കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് പ്രവേശനാനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുവൈത്ത് അംഗീകൃത വാക്സീന് സ്വീകരിച്ച താമസവീസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. ഫൈസര്‍, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇവയില്‍ ഏതെങ്കിലും വാക്സീന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനാനുമതി. സിനോഫാം, സ്പുട്നിക് ഉള്‍പ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീന് സ്വീകരിച്ചവര്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീന് സ്വീകരിച്ചിരിക്കണം.