ലൈഫ് പദ്ധതിയുടെ സര്‍വേക്ക് കൃഷിവകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തില്‍ മന്ത്രിസഭയില്‍ ഭിന്നത

17 second read

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ സര്‍വേക്ക് കൃഷിവകുപ്പ് ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കാനുള്ള നീക്കത്തില്‍ മന്ത്രിസഭയില്‍ ഭിന്നത. തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്റെ നിര്‍ദേശങ്ങളോട് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. പ്രസാദും വിയോജിച്ചതോടെ വിഷയത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ലൈഫ് സര്‍വേക്ക് നിയോഗിക്കുന്നതിനെതിരേ കൃഷിവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അസോസിയേഷനും പരസ്യഏറ്റുമുട്ടലിലേക്ക് കടന്നതോടെ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചമുമ്പ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച ഓണ്‍ലൈന്‍ യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തതോടെയാണ് മന്ത്രിമാര്‍ വ്യത്യസ്തനിലപാടെടുത്തത്.

ഇതരവകുപ്പുകളിലെ ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളുടെ ജോലിക്ക് വിനിയോഗിക്കുന്നതിന് അതത് വകുപ്പുകളിലെ ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, അതത് വകുപ്പ് സെക്രട്ടറിമാരുടെ നിര്‍ദേശം ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്നും വകുപ്പുകളിലെ ജോലിയും ഓരോസമയത്തെ തിരക്കും കണക്കിലെടുത്തുവേണം ഉദ്യോഗസ്ഥരെ നിയോഗിക്കാനെന്നും മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. മന്ത്രി പി. പ്രസാദും ശിവന്‍കുട്ടിയെ പിന്തുണച്ചു. 2018-ലെ പ്രളയസമയത്തേതടക്കം കാര്‍ഷികമേഖലയിലുണ്ടായ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള നടപടികളിലാണ് കൃഷിവകുപ്പ്. അപേക്ഷകളില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ലൈഫ് സര്‍വേക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.

ഇതോടെ എം.വി. ഗോവിന്ദന്‍ രംഗത്തുവരികയായിരുന്നു. ഉദ്യോഗസ്ഥവിന്യാസത്തിന് സെക്രട്ടറിമാരുടെ അനുമതിവേണമെന്ന നിര്‍ദേശത്തോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പിന്റെ അധികാരം കുറയ്ക്കുന്ന നിര്‍ദേശമാണിത്. അധികാരവികേന്ദ്രീകരണത്തെത്തുടര്‍ന്ന് പതിമ്മൂന്നു വകുപ്പുകളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിക്കിട്ടിയെങ്കിലും എല്ലാജീവനക്കാരുടെയും സേവനം കാര്യമായി ഉപോയോഗപ്പെടുത്താനായിട്ടില്ല. ലൈഫ് സര്‍വേ ഏതാണ്ട് 65 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. വിഷയം തര്‍ക്കത്തിലേക്ക് നീങ്ങിയതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഫയല്‍ കൂടുതല്‍ പരിശോധിച്ചശേഷം പരിഗണിക്കാമെന്നും നിര്‍ദേശിച്ചു.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ലൈഫ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ ഒന്നരമാസത്തോളമായി തടസ്സപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകരെ മറ്റുജോലികള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധ്യാപക സംഘടനകള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…