പറക്കോട് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തെച്ചൊല്ലി സിപിഎം-സിപിഐ പോര്: അരമനയിലെ അഴിമതി രഹസ്യം ഇനി അങ്ങാടിപ്പാട്ടാകും

19 second read

അടൂര്‍: പറക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ ഒഴിവു വന്ന രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെച്ചൊല്ലി സിപിഎം-സിപിഐ പോര് മൂര്‍ഛിച്ചു. ഇതോടെ അരമനയിലെ അഴിമതിക്കഥകള്‍ നാട്ടാരറിയുന്ന അവസ്ഥയായി. അഴിമതിക്കെതിരേ വിജിലന്‍സിനെ സമീപിക്കാന്‍ സിപിഐ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിനായി ഉപസമിതിയും രൂപീകരിച്ചു. ബാങ്ക് പ്രസിഡന്റിനെ ലക്ഷ്യമിട്ടാണ് സിപിഐ മുന്നോട്ടു പോകുന്നത്.

പറക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ കൃത്യമായി യോഗങ്ങളില്‍ പങ്കെടുക്കാത്ത രണ്ട് അംഗങ്ങള്‍ പുറത്താക്കപ്പെട്ടിരുന്നു. ഇവരുടെ സ്ഥാനത്തേക്ക് സഹകരണ നിയമപ്രകാരം രണ്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം. മുന്നണി മര്യാദയനുസരിച്ച് സിപിഐയും സിപിഎമ്മും വീതം വച്ചെടുക്കേണ്ടതാണ് ഈ രണ്ട് ഒഴിവുകളും. ഇതിനായി എല്‍ഡിഎഫ് വിളിച്ചെങ്കിലും സിപിഐ പങ്കെടുത്തിരുന്നില്ല.

എന്നാല്‍ സിപിഐ പ്രവര്‍ത്തകയായ മുന്‍ പഞ്ചായത്തംഗവും പ്രസിഡന്റുമായ ലതയെ കൂറുമാറ്റി സിപിഎമ്മിലാക്കി. ലതയുടെ മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് മറുകണ്ടം ചാടിച്ചതെന്ന് സിപിഐ മണ്ഡലം കമ്മറ്റി യോംപ വിലയിരുത്തി. ഇതേ പോലെ വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസിലെ ഒരു അംഗത്തെയും കൂറുമാറ്റിയതെന്ന് പറയുന്നു. സിപിഎമ്മില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് മറ്റ് പാര്‍ട്ടികളില്‍ നിന്നും ഇന്നലെ വരുന്നവര്‍ക്ക് പദവികളും ജോലിയുമൊക്കെ നല്‍കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ സിപിഎമ്മില്‍ ചേര്‍ക്കാന്‍ ജോലി വാഗ്ദാനം ചെയ്യുകയാണ് ചെയ്യുന്നതെന്നും സിപിഐ വിലയിരുത്തി.

ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യുകയും രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. പറക്കോട് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് ഒഴിവ് പങ്കിടാന്‍ സിപിഐ-സിപിഎം ജില്ലാ സെക്രട്ടറിമാര്‍ തമ്മില്‍ ധാരണയുമുണ്ടായിരുന്നു. നെടുമണ്‍ സഹകരണ ബാങ്കിലും പറക്കോട് ബാങ്കിലും രണ്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ടും എല്‍ഡിഎഫ് എന്ന നിലയില്‍ സിപിഐയ്ക്ക് കണ്ണടയ്‌ക്കേണ്ടി വന്നു. ഇനി അതു വേണ്ടെന്ന് സിപിഐ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പറക്കോട് ബാങ്കിലെ കോടികളുടെ ക്രമക്കേട് വിജിലന്‍സിന് മുമ്പാകെ എത്തിക്കാന്‍ ഒരു ഉപസമിതിക്ക് യോഗം രൂപം നല്‍കി. കമ്മറ്റി രഹസ്യമായി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ബാങ്ക് പ്രസിഡന്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും കമ്മറ്റി വിലയിരുത്തി.

രണ്ടു ബാങ്കുകളിലെ അഴിമതിക്ക് പിന്നാലെ സിപിഐ കൂടിയാല്‍ സിപിഎമ്മുമായി സംഘര്‍ഷത്തിനും സാധ്യതയുണ്ട്. സിപിഎമ്മിന്റെ ജില്ലാ-ഏരിയാ നേതൃത്വമാണ് സഹകരണ ബാങ്കിലെ അഴിമതിക്ക് പിന്നിലെന്നാണ് ആരോപണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …