കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്: സമരം അട്ടിമറിക്കാൻ വർഗീയ കാർഡിറക്കുന്നു: ആർഡിഓ സർവകക്ഷി യോഗം വിളിച്ചതും സമരക്കാരെ ഭിന്നിപ്പിക്കാൻ: ഡിവൈഎഫ്ഐയിലും ഭിന്നത

18 second read

പത്തനംതിട്ട(ഇളമണ്ണൂര്‍):ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റിനെതിരായ ജനകീയ സമരം അട്ടിമറിക്കാനുള്ള നീക്കം പൂര്‍ണം. സകല വഴികളും ഇതിനായി നോക്കുന്നുണ്ട്. ആധുനിക പ്ലാന്റ് ആയതിനാല്‍ മലിനീകരണമില്ലെന്ന വാദമാണ് ഉടമയ്ക്കുള്ളത്. വര്‍ഗീയ കാര്‍ഡിറക്കിയും ആര്‍ഡിഓയുടെ സര്‍വകക്ഷി യോഗം വഴിയും അട്ടിമറി നീക്കം സജീവമാണ്. ഏതാണ് വിജയിക്കുക എന്നറിയില്ലല്ലോ?

ബിഷപ്പ് ഫ്രാങ്കോയുടെ സഹോദരന്‍ നടത്തുന്ന റെഡ് കാറ്റഗറിയില്‍പ്പെട്ട പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിന് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ എന്തു കൊണ്ട് എന്‍എസ്എസ് നേതാവ് കലഞ്ഞൂര്‍ മധുവിന്റെ ഓറഞ്ച് കാറ്റഗറിയില്‍പ്പെട്ട ടാര്‍ മിക്സിങ് പ്ലാന്റിന് പ്രവര്‍ത്തിച്ചു കൂടാ എന്നാണ് ചോദ്യം. ഈ സമരം ഫ്രാങ്കോയുടെ സഹോദരനെ സഹായിക്കാന്‍ വേണ്ടിയാണോ എന്നും ചോദിക്കുന്നു. സമരക്കാര്‍ ഒറ്റക്കെട്ടായ സാഹചര്യത്തിലാണ് വര്‍ഗീയത വളര്‍ത്തുന്ന പോസ്റ്റുമായി കലഞ്ഞൂര്‍ മധുവിനെ അനുകൂലിക്കുന്നവര്‍ രംഗത്ത് വന്നിരിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതു പോലെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

ആര്‍ഡിഓയുടെ നേതൃത്വത്തില്‍ വിളിച്ചിരിക്കുന്ന സര്‍വ കക്ഷി യോഗമാണ് മറ്റൊന്ന്. 13 നാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് വീതം പ്രതിനിധികളെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. കലഞ്ഞൂര്‍ മധുവുമായി അടുപ്പമുള്ള രണ്ടു നേതാക്കളെ വീതമാകും യോഗത്തില്‍ പങ്കെടുക്കാന്‍ അയയ്ക്കുക. ഇവര്‍ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് മടങ്ങി വരും. എന്നാല്‍, യാതൊരു ഒത്തു തീര്‍പ്പിനും സമരക്കാര്‍ തയാറല്ല. തങ്ങള്‍ക്ക് ഹാനികരമാകുന്ന ഏത് തീരുമാനവും നേതാക്കള്‍ അംഗീകരിച്ചാലും തങ്ങള്‍ അത് വക വച്ചു കൊടുക്കില്ലെന്നും സമരം തുടരുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളും പഞ്ചായത്തംഗങ്ങളും ഒന്നടങ്കം പ്ലാന്റിനെതിരായ സമരത്തിലാണ്. അതേ സമയം, പ്ലാന്റ് യാതൊരു വിധ പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാത്ത ഓറഞ്ച് കാറ്റഗറിയില്‍പ്പെട്ടതാണ് എന്ന വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ് അര്‍ജുന്‍ രംഗത്ത് വന്നിട്ടുണ്ട്. കലഞ്ഞൂര്‍ മധുവിന് വേണ്ടി ഒരു ഫേസ്ബുക്ക് ചാനലിലൂടെയാണ് അര്‍ജുന്റെ വിശദീകരണം. നേരത്തേയുണ്ടായിരുന്ന ടാര്‍ മിക്സിങ് പ്ലാന്റുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന റെഡ് കാറ്റഗറിയില്‍പ്പെട്ടതാണെന്നും ഇപ്പോള്‍ ഇവിടെ വയ്ക്കുന്നത് മലിനീകരണ തോത് കുറഞ്ഞ ഓറഞ്ച് കാറ്റഗറിയില്‍പ്പെട്ടതാണെന്നുമാണ് അര്‍ജുന്‍ പറയുന്നത്. ഇക്കാര്യം ജനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.

കാറ്റഗറി റെഡ് ആണെങ്കിലും ഓറഞ്ച് ആണെങ്കിലും മധുവിന്റെ പ്ലാന്റിന് ഇതു വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടില്ല. നാട്ടുകാരില്‍ നിന്ന് പരാതി ഉയര്‍ന്ന സ്ഥിതിക്ക് അവരില്‍ നിന്ന് പരാതി കേട്ട ശേഷം വേണം അനുമതി നല്‍കാന്‍. അതിന് ബോര്‍ഡ് തയാറാകാത്തതിലും ദുരുഹയത ഉണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…