ന്യൂഡല്‍ഹി: എ.ടി.എം കവര്‍ച്ചകള്‍ നടത്തിയ പ്രതികള്‍ തെലങ്കാനയില്‍ എത്തിയതായി സംശയം. സെക്കന്തരാബാദിലുള്ള മലയാളി വ്യാപാരികള്‍ അയച്ച ചിത്രങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഭാഗികമായി പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തില്‍ കവര്‍ച്ച നടത്തിയത് ഇവരല്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകീട്ട് സെക്കന്തരാബാദില്‍ സാധനങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സംഘത്തെയാണ് സംശയിക്കുന്നത്. തുടരെയുള്ള എടിഎം കവര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംശയത്തോടെ പലരും അന്വേഷണ സംഘവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ കേരളത്തിന് പുറത്തുനിന്നും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ ഒരു വര്‍ഷം മുമ്പ് അങ്കമാലിയിലെ എടിഎം കൗണ്ടറില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതിയാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ മുഖസാദൃശ്യമാണ് സംശയത്തിന് കാരണം. ബീഹാറില്‍ നിന്നുള്ള സംഘമാണിതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അങ്കമാലി സിഡിഎം കൗണ്ടര്‍ പണം തട്ടിപ്പു കേസിലെ പ്രതിയും രണ്ടു ദിവസം മുമ്പ് നടന്ന എടിഎം കൊള്ളയിലെ പ്രതിയും തമ്മില്‍ സാദൃശ്യമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അങ്കമാലി കേസില്‍ ബീഹാറുകാരായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ പിന്നീട് കോടതിയില്‍ ഹാജരായിട്ടില്ല.
കവര്‍ച്ചാ സംഘത്തിലെ ഏഴു പേരില്‍ മൂന്നു പേരെ മാത്രമാണ് കൊരട്ടിയിലെ സിസിടിവിയില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് ഏഴുപേരെ ചാലക്കുടി ഹൈസ്‌ക്കൂള്‍ പരിസരത്തെ സിസിടിവിയിലാണ് കണ്ടത്. പണം മോഷ്ടിക്കുന്നതിനുള്ള എടിഎം കൗണ്ടറുകള്‍ തെരഞ്ഞെടുക്കാന്‍ നാലുമാസം മുമ്പെ പ്രതികള്‍ മധ്യകേരളത്തില്‍ എത്തിയെന്നാണ് വിവരം. ഇവര്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകള്‍ പൗലീസ് പരിശോധിക്കുകയാണ്. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് മൊബൈല്‍ ടവറുകളിലെ മൊത്തം കോളുകളില്‍ നിന്ന് ചിലത് തെരഞ്ഞെടുത്ത് പരിശോധിക്കുന്നത്.
പ്രതികള്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന ആലപ്പി, ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പൊലീസിന് വിവരങ്ങള്‍ കൈമാറിയെങ്കിലും കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടില്ല. ചാലക്കുടി റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴു പേര്‍ തൃശൂരിലേക്ക് പാസഞ്ചര്‍ ടിക്കറ്റ് എടുത്തതായി റയില്‍വേ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.