തേടുമെന്ന് പറഞ്ഞ് മടങ്ങി. പിന്നാലെ വന്ന സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗ്രേസിന്റെ പഠനച്ചെലവും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.

എന്നാല്‍ ഭരണ പക്ഷത്തു നിന്നുള്ള ഇവര്‍ രണ്ടു പേരും എങ്ങനെ ജപ്തി ഒഴിവാക്കുമെന്ന് മാത്രം പറഞ്ഞിരുന്നില്ല. ഗ്രേസിന്റെ വീട്ടിലെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ കടം തങ്ങള്‍ വീട്ടുമെന്ന് പറഞ്ഞാണ് മടങ്ങിിയത്. ആ വാക്കു പാലിച്ച് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയിരിക്കുകയാണ്. പാലിക്കാന്‍ പറ്റുന്ന വാക്കേ നല്‍കാറുള്ളൂവെന്ന് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ പറഞ്ഞു.

കുട്ടികളില്ലാതിരുന്ന ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് സാമുവലും 2007 ലാണ് ഏഴ് മാസം പ്രായമുള്ള ഗ്രെയ്‌സിനെ ദത്തെടുത്തത്. ചൂരക്കോട് ഗവ.എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താല്‍ക്കാലിക അധ്യാപികയായിരുന്ന റൂബി കാന്‍സര്‍ ബാധിതയായി 2019 ഒക്ടോബറില്‍ മരിച്ചു. പ്രമേഹ ബാധിതനായ ജോര്‍ജ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. ഇതോടെ ഗ്രേയ്‌സ് വീണ്ടും അനാഥയായി.

റൂബിയുടെ ചികിത്സയ്ക്കായി ജില്ലാ സഹകരണ ബാങ്കിന്റെ അടൂര്‍ ശാഖയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജോര്‍ജിന് ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഇവരുടെ എട്ട് സെന്റ് സ്ഥലവും ഒറ്റമുറി വീടും ജില്ലാ സഹകരണ ബാങ്കിന്റെ കൈവശത്തിലായി എന്ന് കാണിച്ച് ആറ് മാസം മുന്‍പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …