ശിവശങ്കരന്‍ അകത്തു പോയാല്‍ പകരം പ്രയോഗിക്കാന്‍ വച്ചിരുന്ന ബ്രഹ്മാസ്ത്രമായിരുന്നു കുമ്മനം രാജശേഖരന് എതിരായ തട്ടിപ്പ് കേസ്: കുമ്മനത്തെ ശരിക്കും കുടുക്കി പരാതിക്കാരന്‍ പൊലീസില്‍ മൊഴി നല്‍കി

16 second read

പത്തനംതിട്ട: സിപിഎമ്മിന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചാണ് കുമ്മനം രാജശേഖരനെതിരേ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന വിവരം പുറത്തു വരുന്നു. കസ്റ്റംസോ ഇഡിയോ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ ഉടനെടുത്ത് പ്രയോഗിക്കാന്‍ വച്ചിരുന്ന ബ്രഹ്മാസ്ത്രമായിരുന്നു കുമ്മനം രാജശേഖരന് എതിരായ തട്ടിപ്പ് കേസ്. ശിവശങ്കര്‍ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിയുടെ രാജി അടക്കം ചര്‍ച്ച വരുമെന്നും ഈ സമയം തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് കുമ്മനത്തെ അറസ്റ്റ് ചെയ്ത് ശ്രദ്ധ തിരിച്ചു വിടാമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എസ്പിക്ക് കിട്ടിയ പരാതി ആറന്മുള പൊലീസിന് കൈമാറുകയും അവിടെ രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഒന്നും തന്നെ ഇത്തരമൊരു പരാതിയെ കുറിച്ച് അറിഞ്ഞിരുന്നതുമില്ല. ആറന്മുള പൊലീസിന് നല്‍കിയിരുന്ന കര്‍ശന നിര്‍ശേദം എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്നായിരുന്നു. ഈ പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയുടെ അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഏല്‍പിച്ചിരുന്നത്. അവരാകട്ടെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പോലും വിവരം മറച്ചു വച്ചു.

വിവരം ചോര്‍ന്നു കിട്ടിയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണമാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും കണക്കു കൂട്ടല്‍ തെറ്റിച്ചത്. ഇതോടെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ ഇടാന്‍ ആറന്മുള പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. എഫ്ഐആര്‍ ഇട്ട വിവരവും രഹസ്യമായി സൂക്ഷിച്ചതാണ്. അതിന് മുന്‍പ് തന്നെ പരാതിക്കാരനില്‍ നിന്നും പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയെ സ്വാധീനിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. ഇന്നലെ വൈകിട്ടാണ് സിപിഎമ്മിന്റെ ജില്ലാ നേതാവ് ഹരികൃഷ്ണനെ കാണാനെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. കുമ്മനത്തിനെതിരേ തങ്ങള്‍ സമരം നയിച്ച് പണം വാങ്ങിത്തരാമെന്നായിരുന്നു നേതാവിന്റെ വാഗ്ദാനം. എന്നാല്‍, തനിക്ക് രാഷ്ട്രീയക്കളിക്ക് താല്‍പര്യമില്ലെന്നും തന്റെ പണം മടക്കി കിട്ടിയാല്‍ മതിയെന്നും പരാതിക്കാരന്‍ അറിയിച്ചു. ഇതോടെ സുവര്‍ണാവസരം കൈവിട്ടുമെന്ന് മനസിലാക്കി സിപിഎം നേതാവ് തിരികെ മടങ്ങുകയായിരുന്നു.

കുമ്മനത്തെ ശരിക്കും കുടുക്കി പരാതിക്കാരന്‍ പൊലീസില്‍ മൊഴി നല്‍കി

പത്തനംതിട്ട: വ്യവസായ സ്ഥാപനത്തിലേക്ക് പാര്‍ട്ണര്‍ ഷിപ്പ് വാഗ്ദാനം ചെയ്ത് കുമ്മനം രാജശേഖരന്‍ അടക്കം 30.70 ലക്ഷം തട്ടിയെന്ന പരാതിയിലുറച്ച് ആറന്മുളയിലെ ജ്യോത്സ്യനായ പുത്തേഴത്ത് ഇല്ലം പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചും അരക്കിട്ടുറപ്പിച്ചും ഹരികൃഷ്ണന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പരാതി കൈവശം ലഭിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്‌കുമാറിനെ മാറ്റി പകരം മലയാലപ്പുഴ എസ്എച്ച്ഓ ബിനുവിന് ചുമതല കൈമാറി. എസ്പി കൈമാറിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പറയുന്നു. അതേ സമയം സന്തോഷ് കോവിഡ് നിരീക്ഷണത്തില്‍ പോയതിനാലാണ് അന്വേഷണം മാറ്റി നല്‍കിയത് എന്നാണ് പൊലീസിന്റെ ഭാഷ്യം.

എസ്പിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചു നിന്നു കൊണ്ടാണ് ഹരികൃഷ്ണന്‍ നമ്പൂതിരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയത്. ഇതോടെ കുമ്മനത്തിന്റെ പങ്ക് കേസില്‍ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ പത്രസമ്മേളനം നടത്തി കുമ്മനം നിഷേധിച്ച കാര്യങ്ങള്‍ കളവാണെന്നാണ് ഹരികൃഷ്ണന്റെ മൊഴി. കുമ്മനം പറഞ്ഞിട്ട് തന്നെയാണ് താന്‍ പണം നിക്ഷേപിച്ചത് എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഹരികൃഷ്ണന്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പില്‍ കുമ്മനത്തിന്റെ പിഎ പ്രവീണ്‍ വി പിള്ളയുടെയും മറ്റു മുഴുവന്‍ പ്രതികളുടെയും പങ്കിനെ കുറിച്ച് ശക്തമായ മൊഴി തന്നെയാണ് നമ്പൂതിരി നല്‍കിയിട്ടുള്ളത്.

ആറന്മുള പൊലീസ് പരാതി വച്ചു താമസിപ്പിച്ചത് എന്തു കാരണത്താലാണ് എന്നതിനെ കുറിച്ച് എസ്പി അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളതായും അറിയുന്നു. സിപിഎമ്മിന്റെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ട്. അതേ സമയം, കുമ്മനത്തെയും സംഘത്തെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ കേസിലെ രണ്ടാം പ്രതി മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. പണം വാങ്ങിയിട്ടുണ്ടെന്നും താന്‍ അത് തിരിച്ചു നല്‍കുമെന്നുമാണ് രണ്ടാം പ്രതി വിജയന്‍ പറയുന്നത്. കുമ്മനത്തിന്റെ പങ്ക് ഇയാള്‍ നിഷേധിച്ചിട്ടുമില്ല. കുമ്മനത്തിനെതിരായ കേസ് വീണു കിട്ടിയ ആയുധമാക്കി സിപിഎം പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. ശിവശങ്കറിനെതിരായ കേസ് മുന്നോട്ടു പോവുകയും മുഖ്യമന്ത്രിക്ക് എതിരായ കുറുക്ക് മുറുകുകയും ചെയ്യുന്നതോടെ വിഷയം ആളിക്കത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു തരത്തിലും കുമ്മനത്തെ കേസില്‍ നിന്നൊഴിവാക്കാന്‍ സാധിക്കാത്ത തരത്തിലാകും അന്വേഷണം നടക്കുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …