സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട: പാചകവാതക സിലിണ്ടര്‍ ടൈംബോംബിന് സമാനം..

18 second read

കൊച്ചി: അടുക്കളകളില്‍ എത്തുന്ന ഗ്യാസ് സിലിണ്ടറുകളില്‍ അപകട സാധ്യത ഉള്ളതിന്റെ അളവ് ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലം വരെ ഇതിന്റെ അളവ് .01 ആയിരുന്നെങ്കില്‍ ഇപ്പോഴത് .1 മുതല്‍ ഒരു ശതമാനം വരെ ആയിട്ടുണ്ടെന്ന് പാചക വാതക വിതരണക്കാര്‍ തന്നെ പറയുന്നു. അടുക്കളയില്‍ അവശ്യവസ്തുവാണ് പാചക വാതകം എങ്കിലും ടൈംബോംബിന് സമാനമാണ് പലതിന്റെയും അവസ്ഥ. അടുത്തിടെ നിരവധി അപകടങ്ങള്‍ ആണ് സിലിണ്ടര്‍ മൂലം ഉണ്ടാകുന്നത്.

പത്തനംതിട്ട കുഴിക്കാലാ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പാള്‍ കഴിഞ്ഞ ദിവസം മരിച്ച അപകടവും സമാനമായിരുന്നു. ഇത് ഉപഭോക്താവിന്റെ തലയിലേക്ക് വയ്ക്കുകയാണ് പതിവ്. എന്നാല്‍ സിലിണ്ടറിന്റെ ചോര്‍ച്ച ശ്രദ്ധിക്കാത്തതും പ്രധാന കാരണം തന്നെയാണ്. അപകടങ്ങള്‍ക്ക് മുഖ്യ കാരണം ഫില്ലിങ് കേന്ദ്രങ്ങളിലെ പിഴവാണെന്ന് പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും വരുന്ന ലോഡില്‍ ഇതിന്റെ അളവ് വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 306 സിലിണ്ടര്‍ ഉള്ള ഒരു ലോഡില്‍ ഒരെണ്ണത്തിനായിരുന്നു മുന്‍ കാലങ്ങളില്‍ പിഴവ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് നാല് മുതല്‍ പത്തു വരെ എത്തി നില്‍ക്കുന്നു. സിലിണ്ടറിന്റെ മുകളില്‍ ചോര്‍ച്ച ഉണ്ടോ എന്ന് പരിശോധിച്ചാണ് വീടുകളില്‍ ഏജന്‍സികള്‍ എത്തിക്കുന്നത്.എന്നാല്‍ സിലിണ്ടറിന്റെ കാലപ്പഴക്കം മൂലം അടിയിലും വശങ്ങളിലും വരെ ചോര്‍ച്ച
ഉണ്ടാകാറുണ്ട്.

ഒരു രാത്രി മുഴുവന്‍ അടച്ചിട്ടിരിക്കുന്ന അടുക്കളയില്‍ കുമിളകളായി എത്തുന്ന വാതകം നിറയുമ്പോള്‍ പുലര്‍ച്ചെ ലൈറ്റ് ഇട്ടാല്‍ അപകടം ഉറപ്പാണ്. ഗ്യാസിന്റെ ഗന്ധം ഉണ്ടായാലും വെളിച്ചം ഇട്ട് പരിശോധിക്കാനാകും മിക്ക വീട്ടമ്മമാരും ശ്രമിക്കുക. ഇതിലൂടെ വലിയ അപകടമാകും ഉണ്ടാവുക. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിന്റെ നിയമാവലി മുഴുവന്‍ പഠിച്ചു പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആരും ഉണ്ടാകാറില്ല. ഇതിനുള്ള പരിശീലനം കമ്പനികളുടെ ഭാഗത്തു നിന്നും നല്‍കുന്നുമില്ല. ഓരോ അപകടംഉണ്ടാകുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുകയും മുന്‍ കരുതല്‍, പരിശോധന തുടങ്ങിയവ ആവശ്യപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഇതിനൊന്നും കാര്യമായ ശ്രദ്ധയും മൂല്യവും നല്‍കാറില്ലെന്നാണ് തുടര്‍ അപകടങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. വിതരണ കേന്ദ്രത്തിലേക്ക് വാഹനങ്ങളില്‍ കയറ്റുന്നതിന് മുന്‍പുള്ള പരിശോധന മിക്കയിടത്തും കൃത്യമായി നടക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. മടങ്ങി എത്തുന്ന സിലിണ്ടര്‍ പരിശോധിക്കാതെ തന്നെ വീണ്ടും നിറച്ചു വാഹനങ്ങളിലേക്ക് കയറ്റുകയാണ്.

ലോഡ് ചെയ്യുന്നത് കരാര്‍ തൊഴിലാളികളാണ്. ഇവര്‍ക്ക് ഇതിനു ലഭിക്കുന്ന കൂലി വാങ്ങി ഏല്‍പിച്ച ജോലി ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമേയുള്ളു. ഉപയോഗിച്ച ശേഷം വിതരണ കേന്ദ്രങ്ങളില്‍ നിന്നും മടങ്ങി എത്തുന്ന സിലിണ്ടറുകള്‍ക്ക് പരിശോധന നടത്താനുള്ള സംവിധാനം എല്ലാ കമ്പനികളുടെയും നിറക്കല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷാ മാനദണ്ഡമാണ് ഇവര്‍ ഇതിനായി നല്‍കിയിരിക്കുന്നതും. ഇത് നടപ്പിലാക്കേണ്ടവരുടെ ഭാഗത്തെ വീഴ്ചയാണ് ജീവനുകള്‍ അപഹരിക്കുന്ന അപകടങ്ങള്‍ക്ക് വഴിമരുന്നാകുന്നത്. ഒരു മിനുട്ടില്‍ നാല് കുമിളകള്‍ വരെ ഓരോ സിലിണ്ടറുകളിലും ഉണ്ടാകാമെങ്കിലും ഇത് വര്‍ധിച്ചു അറുപത് വരെയാണ് പലതിലും കാണുന്നത്. തൂക്കത്തിലും ഇത്തരത്തില്‍ രണ്ട് കിലോയുടെ വരെ കുറവ് അടുത്ത കാലത്തായി കണ്ടു വരുന്നുണ്ടത്രേ. 14 കിലോയുടെ സിലിണ്ടര്‍ 12 ആയാണ് എത്തുക. അളവ് തൂക്ക വകുപ്പ് പരിശോധന നടത്തുമ്പോള്‍ പലയിടത്തും വിതരണക്കാരാണ് പ്രതികളാകുക.

ഫില്ലിങ് കേന്ദ്രങ്ങളില്‍ ഇതേ വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട്കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. ഇങ്ങനെ പല തരത്തില്‍ അപാകതകള്‍ ഉള്ള സിലിണ്ടറുകളാണ് ഉപഭോക്താവിന്റെ പക്കലേക്ക് എത്തുന്നത്. ഒന്നിലധികം സിലിണ്ടര്‍ ഉള്ളവര്‍ ദിവസങ്ങള്‍ കഴിഞ്ഞാകും അടുത്തത് ഉപയോഗത്തിനായി എടുക്കുക. അപ്പോഴാകും സിലിണ്ടര്‍ ചോര്‍ച്ചയോ മറ്റ് അപാകതകളോ മനസിലാകുക. എങ്കിലും പലരും അവശ്യ വസ്തുവായ പാചക വാതകം ഒഴിവാക്കാന്‍ കഴിയാത്തതു മൂലം ഉപയോഗത്തിനായി എടുക്കും. ഇത് പലപ്പോഴും കൂടുതല്‍ അപകടങ്ങള്‍ക്ക് വഴി വയ്ക്കും. വാതകം ഉപയോഗിക്കുന്നതിനെ കുറിച്ച് ഉപഭോക്താവില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടികള്‍
സംഘടിപ്പിക്കുന്നതിനൊപ്പം പ്ലാന്റുകളിലെ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയാണ് അപകടങ്ങള്‍ കുറക്കാന്‍ അനിവാര്യമായുള്ളത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …