സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

18 second read

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ വിചാരണ നേരിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.

സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് വിധിച്ചത്. തിരുവനന്തപുരം സിബിഐ. പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ചു ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ചു കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം.

ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സിബിഐ. കോടതിയില്‍ ഹാജരായിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോയ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മൂന്നാം പ്രതിയായ സെഫി ഇരയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി.

കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ. പ്രത്യേക കോടതി വിധിച്ചത്.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ശിക്ഷാ വിധി. പ്രതികള്‍ക്ക് ഇനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അതു ചെയ്യുമെന്നാണ് സൂചന.

പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും ഒന്നാം പ്രതി കോട്ടൂരിന്റെ അര്‍ബുദ രോഗവും കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയതെന്നാണ് വിലയിരുത്തല്‍. അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണു കേസില്‍ ശിക്ഷാ വിധി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്ത്ത്ത്ത്ത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി. ഇതില്‍ പുതൃക്കയലിനെ വീണ്ടും കേസില്‍ പ്രതിയാക്കാന്‍ സാധ്യതയുണ്ട്. ഇതിന് വേണ്ടി സുപ്രീംകോടതിയെ സിബിഐ സമീപിക്കും,

കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്.
2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…