നിക്ഷേപകര്‍ കരുതുന്നത് തങ്ങളിടുന്ന പണം സ്ഥിര നിക്ഷേപമെന്ന്: ബ്ലേഡ് കമ്പനികള്‍ നല്‍കുന്നത് പണം സ്വീകരിച്ചത് ഓഹരിയാണെന്ന് കാണിക്കുന്ന എല്‍എല്‍പി സര്‍ട്ടിഫിക്കറ്റ്: അറിയാതെ കെണിയില്‍ വീണവര്‍ക്ക് ഒരു പൈസയും കിട്ടില്ല

16 second read

പത്തനംതിട്ട:വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നപ്പോഴാണ് ബ്ലേഡ് കമ്പനികള്‍ നിക്ഷേപകരെ ചാടിച്ചിരിക്കുന്ന കുഴിയുടെ ആഴം എല്ലാവര്‍ക്കും മനസിലായത്. അതിന് പോപ്പുലര്‍ പൊട്ടുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ പരസ്യമായി വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. 12 ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപം ഇട്ടുവെന്നാണ് പണം കൊടുത്തവര്‍ വിചാരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ കൈയില്‍ കിട്ടിയ രസീതില്‍ പറയുന്നത് ഇതൊരു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് (എല്‍എല്‍പി)ആണെന്നാണ്. പണവും കൊടുത്ത് രസീതും കൈപ്പറ്റിയവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ പോയതാണ് സ്ഥാപനം ഉടമകള്‍ക്ക് തുണയായത്. അവര്‍ കൃത്യമായി 12 ശതമാനം പലിശ നല്‍കിയും പോന്നു. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലേക്ക് (എല്‍എല്‍പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നല്‍കിയിരിക്കുന്നുവെന്നാണ് രസീതില്‍ പറഞ്ഞിരുന്നത്. നിയമപരമായി നോക്കിയാല്‍ ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകന്‍ സഹിക്കണം. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആര്‍ബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ അത് മറികടക്കാനുള്ള മാര്‍ഗം ആലോചിച്ചത്.

കേരളത്തില്‍ നിരവധി സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ നിധി ലിമിറ്റഡുമായി രംഗത്ത് വന്നു. ആര്‍ബിഐ നിയന്ത്രണം വന്നതോടെ പോപ്പുലര്‍ ഫിനാന്‍സ് എട്ട് കടലാസ് സ്ഥാപനങ്ങള്‍ കൂടി തുടങ്ങി. പോപ്പുലര്‍ ട്രേഡേഴ്‌സ്, മൈ പോപ്പുലര്‍ മറൈന്‍ പ്രൊഡക്ട്‌സ് എല്‍.എല്‍.പി, മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്, സാന്‍സ് പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വകയാര്‍ ലാബ്‌സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികള്‍ രൂപീകരിച്ചത്.
സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവര്‍ക്ക് പോപ്പുലര്‍ ഫിനാന്‍സിന്റെ ഒരു രേഖയും നല്‍കിയിരുന്നില്ല. പകരം നല്‍കിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതില്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ് കോണ്‍ട്രിബ്യൂഷന്‍ ടു എല്‍എല്‍പി എന്നാണ് എഴുതിയിരുന്നത്. ഇത് നിക്ഷേപ സര്‍ട്ടിഫിക്കറ്റാണെന്ന് കരുതി നാളെകളില്‍ കിട്ടാന്‍ പോകുന്ന വന്‍ ലാഭമോര്‍ത്ത് പലരും സ്വപ്നങ്ങള്‍ മെനഞ്ഞിരുന്നു. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

ഇതൊരു പോപ്പുലറിന്റെ മാത്രം കഥയല്ല. കേരളമെമ്പാടുമുള്ള മിക്ക ധനകാര്യ സ്ഥാപനങ്ങളും ഈ രീതിയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. അല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ക്കും അധികാരമില്ല. കോര്‍പ്പറേറ്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ കടപ്പത്രം വഴിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. അതിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരവുമുണ്ട്. സാദാ ബ്ലേഡ് കമ്പനികള്‍ ആകട്ടെ സ്വര്‍ണപ്പണയത്തിന്റെ പേര് പറഞ്ഞ് ബോര്‍ഡ് വച്ച് നിക്ഷേപം സ്വീകരിക്കുകയും എല്‍എല്‍പി സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് ചെയ്യുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…