അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44.75 കോടി രൂപ (2.2 കോടി ദിര്‍ഹം) തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. ലീനയും സഹപ്രവര്‍ത്തകരായ ഒന്‍പത് പേരും ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. നാലു വര്‍ഷമായി അബുദാബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍എല്‍സി എച്ച്ആര്‍ ഉദ്യോഗസ്ഥയാണ്.
ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും തന്റെ പേരില്‍ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. ‘ദൈവത്തിനു നന്ദി. വാക്കുകള്‍ കിട്ടുന്നില്ല. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചുവെന്ന് പറഞ്ഞു വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയില്‍ തുടരും. വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും’ ലീന പറഞ്ഞു.
സുറൈഫ് സുറു (10 ലക്ഷം ദിര്‍ഹം), സില്‍ജോണ്‍ യോഹന്നാന് (5 ലക്ഷം ദിര്‍ഹം), അന്‍സാര്‍ സുക്കറിയ മന്‍സില്‍ (2.5 ലക്ഷം ദിര്‍ഹം), ദിവ്യ എബ്രഹാം (1 ലക്ഷം ദിര്‍ഹം) എന്നീ വിജയികളെല്ലാം ഇന്ത്യക്കാരാണ്.