യു.എ.ഇ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും

19 second read

ദുബായ്: യു.എ.ഇ.യില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷയേകാന്‍ പ്രഖ്യാപിച്ച പുതിയ തൊഴില്‍നിയമം ബുധനാഴ്ച പ്രാബല്യത്തില്‍വരും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞവര്‍ഷമാണ് പുതിയനിയമം പ്രഖ്യാപിച്ചത്. സഹപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍, ലൈംഗികപീഡനം, ഔദ്യോഗികരേഖകള്‍ പിടിച്ചെടുക്കല്‍ എന്നിവയെല്ലാം നിയമം തടയുന്നു. ഫുള്‍ടൈം, പാര്‍ട്ട്ടൈം ഉള്‍പ്പെടെ എല്ലാതരം ജീവനക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്.

പ്രാബേഷന്‍ ആറുമാസത്തില്‍ കൂടരുത്.പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടുകയാണെങ്കില്‍ 14 ദിവസത്തെ നോട്ടീസ് നല്‍കണം. തൊഴില്‍കാലാവധി കഴിഞ്ഞാല്‍ യു.എ.ഇ. വിടണമെന്ന് ഇനിമുതല്‍ ഉടമയ്ക്ക് നിര്‍ബന്ധിക്കാനാവില്ല. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിക്ക് നിഷ്പ്രയാസം മാറാന്‍ അനുവാദം ലഭിക്കും.

എല്ലാ തൊഴില്‍ക്കരാറുകളും ഇനിമുതല്‍ നിശ്ചിതകാലത്തേക്ക് മാത്രമായിരിക്കണം. അനിശ്ചിതകാലത്തേക്ക് തൊഴില്‍ക്കരാറില്‍ ഏര്‍പ്പെട്ടവര്‍ ഒരുവര്‍ഷത്തിനകം നിശ്ചിതകാലകരാറിലേക്ക് മാറണം. ഒരു തൊഴിലാളിക്ക് ഒന്നിലേറെ ഉടമകള്‍ക്കുകീഴില്‍ ജോലിചെയ്യാം. സ്വകാര്യമേഖലകളിലെ തൊഴിലാളികള്‍ക്ക് സ്ഥിരം ജോലിക്കുപുറമേ പാര്‍ട്ട് ടൈം ആയോ അല്ലാതെയോ നിശ്ചിത മണിക്കൂറില്‍ കൂടുതലിടങ്ങളില്‍ ജോലിചെയ്യാം.

വര്‍ഷത്തില്‍ 30 ദിവസത്തെ അടിസ്ഥാനശമ്പളം ഗ്രാറ്റ്വിറ്റിയായി നല്‍കണം. തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാം. വാരാന്ത്യഅവധിക്കുപുറമേ ഏറ്റവുമടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൂന്നുമുതല്‍ അഞ്ചുദിവസം വരെ അവധി നല്‍കണം. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യവേതനം നല്‍കണം. സ്ഥാപനങ്ങളില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ല.

സ്വകാര്യമേഖലയിലെ പ്രസവാവധി 45-ല്‍നിന്ന് 60 ദിവസമാക്കി. ഇവര്‍ക്ക് 45 ദിവസം മുഴുവന്‍ വേതനവും 15 ദിവസം പകുതി വേതനവും നല്‍കണം. പ്രാരംഭ പ്രസവാവധി പൂര്‍ത്തിയായാല്‍ പിന്നീടുണ്ടാകുന്ന പ്രസവാനന്തര സങ്കീര്‍ണതകള്‍ക്ക് ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാം. അതേസമയം, ആദ്യമായി അമ്മയാകുന്നവര്‍ക്ക് പ്രസവാവധിക്കുപുറമേ പ്രത്യേകമായി, ശമ്പളത്തോടെയുള്ള 30 ദിവസത്തെ അവധിയെടുക്കാനും അര്‍ഹതയുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതുനല്‍കണം.

തൊഴില്‍ബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി, 2021-ലെ ഫെഡറല്‍ ഉത്തരവ് നമ്പര്‍ 33 പ്രകാരമാണ് പുതിയ നിയമം. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …