അടൂര്‍: മണക്കാല താഴത്തുമണ്ണില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. 840 ലിറ്റര്‍ സ്പിരിറ്റും വിദേശമദ്യമാക്കിയ 365 ലിറ്റര്‍ സ്പിരിറ്റുമാണ് പിടികൂടിയത്. 280 ലിറ്റര്‍ കൊള്ളുന്ന വലിയ കാന്‍, 35 ലിറ്റര്‍ കൊള്ളുന്ന കന്നാസ് എന്നിവയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ സ്പിരിറ്റ് വ്യാജ വിദേശമദ്യമാക്കാനുള്ള 14 കുപ്പി, കളര്‍ കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍, കുപ്പിയില്‍ സ്പിരിറ്റ് നിറയ്ക്കാനുള്ള യന്ത്രം എന്നിവയും കണ്ടെടുത്തു. മണക്കാല താഴത്തുമണ്‍ ചുണ്ടോത്ത് വീട്ടില്‍ എബി എബ്രഹാമിന്റെ വീടിനോട് ചേര്‍ന്ന മുറിയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ എബിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് മുന്‍ സിവില്‍ ഓഫീസര്‍ ഹാരി ജോണും സംഭവത്തില്‍ പ്രതിയാണ്. ഇയാള്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഷാഡോ പോലീസാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. അടൂര്‍ സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ. രമേശ്, എസ്.ഐ. ശ്രീജിത്ത്, എസ്.പി.ഒ. പ്രകാശ്, സി.പി.ഒ.മാരായ ഷൈജു, ശ്രീരാജ്, ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐ. രാധാകൃഷ്ണന്‍, സുജിത്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.