സില്‍വര്‍ ലൈന്‍ ‘വളഞ്ഞ വഴി’ തന്നെ: ഈ പറയുന്ന വേഗമൊന്നും കിട്ടില്ല

21 second read

കണ്ണൂര്‍: വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ സില്‍വര്‍ ലൈന്‍ പാതയിലൂടെ പ്രതീക്ഷിക്കുന്ന വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. 200 വളവുകള്‍. 236 കയറ്റിറക്കങ്ങള്‍. 194.3 കി.മീറ്ററാണ് ആകെ വളവുകളുടെ ദൂരം. ആകെ പാതയുടെ ദൂരത്തിന്റെ 36.7 ശതമാനമാണിതെന്ന് സില്‍വര്‍ ലൈന്‍ ഡി.പി.ആറിനെപ്പറ്റി പഠനം നടത്തിയ അലോക് കുമാര്‍ വര്‍മ്മ പറയുന്നു.

വളവും കയറ്റങ്ങളും തുടര്‍ച്ചയായി വരുന്ന മാതൃകയ്ക്ക് റോളര്‍ കോസ്റ്റര്‍ എന്നാണ് സാങ്കേതികമായി പറയുക. നിലവിലുള്ള തിരുവനന്തപുരം -കാസര്‍കോഡ് തീവണ്ടിപ്പാതയില്‍ ഉള്ളതിനേക്കാള്‍ വളവുകള്‍ സില്‍വര്‍ ലൈനില്‍ വരും. 236 കയറ്റിറക്കങ്ങള്‍ ഏത് തീവണ്ടിപ്പാതയിലും പാടില്ലാത്തത്ര കൂടുതലാണെന്ന് അലോക് വര്‍മ്മ വിലയിരുത്തുന്നു. മലയോര തീവണ്ടിപ്പാതകളില്‍ പോലും ഇത്രയേറെ കയറ്റിറക്കം കാണില്ല. മലയോര പാതകളില്‍ വേഗം മണിക്കൂറില്‍ 40 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. സില്‍വര്‍ ലൈനിലെ കയറ്റിറക്കങ്ങളില്‍ ചിലയിടത്ത് ദിശാ വ്യതിയാനവും പറയുന്നുണ്ട്.

തൂണുകളില്‍ ഉറപ്പിച്ച മേല്‍പ്പാലങ്ങള്‍ ചിലയിടത്ത് 20 മീറ്റര്‍ വരെ ഉയരമുള്ളതാണ്. തൃശൂരില്‍ അനുബന്ധ മേല്‍പ്പാലം 8.17 കിലോമീറ്റര്‍ ദൂരമുള്ളതാണ്. സ്റ്റേഷന് ഇവിടെ 100 മീറ്റര്‍ വീതിയാണുള്ളത്. കോഴിക്കോട് ഭൂ നിരപ്പില്‍ നിന്ന് 41.86 മീറ്റര്‍ താഴ്ചയിലേക്കാണ് സാധാരണ നിരപ്പില്‍ നിന്ന് വണ്ടി പോകേണ്ടത്. ഭൂനിരപ്പില്‍ ഉറപ്പിച്ച പാതയുടെ കെട്ടിന് ചിലയിടത്ത് 18 മീറ്റര്‍ വരെ ഉയരമുണ്ട്. എട്ട് മീറ്റര്‍ മുതല്‍ 18 മീറ്റര്‍ വരെ കെട്ടിന്റെ ഉയരം പലയിടങ്ങളിലായി പല അളവുകളിലാണ് കാണുന്നത്. സ്വാഭാവികമായും ഭൂനിരപ്പിലെ കെട്ടിലൂടെ പോകുമ്പോള്‍ പോലും വണ്ടി കയറ്റിറക്കങ്ങള്‍ എന്ന പ്രയാസം നേരിടണം. മേല്‍പ്പാലങ്ങളിലും തുരങ്കങ്ങളിലും മാത്രമല്ല സാധാരണ ഭൂനിരപ്പിലുറപ്പിച്ച കെട്ടിലും വേഗത്തിന് നിയന്ത്രണം വരാവുന്ന സാഹചര്യമുണ്ട്.

അമിതമായ കയറ്റിറക്കങ്ങളും വളവുകളുമുള്ള പാതയില്‍ 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ തീവണ്ടി പോകുമ്പോള്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ പാളത്തിന് കേട് വരുത്തും. എല്ലാ 10-15 വര്‍ഷ ഇടവേളയിലും പാളങ്ങളില്‍ നവീകരണം വേണ്ടിവരും. പാതയിലെ തകരാറുകള്‍ സുരക്ഷാ ഭീഷണിയും ഉണ്ടാക്കാം. ചരക്ക് നീക്കത്തിന് ഒട്ടും അനുയോജ്യമായ നിലയല്ല ഇത്. യാത്രാവണ്ടി ഉദ്ദേശിക്കുന്ന 200 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാനും പ്രയാസം നേരിടും.

2019 ഏപ്രില്‍-മെയ് മാസങ്ങളില്‍ വിശദപദ്ധതി രേഖ തയാറാക്കുമ്പോള്‍ ഭൗമശാസ്ത്ര, ജലപ്രവാഹ പഠനങ്ങള്‍ നടത്തിയിരുന്നില്ല. ഗൂഗിള്‍ എര്‍ത്ത് ടോപ്പോഗ്രഫിക്കല്‍ ഡാറ്റ മാത്രമാണ് അടിസ്ഥാനമാക്കിയത്. ഇത് പ്രകാരം തയാറാക്കിയ രൂപരേഖ കേരളത്തിന്റെ ഭൗമപ്രതലത്തിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. കട്ടിലിനൊത്ത് കാല്‍ മുറിക്കുന്നത് പോലെ ഈ രൂപരേഖ ഇടിച്ചിറക്കാന്‍ ശ്രമിച്ചതിനാലാണ് ഇത്രയേറെ വളവും കയറ്റിറക്കങ്ങളും വന്നതെന്നാണ്
അലോക് കുമാര്‍ വര്‍ പറയുന്നത്.

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …