വാഷിങ്ടന്‍: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡനെക്കാള്‍ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സര്‍വേകള്‍. എന്നാല്‍, ഫ്‌ലോറിഡയും പെന്‍സില്‍വേനിയയും പോലെ നിര്‍ണായക സംസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാല്‍ ഇലക്ടറല്‍ വോട്ടില്‍ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാന്‍ കഴിഞ്ഞേക്കും.
2016ല്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നിന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍ 30 ലക്ഷം ജനകീയ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ ഇലക്ടറല്‍ വോട്ടില്‍ മുന്നിലെത്തിയ ട്രംപ് പ്രസിഡന്റായി. 538 ഇലക്ടറല്‍ വോട്ടില്‍ 270 ആണു ഭൂരിപക്ഷത്തിനു വേണ്ടത്.