കോഴഞ്ചേരി താലൂക്കില്‍ നിരീക്ഷണത്തിലുള്ളത് മൂന്നു പ്രമുഖ സ്ഥാപനങ്ങള്‍: എല്ലായിടത്തും പ്രതിസന്ധി സൃഷ്ടിച്ചത് കോവിഡും ലോക്ഡൗണും: വകമാറ്റിയ പണം തിരികെ എടുക്കാനോ വരുമാനം ഉണ്ടാക്കാനോ കഴിയാതെ ഉടമകള്‍: വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന പൊട്ടലുകള്‍

16 second read

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ മുക്കിന് മുക്കിന് ബ്ലേഡ് കമ്പനികളാണ്. സ്വര്‍ണപ്പണയമെന്ന് ബോര്‍ഡ് വച്ച് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിക്കുന്നതാണ് ഇവരുടെ പരിപാടി. എന്നാല്‍, സ്വര്‍ണപ്പണയം മാത്രമായി പ്രവര്‍ത്തിക്കുന്നവയുമുണ്ട്. നിക്ഷേപം സ്വീകരിക്കുന്നവര്‍ 12 ശതമാനം പലിശ നല്‍കും. ദേശസാല്‍കൃത ബാങ്കുകളില്‍ കഷ്ടിച്ച് 6.50 ശതമാനം വരെ പലിശ കിട്ടുമ്പോഴാണ് ഇരട്ടിയോളം വാഗ്ദാനം ചെയ്ത് നാട്ടുകാരില്‍ നിന്ന് ലക്ഷങ്ങള്‍ ഇക്കൂട്ടര്‍ കൈക്കലാക്കുന്നത്. കൂടിയ പലിശയെന്ന മോഹനവാഗ്ദാനത്തില്‍ കുടുങ്ങിയാണ് പലരും വീടു വിറ്റും വസ്തു വിറ്റും കിട്ടുന്ന ലക്ഷങ്ങള്‍ ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളില്‍ കൊണ്ടു പോയി നിക്ഷേപിക്കുന്നത്.

കേരള സര്‍ക്കാരിന്റെ ട്രഷറിയില്‍ രണ്ടു വര്‍ഷത്തിന് മുകളിലുളള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ കിട്ടും. അവിടെ പണമിട്ടാലുള്ള കുഴപ്പം നികുതി നല്‍കേണ്ടി വരുമെന്നതാണ്. വാര്‍ഷിക വരുമാനം കൂടുതലുള്ളവര്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയുടെ ഒരു നിശ്ചിത ശതമാനം നികുതിയായി നല്‍കേണ്ടി വരും. രേഖയില്ലാത്ത പണമാണെങ്കില്‍ അതിനും പിടിവീഴും. ഈ പുലിവാല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പലരും ബ്ലേഡ് കമ്പനികളെ ആശ്രയിക്കുന്നത്.

ഇന്നലെ ഈ പരമ്പരയില്‍ സൂചിപ്പിച്ച തിരുവല്ലയിലെ സ്ഥപനത്തിന് പുറമേ കോഴഞ്ചേരി താലൂക്കില്‍ മൂന്നു ധനകാര്യ സ്ഥാപനങ്ങള്‍ കൂടി തകര്‍ച്ചയുടെ വക്കിലാണ്. ഇതിലൊന്ന് കോവിഡിന് മുന്‍പ് തന്നെ തകര്‍ച്ചയുടെ ലക്ഷണം കാണിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മറ്റൊരു സ്ഥാപനവും നിക്ഷേപം തിരികെ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. കോഴഞ്ചേരി കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് സമീപകാലങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തിയിട്ടുണ്ട്. ചെറുതും വലുതുമായ ഇത്തരം സ്ഥാപനങ്ങളില്‍ പലതും രഹസ്യപ്പോലീസ് നിരീക്ഷണം നടത്തി വരികയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ ഇവരൊക്കെ മടിക്കുകയാണ്. നിരവധി ഒഴിവു കഴിവുകളാണ് ഇവര്‍ പറയുന്നത്. സംശയം തോന്നുന്ന നിക്ഷേപകര്‍ ഈ വിവരം പുറത്തു പറയാതെ തങ്ങളുടെ പണം തിരികെ വാങ്ങി തലയൂരാനാണ് ശ്രമിക്കുന്നത്. മറ്റു ചിലര്‍ സ്ഥാപനങ്ങളില്‍ എത്തി ബഹളം കൂട്ടുന്നുണ്ട്. അത്തരക്കാരെ അനുനയിപ്പിച്ച് തിരികെ അയയ്ക്കുന്നുമുണ്ട്.

കോടികള്‍ കൈയിലിട്ട് അമ്മാനമാടിയവരാണ് ഇപ്പോള്‍ കടം വീട്ടാന്‍ കോടികള്‍ തേടി മാര്‍വാഡിക്ക് പിന്നാലെ പോകുന്നത്. നാട്ടുകാര്‍ക്ക് മുന്നില്‍ പുലിയായി നടിക്കുന്ന അത്തരമൊരു ഉടമയുടെ കഥ നാളെ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …