പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു: പക്ഷേ, ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയിട്ടില്ല: ജീവിതം പൊതുജനസേവനത്തിന് ഉഴിഞ്ഞു വച്ചിരുന്നില്ലെങ്കില്‍ ഉന്നത നിലകളില്‍ ഞാന്‍ എത്തുമായിരുന്നു: മനസു തുറന്ന് അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍

18 second read

അടൂര്‍: പന്തളം പ്രതാപന്‍. അതാണ് അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പേര്. പേരില്‍ മാത്രമാണ് പന്തളം പ്രതാപനൊപ്പമുള്ളത്. കാരണം, പ്രതാപന്‍ എല്ലാവരുടേതുമാണ്. എല്ലായിടത്തുമുണ്ട്. കാരണം അദ്ദേഹമൊരു പൊതുപ്രവര്‍ത്തകനാണ്. സ്വന്തമായി കക്ഷി രാഷ്ട്രീയമുള്ളയാള്‍. പക്ഷേ, പൊതുജന സേവനത്തില്‍ ആ കക്ഷി രാഷ്ട്രീയം കലരില്ല. അതുകൊണ്ടാണ് അദ്ദേഹം പന്തളം പഞ്ചായത്തിന്റെ പ്രസിഡന്റായത്. രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവും ഒരു തവണ വൈസ് പ്രസിഡന്റുമായത്.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് പ്രതാപന്‍ അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായത്. അതു വരെ കോണ്‍ഗ്രസുകാരനായിരുന്നയാള്‍. കോണ്‍ഗ്രസ് പാര്‍ട്ടി ജീവശ്വാസമായി കണ്ടിരുന്ന കുടുംബത്തില്‍ നിന്നാണ് വരവ്. മൂത്ത സഹോദരന്‍ പന്തളം സുധാകരന്‍ കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് സംസ്ഥാന മന്ത്രിയായി. പന്തളം എന്‍എസ്എസ് ബോയ്‌സ് സ്‌കൂളില്‍ കെഎസ്‌യുവിലൂടെയാണ് പ്രതാപന്‍ പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1978 ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. യൂണിറ്റ് സെക്രട്ടറിയായി, താലൂക്ക് കമ്മറ്റി അംഗമായി, ആലപ്പുഴ ജില്ലാ കമ്മറ്റിയംഗമായി. പ്രീഡിഗ്രി പന്തളം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ റെപ് ആയി. തിരുവനന്തപുരം ലോ കോളജില്‍ ചേരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹി ആയി. സംസ്ഥാന വൈസ് പ്രസിഡന്റുമായി. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ഡിസിസി അംഗവുമായിരുന്നു. അഭിഭാഷക ജോലി പ്രഫഷന്‍ ആയി സ്വീകരിച്ചിട്ടും രാഷ്ട്രീയ-പൊതുപ്രവര്‍ത്തനത്തിന് സമയം കണ്ടെത്തി. 91 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. പന്തളം, അടൂര്‍ കോടതികളില്‍ തിരക്കുള്ള വക്കീലാണ് പ്രതാപന്‍.

പെന്‍ഷന്‍ കിട്ടാത്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പിതാവ് കൊച്ചാദിച്ചന്‍. മന്നത്തിനൊപ്പം വിമോചന സമരത്തില്‍ അദ്ദേഹം പങ്കെടുത്തു. പന്തളം എന്‍എസ്എസ് കോളജില്‍ അറ്റന്‍ഡറായിരുന്നു അദ്ദേഹം. ആദിച്ചന്റെ മരണ ശേഷം മാതാവിന് കോളജില്‍ ജോലി ലഭിച്ചു. പ്രതാപന്റെ ഭാര്യ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറാണ്. മൂന്നു മക്കള്‍: ഒരാള്‍ എംബിബിഎസിന് പഠിക്കുന്നു. മറ്റൊരാള്‍ ലോകോളജിലും ഇളയ ആള്‍ എന്‍ജിനീയറിങിനും പഠിക്കുന്നു.

അടൂര്‍ നിയോജക മണ്ഡലത്തിലെ വ്യക്തി ബന്ധം തുണയ്ക്കുന്ന തികഞ്ഞ വിശ്വാസത്തിലാണ് പ്രതാപന്‍ വോട്ട് തേടുന്നത്. ശബരിമല വിശ്വാസികളോടുള്ള സര്‍ക്കാരിന്റെ ക്രൂരത പന്തളം മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യഥാര്‍ഥ വിശ്വാസ സംരക്ഷകരായ ബിജെപിക്കൊപ്പമാകും ജനം നിലയുറപ്പിക്കുക എന്ന് പ്രതാപന്‍ പറഞ്ഞു. പന്തളം നഗരസഭയിലുണ്ടായ ഭരണ മാറ്റം അതിന്റെ ലക്ഷണമാണ്. മണ്ഡലത്തിലാകെ പുത്തനുണര്‍വാണ് എന്‍ഡിഎയ്ക്കുള്ളത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വോട്ടുറപ്പിച്ച് മുന്നോട്ടു പോകുന്നു. ജനങ്ങളുടെ പ്രതികരണം ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…