കണ്ണൂര്‍: ബാങ്ക് അക്കൗണ്ട് ഉടമയറിയാതെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പണം തട്ടി. ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) പോലുമില്ലാതെ നടന്ന ഇടപാടുകളില്‍ നിരവധിപേരുടെ അക്കൗണ്ടുകളില്‍നിന്ന് പണം പോയി. ഒരുമാസത്തിനിടെ കണ്ണൂരില്‍ മാത്രം 15 പേര്‍ക്ക് പണം നഷ്ടമായതായാണ് പരാതി. ഒ.ടി.പി. ഉപയോഗിക്കാതെയാണ് തട്ടിപ്പ് നടത്തിയതെന്നതിനാല്‍ പണം പോയവിവരം അറിയാത്തവരും ഏറെയുണ്ട്. സംസ്ഥാനത്താകെ 150-ലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍, ആരാണ് ഇടപാട് നടത്തിയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരികളില്‍നിന്ന് ലഭിച്ചിട്ടില്ല.
രണ്ടായിരത്തില്‍ താഴെവരുന്ന തുകയ്ക്കുള്ള സാധനങ്ങളാണ് വാങ്ങിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്നാണ് പണം ഏറെയും നഷ്ടമായിട്ടുള്ളത്. ചെറുകുന്നിലെ ഒരു വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണമായും നഷ്ടമായി. 25,000 രൂപ ഇവര്‍ക്ക് പലതവണയായി സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ചാല സ്വദേശിക്ക് 15,000 രൂപയാണ് നഷ്ടമായത്. ഇവര്‍ക്കൊന്നും മൊബൈലില്‍ ഒരു സന്ദേശം പോലും വന്നിട്ടില്ല.
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയൊന്നും ഉപയോഗിക്കാത്തവരാണ് തട്ടിപ്പിനിരയായതിലേറെയും. ഇത്തരം തട്ടിപ്പുകളുടെ വിവരങ്ങള്‍ ഉടന്‍ കൈമാറുന്നതിനും തടയുന്നതിനും പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് പ്രതിനിധികള്‍, പേമെന്റ് ഗേറ്റ്വേ അംഗങ്ങള്‍ എന്നിവരെല്ലാം ഈ ഗ്രൂപ്പിലുണ്ട്. പരാതി ലഭിച്ച കേസിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ബാങ്ക് പ്രതിനിധികളെയും പേമെന്റ് ഗേറ്റ്വേ അംഗങ്ങളെയും അറിയിച്ച് ഇടപാട് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പരാതിലഭിച്ചാല്‍ മാത്രമേ വിവരങ്ങള്‍ ഇങ്ങനെ കൈമാറാനാവുകയുള്ളൂ. ഇപ്പോള്‍ നടന്ന തട്ടിപ്പുകള്‍ ഇടപാടുകാരറിയുന്നത് വൈകിയാണെന്നതാണ് പ്രശ്നം. അതിനാല്‍, ഇടപാടുകള്‍ തടയാനായിട്ടില്ല. തട്ടിപ്പിന്റെ രീതി ബാങ്കിനെയും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുടെ പ്രതിനിധികളെയും പോലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ ഇടപാടുകള്‍ക്കും ഒ.ടി.പി. നിര്‍ബന്ധമാക്കാമെന്ന് ഓണ്‍ലൈന്‍ വ്യാപാരികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നതിലേറെയും സമാന സീരീസുകളിലുള്ള എ.ടി.എം. കാര്‍ഡുടമകളുടെതാണ്. ഇക്കാര്യം ബാങ്കുകളെയും അറിയിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബാങ്ക് പ്രതിനിധികളും പോലീസിനെ അറിയിച്ചിട്ടുണ്ട്.