4 ജി എന്ന് പറഞ്ഞ് മിക്കയിടത്തും ലഭ്യമാക്കുന്നത് 2 ജി: വിളിച്ചാല്‍ പലപ്പോഴും റേഞ്ച് കിട്ടാറില്ല: വോഡാഫോണ്‍-ഐഡിയ (വി ഐ) ഉപേക്ഷിക്കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു: വലിയ അവകാശവാദമൊന്നും ഇല്ലാത്ത ബിഎസ്എന്‍എല്‍ കൈവശം ഉള്ള 3 ജി സര്‍വീസ് മാന്യമായി നല്‍കുന്നു

17 second read

കൊച്ചി: സേവനത്തിലെ പാളിച്ചകളും മണിക്കൂറുകളോളം നീണ്ട നെറ്റ്വര്‍ക്ക് തകരാറും മൂലം വോഡാഫോണ്‍-ഐഡിയ (വിഐ) ഉപേക്ഷിക്കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. ആകര്‍ഷകമായ പ്ലാനുകള്‍ ഒന്നും തന്നെ ഇല്ലാതെയും 4 ജി എന്നു പറഞ്ഞ് 2 ജി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുവെന്നുമുള്ളതടക്കം നിരവധി പരാതികള്‍ നിലനില്‍ക്കേയാണ് കൂനിന്മേല്‍ കുരു പോലെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം വിഐ സേവനം നിലച്ചത്. തങ്ങളുടെ ഫൈബര്‍ കേബിളുകള്‍ ആരോ ബോധപൂര്‍വം തടസപ്പെടുത്തിയതാണ് എന്ന വിശദീകരണവുമായി കമ്പനി ബിസിനസ് ഹെഡ് പത്രപരസ്യം നല്‍കിയിട്ടുണ്ടെങ്കിലും കസ്റ്റമേഴ്സിന് അതൊന്നും അത്ര ബോധ്യമായിട്ടില്ല. ഏറ്റവും കുറഞ്ഞ ഓഫറുകളും തൊട്ടാല്‍ പായുന്ന 4 ജി സേവനവുമായി റിലയന്‍സ് ജിയോ കുതിക്കുമ്പോഴാണ് ഇനിയും പൂര്‍ണമായും 4 ജി യിലേക്കെത്താന്‍ കഴിയാതെ വിഐ കിതയ്ക്കുന്നത്. 4 ജി സേവനമെന്നത് പരസ്യത്തില്‍ കണ്ട് സ്വയം സമാധാനിക്കാന്‍ മാത്രമാണ് പലപ്പോഴും കഴിയുന്നത്.

പ്രധാന ടൗണുകളില്‍ പോലും മിക്കപ്പോഴും 4 ജി സേവനം ഇവയ്ക്ക് കിട്ടാറില്ല. വലിയ അവകാശവാദമൊന്നും ഇല്ലാത്ത ബിഎസ്എന്‍എല്‍ ആകട്ടെ തങ്ങളുടെ കൈവശം ഉള്ള 3 ജി സര്‍വീസ് മാന്യമായി നല്‍കുന്നുമുണ്ട്. ആകര്‍ഷകമായ നിരവധി കാള്‍ പാക്കേജുകള്‍ ബിഎസ്എന്‍എല്ലിനുമുണ്ട്. ഇവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വിഐ യുടെ പ്ലാനുകള്‍ അത്ര മെച്ചമല്ല. വാഗ്ദാനം ചെയ്യുന്ന 4 ജി സ്പീഡ് ഒരിക്കലും ലഭിക്കാറുമില്ല. മിക്കവാറും ഉപയോക്താക്കള്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ച് പരാതിപ്പെടുന്നുമുണ്ട്.

അങ്ങനെയിരിക്കേയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം വിഐ സേവനം തടസപ്പെട്ടത്. അത് എന്തു കൊണ്ടാണ് എന്ന് വ്യക്തമായ വിശദീകരണം നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുമില്ല. ഞങ്ങള്‍ വിലമതിക്കുന്നു, താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു എന്ന തലക്കെട്ടോടു കൂടി പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുകയാണ് വിഐയുടെ കേരള, തമിഴ്നാട് ബിസിനസ് ഹെഡ് എസ്. മുരളി. ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വമായി തടസപ്പെടുത്തിയത് ഞങ്ങളുടെ കണക്ടിവിറ്റിയെ ബാധിക്കുകയും അതു കാരണം കേരളത്തിലെ ചില ഭാഗങ്ങളില്‍ ഞങ്ങളുടെ സേവനത്തിന് തടസം നേരിടുകയും ചെയ്തു. തകരാറുകള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും പരസ്യത്തില്‍ പറയുന്നു. ഒരു നിമിഷം പോലും ഇന്റര്‍നെറ്റ് സേവനം മുടങ്ങുന്നത് സഹിക്കാന്‍ കഴിയാത്ത മലയാളികള്‍ ഇതിനോടകം മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ചേക്കേറിയെന്നതാണ് വാസ്തവം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …