കരിക്കിനേത്ത് കൊലക്കേസ് ; ജോസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു :ദിലീപും നടി അമലാ പോളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത അടൂരിലെ കരിക്കിനേത്ത് സില്‍ക്സ് ഗലേറിയ വില്പനയ്ക്ക്..!

16 second read

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍, ധാര്‍മികത പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, എന്തിന് നിയമ സംവിധാനങ്ങളെ വരെ വിലയ്ക്ക് എടുത്താണ് കരിക്കിനേത്ത് ജോസ് കൊലപാതക കേസില്‍ നിന്ന് താല്‍കാലികമായി രക്ഷപ്പെട്ടു നില്‍ക്കുന്നത്. ലക്ഷങ്ങള്‍ വാരി വിതറിയിട്ടും ജോസ് അകത്തായി. തുടര്‍ നടപടികള്‍ വൈകിപ്പിക്കാന്‍ ഇപ്പോഴും പണം വാരിയെറിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, അത് കരിക്കിനേത്ത് കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു. സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. നല്‍കാന്‍ പണം ഇല്ലാത്ത ഒരു അവസ്ഥ വരുമ്പോള്‍ ജോസ് അടിയറവ് പറയേണ്ടി വരും.

ആലപ്പുഴക്കാരനായ വക്കീലിന്റെ നേതൃത്വത്തിലാണ് കരിക്കിനേത്ത് കേസ് അട്ടിമറിക്കാന്‍ ക്വട്ടേഷന്‍ എടുത്തത്. പെട്ടിക്കുള്ളില്‍ ലക്ഷങ്ങളുമായി ജോസിന്റെ കൈയാളുകളും കറങ്ങി നടന്നു. പക്ഷേ, നടുവ് നിവര്‍ത്തി നിന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചങ്കൂറ്റം എല്ലാം വൃഥാവിലാക്കി. പൊലീസിന്റെ നീക്കങ്ങള്‍ എല്ലാം മുന്‍കൂട്ടിയറിഞ്ഞ് അയാള്‍ ഫ്രീ ലാന്‍സായി റിപ്പോര്‍ട്ട് ചെയ്തു. കരിക്കിനേത്തിന് എതിരേ വാര്‍ത്ത കൊടുക്കാന്‍ തയാറായ മുഴുവന്‍ മാധ്യമങ്ങള്‍ക്കും അയാള്‍ സ്‌കൂപ്പുകള്‍ നല്‍കി. ജനസമ്പര്‍ക്ക പരിപാടിക്ക് പത്തനംതിട്ടയില്‍ വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ഒരു പത്രം ചോദ്യം ചിഹ്നം പോലെ നിന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു:

മുഖ്യമന്ത്രി അറിഞ്ഞുവോ? യുവാവിനെ മര്‍ദിച്ചു കൊന്ന കേസ്
ജനസമ്പര്‍ക്കത്തിന്റെ പേരില്‍ പോലീസ് കൈക്കൂലി വാങ്ങി ഒതുക്കി

ജനസമ്പര്‍ക്ക പരിപാടിക്ക് വന്ന ആയിരങ്ങളുടെ ഇടയില്‍ ആ പത്രം വിതരണം ചെയ്യപ്പെട്ടു. നാണം കെട്ട് തലകുനിക്കേണ്ടി വരുമെന്ന അവസ്ഥയില്‍ ഗത്യന്തരമില്ലാതെ ഉമ്മന്‍ചാണ്ടി അന്വേഷണ ചുമതല ഐജി ഹേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചു. ജോസ് അറസ്റ്റിലായി. തുടര്‍ന്നാണ് കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി നടന്നത്. ഫലമോ? ഏഴു വര്‍ഷം കഴിഞ്ഞിട്ടും കരിക്കിനേത്ത് കേസ് കോടതി വിളിച്ചിട്ടില്ല. അന്ന് കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങള്‍ ഇനി വായിക്കാം.

പ്രമാദമായ കരിക്കിനേത്ത് കൊലക്കേസില്‍ പ്രതി സ്ഥാനത്ത് നിന്ന് അടൂര്‍ കരിക്കിനേത്ത് ഉടമ ജോസിനെയും സഹോദരന്‍ ജോര്‍ജിനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി എടുത്തത് 10 ലക്ഷം രൂപയായിരുന്നു. അതിന് അനുസരിച്ച് തിരക്കഥയും മെനഞ്ഞു. എന്നാല്‍, ഐജി ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പുതിയ സംഘം അന്വേഷണം നടത്തിയതോടെ പണി പാളി. ജോസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ് പ്രതിയുമായി. കരിക്കിനേത്ത് കുടുംബത്തിന്റെ ബന്ധുവായ ചങ്ങനാശേരിക്കാരനാണ് പത്തനംതിട്ടയില്‍ പൊലീസുദ്യോഗസ്ഥന് 10 ലക്ഷം എത്തിച്ചു കൊടുത്തത്. പിന്നീട് ഇവര്‍ നിശ്ചയിച്ച തിരക്കഥ പ്രകാരം അറസ്റ്റ് നാടകത്തിനും അരങ്ങൊരുങ്ങി.

ജോസിന്റെ ഡ്രൈവറെയും മറ്റ് ചില ഗുണ്ടകളെയും പ്രതിയാക്കി കേസ് ക്ലോസ് ചെയ്യാനായിരുന്നു നീക്കം. കുറ്റം ഏല്‍ക്കുന്നതിന് വേണ്ടി ഡ്രൈവര്‍ക്ക് വന്‍ തുക തന്നെയാണ് ജോസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി ഡ്രൈവറെയും മറ്റു മൂന്നു പേരെയും ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. അന്വേഷണം ഏറ്റെടുത്ത പുതിയ സംഘത്തിലെ ഡിവൈഎസ്പി എന്‍ രാജേഷ് പ്രതികളാക്കാന്‍ കൊണ്ടുവന്നവരെ ഇവിടെ എത്തി ചോദ്യം ചെയ്തു. ആലപ്പുഴക്കാരനായ അഭിഭാഷകന്‍ നല്‍കിയ ക്ലാസ് അനുസരിച്ചായിരുന്നു ഇവരുടെ മറുപടി. ഡിവൈഎസ്പിയുടെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റമേല്‍ക്കാന്‍ വന്നവര്‍ സത്യം തുറന്നു പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ ഓഫറും വിവരിച്ചു. അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നും അറിയിച്ചു.

ഈ നാടകം പാളിയതിന് പിന്നാലെ പ്രത്യേക സംഘം ജോസ് കരിക്കിനേത്തിനെ അറസ്റ്റ് ചെയ്തു.
ഇതോടെ ചങ്ങനാശേരിക്കാരന്‍ ബന്ധു കൊടുത്ത 10 ലക്ഷം വെള്ളത്തിലായി. എന്തായാലും ആള്‍ അകത്തായി. കാര്യം നടക്കാത്ത സ്ഥിതിക്ക് പണം തിരികെ ചോദിക്കാമെന്ന് ബന്ധുവും കരുതി. അങ്ങനെ പത്തനംതിട്ടയിലെത്തി പൊലീസുദ്യോഗസ്ഥനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം തന്നതിന്റെ ഉദ്ദേശ്യം നടക്കാത്ത സാഹചര്യത്തില്‍ തിരികെ വേണമെന്നായിരുന്നു ആവശ്യം.
ഉദ്യോഗസ്ഥന്‍ കൈമലര്‍ത്തി. താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പുതിയ സംഘം വന്നത് തന്റെ കുഴപ്പമല്ല. മാത്രവുമല്ല, ആ പണം കിട്ടിയപ്പോള്‍ തന്നെ ചെലവാകുകയും ചെയ്തു. ഇനി തരാന്‍ നിവൃത്തിയില്ല.10 ലക്ഷം പോയതിന്റെ വിഷമത്തില്‍ ചങ്ങനാശേരിക്കാരന് തിരികെ മടങ്ങേണ്ടിയും വന്നു.

കഥ ഇവിടെ തീരുന്നില്ല. പണം പോയ ചങ്ങാതി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ തിരുവല്ലക്കാരനെ വിളിച്ചു. കാര്യം മുഴുവന്‍ പറഞ്ഞു. ഇരിക്കുന്നത് കേന്ദ്രത്തിലാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പൊലീസുകാരുടെ സ്ഥലം മാറ്റം മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഈ നേതാവായിരുന്നു. ഡിവൈഎസ്പി 10 ലക്ഷം വാങ്ങിയിട്ടും ജോസിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചങ്ങനാശേരിക്കാരന്റെ പരാതി. ഏതു ഡിവൈഎസ്പിയെന്ന് ചങ്ങനാശേരിക്കാരന്‍ പറഞ്ഞിരുന്നില്ല. നേതാവ് വിചാരിച്ചത് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ്പിയാണെന്നായിരുന്നു. പത്തനംതിട്ട ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ രാജേഷ്. പിറ്റേന്ന് തന്നെ രാജേഷിനെ എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് അടിച്ചു. വിവരം അറിഞ്ഞ് പൊലീസില്‍ നിന്നുള്ള സ്നേഹപ്പാര വീണ്ടും നേതാവിന് അടുത്തെത്തി. രാജേഷിന്റെ ഭാര്യ വീട് ആലുവയിലാണ്. എറണാകുളത്തേക്ക് അടിച്ചാല്‍ അതയാള്‍ക്ക് ഗുണകരമാകും. എറണാകുളത്ത് ചെന്ന് ഇറങ്ങുന്നതിന് മുന്‍പ് രാജേഷിന് അടുത്ത ഓര്‍ഡര്‍ എത്തി. വയനാട് ഡിസിആര്‍ബിയിലേക്ക്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പത്തനംതിട്ട എസ്പി പുട്ട വിമലാദിത്യയെയും വെറുതേ വിട്ടില്ല. അദ്ദേഹത്തെയും വയനാട്ടിലേക്ക് അയച്ചു. നക്സല്‍ വേട്ടയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍.


ഈ കേസിന്റെ അവസ്ഥ എന്തായെന്ന് പ്രോസിക്യൂഷനും തിരക്കുന്നില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണ് പ്രോസിക്യൂട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് നിര്‍ദേശം വന്നാല്‍ അവര്‍ക്ക് മിണ്ടാതിരിക്കേണ്ടിയും വരും.
ക്രൂരമായി കൊല്ലപ്പെട്ട കാഷ്യര്‍ ബിജു പി ജോസഫിന് വേണ്ടി നിയമപോരാട്ടം നയിക്കാന്‍ ആരുമില്ല. സ്വന്തം ഭാര്യ പോലും നീതി ആവശ്യപ്പെട്ട് വരുന്നില്ല. രണ്ടു സഹോദരന്മാര്‍ മാത്രം രംഗത്തുണ്ടായിരുന്നു. അവര്‍ക്ക് പക്ഷേ പണമില്ല. ഇതു കാരണം പണക്കാരനായ കരിക്കിനേത്ത് മുതലാളിയെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. കരിക്കിനേത്ത് മുതലാളി ഇനിയും വിലസും. അല്ലെങ്കില്‍ വിലസാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരും നിയമസംവിധാനവും അനുവദിക്കും. വളരെ തെറ്റായ ഒരു സാമൂഹിക സന്ദേശമാണ് ഇത്തരം നടപടികള്‍ നല്‍കുന്നത്.

കരിക്കിനേത്ത് കൊലക്കേസില്‍ വാര്‍ത്ത വരുന്നത് ഒഴിവാക്കാന്‍ ചങ്ങനാശേരിക്കാരന്‍ ബന്ധു അഞ്ചു ലക്ഷം രൂപയുമായിട്ടാണ് ഒരു പത്രം ഓഫീസില്‍ ചെന്നത്. വളരെ ചെറിയ പത്രം. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് വിഷമിക്കുന്ന അവസ്ഥ. എന്നിട്ട് പോലും അതിന്റെ ചീഫ് എഡിറ്റര്‍ ആ തുക വാങ്ങാന്‍ വിസമ്മതിച്ചു. വാര്‍ത്ത കൊടുക്കുന്നത് തുടരുകയും ചെയ്തു. അവരുടെ ശ്രമഫലമായിട്ടാണ് യഥാര്‍ഥ പ്രതി പിടിയിലായത്. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഈ കേസില്‍ അന്ന് അഞ്ചു ലക്ഷം വാങ്ങിയിരുന്നുവെന്ന് പിന്നീട് വിവരം പുറത്തു വന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജോസ് കരിക്കിനേത്തിന് ഏറ്റവും പ്രിയപ്പെട്ട അഭിഭാഷകനെ ജില്ലാ ഗവ പ്ലീഡര്‍ ആക്കാന്‍ നീക്കം നടന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …