അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍

17 second read

ന്യൂഡല്‍ഹി: രണ്ടുമാസം പിന്നിട്ട ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കര്‍ഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി.

ഡല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഞായറാഴ്ചവരെ റദ്ദാക്കി. ഹരിയാണയിലെ 17 ജില്ലയിലും ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നാണ് അഭ്യൂഹം.

കര്‍ഷകസമരത്തിനുപിന്നിലുള്ള ചില എന്‍.ജി.ഒ.കള്‍ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റിപ്പബ്ലിക്ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമം കാട്ടിയവര്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചാണ് ആദ്യഘട്ടത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. അടിസ്ഥാനമാക്കിയാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമികാന്വേഷണത്തിനുശേഷം കള്ളപ്പണ നിയന്ത്രണ നിയമപ്രകാരം നടപടികളെടുക്കും. അടുത്തകാലത്ത് സജീവമായ ചില ഹവാല ഓപ്പറേറ്റര്‍മാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ട്രാക്ടര്‍ റാലിയെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഡല്‍ഹി പോലീസും കര്‍ശനനടപടി തുടരുകയാണ്. ഇതുവരെ 84 പേരെ അറസ്റ്റുചെയ്തു. കലാപത്തിനും പൊതുസ്വത്ത് നശിപ്പിച്ചതിനും വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത 38 കേസിലാണ് നടപടി. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി. ചെങ്കോട്ടസംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തരന്‍ താരന്‍ സ്വദേശികളായ ജുഗ്രാജ് സിങ്, നവ്പ്രീത് സിങ് എന്നിവര്‍ക്കായി ശനിയാഴ്ച ജലന്ധറിലെ ബസ്തിബാവ ഖേല്‍ മേഖലയില്‍ തിരച്ചില്‍ നടന്നു. ഫൊറന്‍സിക് വിദഗ്ധര്‍ ശനിയാഴ്ച ചെങ്കോട്ടയിലെത്തി തെളിവെടുപ്പുനടത്തി.
അതിനിടെ, സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …