ജാമ്യമില്ലാ വകുപ്പൊക്കെ വെറും പ്രഹസനം: ആറു തൊഴിലാളികളുടെ അറസ്റ്റിന്റെ മറവില്‍ കരിക്കിനേത്ത് ജോസണ്ണനെ രക്ഷിക്കാന്‍ പൊലീസിന്റെ ഉന്നതതല നീക്കം: ഒളിവിലുള്ള ജോസണ്ണന്‍നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശമില്ല..

17 second read

അടൂര്‍: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പഞ്ഞിക്കിട്ട കേസില്‍ കരിക്കിനേത്ത് തുണിക്കട ഉടമ ജോസിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഉന്നതതല നീക്കം. ജാമ്യമില്ലാ വകുപ്പിട്ട് എടുത്തിരിക്കുന്ന കേസില്‍ ജോസിന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള വഴി ഒരുക്കിയിരിക്കുകയാണ് പൊലീസ്. അടി കൊണ്ട സഹപ്രവര്‍ത്തകരെക്കാള്‍ വലുത് കരിക്കിനേത്ത് ജോസിന്റെ പണമാണെന്ന തിരിച്ചറവില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു പൊലീസ് സേന.
ജനുവരി ഒന്നിന് രാവിലെയാണ് അടൂര്‍ കെആര്‍എം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കരിക്കിനേത്ത് തുണിക്കടയുടെ സമീപം വച്ച് ജോസിന്റെ കടയിലെ തൊഴിലാളികളായ ഗുണ്ടകള്‍ അടൂര്‍ സ്റ്റേഷനിലെ എഎസ്ഐ കെബി അജി, സിപിഓ പ്രമോദ് എന്നിവരെ മര്‍ദിച്ചത്.

തുണിക്കടയുടെ സമീപം പുതുതായി തുടങ്ങുന്ന മൈജി മൊബൈല്‍ ഷോപ്പിന്റെ ബോര്‍ഡ് സ്ഥാപിക്കാന്‍ വന്ന കരാര്‍ തൊഴിലാളികളെ കരിക്കിനേത്ത് ജീവനക്കാര്‍ തടയുന്നുവെന്ന പരാതിയിലാണ് എഎസ്ഐയും സിപിഓയും അവിടെ എത്തിയത്. ഏണിയില്‍ കയറി നില്‍ക്കുന്ന കരാര്‍ ജീവനക്കാരെ തള്ളി താഴെയിടാന്‍ കരിക്കിനേത്ത് ഗുണ്ടകള്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഏഴംകുളം ചക്കനാട്ട് കിഴക്കേതില്‍ രാധാകൃഷ്ണന്‍ (52), കൊടുമണ്‍ ഐക്കാട് മണ്ണൂര്‍ വീട്ടില്‍ ഹരികുമാര്‍ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടില്‍ ശാമുവേല്‍ വര്‍ഗീസ് (42), ഏറത്ത് നടക്കാവില്‍ വടക്കടത്തു കാവ് താഴേതില്‍ വീട്ടില്‍ പി.കെ.ജേക്കബ് ജോണ്‍ (40), താമരക്കുളം വേടര പ്ലാവു മുറിയില്‍ കല്ലു കുറ്റിയില്‍ വീട്ടില്‍ സജൂ (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടില്‍ അനീഷ് (25) എന്നിവഎന്നിവര്‍ യാതൊരു ഭയവും ഇല്ലാതെ പൊലീസുകാരെ മര്‍ദിച്ചത്. സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പൊലീസല്ല, ആരു വന്നാലും അവിടെ ബോര്‍ഡ് വയ്ക്കാന്‍ സമ്മതിക്കരുതെന്ന് മുതലാളി പറഞ്ഞതു കൊണ്ടാണ് മര്‍ദിച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഇതോടെ ജോസിനെ ഒന്നാം പ്രതിയാക്കി 10 പേര്‍ക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. കൈയില്‍ കിട്ടിയ ആറു പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ എല്ലാം കഴിഞ്ഞ മട്ടാണ്. ജോസിനെ തേടി പോകാനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ പൊലീസ് തുനിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് നിര്‍ദേശമൊന്നും മുകളില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

പൊലീസുകാരെ മര്‍ദിച്ച കേസ് ആയിട്ടു കൂടി അതില്‍ അറസ്റ്റും മറ്റും നടപടികളും വേഗത്തിലാക്കാന്‍ യാതൊരു പ്ലാനും നിലവില്‍ ഇല്ല. കരിക്കിനേത്ത് ജോസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. സാധാരണ നിലയില്‍, 332 വകുപ്പ് ചേര്‍ത്തിട്ടുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ഒരു ശ്രമം നടത്തുകയാണ്. അതിനിടെ ജോസിനെ അകാരണമായി പ്രതി ചേര്‍ത്തുവെന്നൊരു പ്രചാരണം പൊലീസില്‍ ചിലര്‍ തന്നെ നടത്തുന്നുണ്ട്. എന്നാല്‍, മുതലാളി പറഞ്ഞിട്ടാണ് തങ്ങള്‍ മര്‍ദിച്ചതെന്ന തൊഴിലാളികളുടെ മൊഴിയാണ് ജോസിനെ കുരുക്കിയത്.

ഇത് പോലീസിനെ മര്‍ദിച്ച വെറുമൊരു കേസാണ്. സ്വന്തം തൊഴിലാളിയെ ചവിട്ടി വാരിയെല്ലൊടിച്ച് കൊലപ്പെടുത്തിയ ജോസിനെ അന്ന് ജയിലില്‍ കിടക്കാതെ സംരക്ഷിക്കാന്‍ നോക്കിയവരാണ് കേരളാ പൊലീസ്. നാടിനെ നടുക്കിയ നിഷ്ഠുരമായ ആ കൊലപാതകം നടന്നിട്ട് ഏഴു വര്‍ഷമായി. ഇതുവരെ അതിന്റെ വിചാരണ ആരംഭിക്കാതെ നിയമസംവിധാനങ്ങളെ പോലും ഇയാള്‍ വിലയ്ക്ക് എടുത്തു കഴിഞ്ഞു. സമാന രീതിയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തിയ നിഷാം എന്ന വ്യവസായി ഇപ്പോള്‍ അഴിക്കുള്ളിലാണ്. ആ കേസില്‍ ഉടനടി വിചാരണ നടന്നു. കരിക്കിനേത്ത് കേസില്‍ ഒരു നടപടിയുമില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …