തിരുവല്ലയില്‍ നിന്ന് പിടിയിലായ നോട്ടിരട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയുടെ മൊഴി അട്ടിമറിച്ചത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്രഇന്റലിജന്‍സും അന്വേഷണം തുടങ്ങി

16 second read

അടൂര്‍: തിരുവല്ലയില്‍ നിന്ന് പിടിയിലായ നോട്ടിരട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയുടെ മൊഴി അട്ടിമറിച്ചത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും കേന്ദ്രഇന്റലിജന്‍സും അന്വേഷണം തുടങ്ങി. അനില്‍കുമാര്‍ എന്നയാള്‍ ആറു ലക്ഷം രൂപ ഇരട്ടിപ്പിനായി കൊണ്ടുവന്നിരുന്നുവെന്ന മുഖ്യപ്രതിയുടെ മൊഴിയാണ് എംഎല്‍എയ്ക്ക് വിനയായിരിക്കുന്നത്. ഇയാള്‍ എംഎല്‍എയുടെ അടുപ്പക്കാരനാണെന്നും അന്വേഷണത്തില്‍ എംഎല്‍എ ഓഫീസും കൊണ്ടു വരണം എന്നാവശ്യപ്പെട്ട് എസഡിപിഐ പ്രക്ഷോഭം തുടങ്ങിയിരിക്കുകയാണ്. കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന തന്നെയും കുടുംബത്തെയും താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വാദവുമായി എംഎല്‍എയും രംഗത്ത് വന്നു.

തിരുവല്ല കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്പ് സംഘങ്ങളുമായി തന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ചമഞ്ഞ് ചിലര്‍ ടെലിഫോണ്‍ ബന്ധം നടത്തിയതായി പത്രവാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞുവെന്നും ഈ വ്യാജ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധപൂര്‍വം മറച്ചു വച്ച് ചില സംഘടനകള്‍ എതനിക്കെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എംഎല്‍എ അറിയിച്ചു.

കള്ളനോട്ട് കേസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ അടൂര്‍ മേഖല കമ്മിറ്റി എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടത്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടല്‍ ഉണ്ടാകാത്ത ഏജന്‍സി അന്വേഷണം നടത്തണം. പ്രതികളുടെ ഫോണ്‍ കോളുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകാര്‍ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എംഎല്‍എയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണം. തട്ടിപ്പിനായി എംഎല്‍എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണന്നും അന്‍സാരി ഏനാത്ത് പറഞ്ഞു.

തന്റെ പേഴ്സണല്‍ അസിസ്റ്റന്റ് തിരുവനന്തപുരത്തെ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ കേഡറില്‍ ഉള്ള പി. ബൈജുവാണ് എന്ന് എംഎല്‍എ പറയുന്നു. കൂടാതെ അഡീഷണല്‍ സ്റ്റാഫ് ആയി മണ്ഡലത്തിലെ ഓഫീസിന്റെ ചുമതലക്കാരനായ അഡ്വ.അച്യുതനും ഡ്രൈവറായ വേണുഗോപാലും അല്ലാതെ മറ്റു ജീവനക്കാര്‍ ഒന്നും തന്നെ ഇക്കഴിഞ്ഞ ഒമ്പതു വര്‍ഷമായി തനിക്കില്ലാത്തതാകുന്നു. ഈ മൂന്ന് ജീവനക്കാര്‍ അല്ലാതെ മറ്റു സ്റ്റാഫുകള്‍ എനിക്കില്ല എന്ന വിവരം അടൂര്‍ മണ്ഡലത്തിലെ പൊതുസമൂഹത്തിനാകെ വ്യക്തമായി അറിവുള്ളതാണ്. എന്നിരിക്കെ അനില്‍കുമാര്‍ എന്ന പേരിലുള്ള ഒരു വ്യക്തി അടൂര്‍ എംഎല്‍എയുടെ പിഎ എന്ന പേരില്‍ തട്ടിപ്പ് നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്തയുടെ വ്യക്തത വരുത്തുന്നതിനായി അടിയന്തര നിയമാനുസൃത അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി അടക്കം ഉള്ളവരോട് ഇതിനകം പരാതിപ്പെട്ടിട്ടുള്ളതാണെന്നും എംഎല്‍എ പറയുന്നു.

കോവിഡ് രോഗബാധിതനായി താനും കുടുംബാംഗങ്ങളും ഓഫീസ് സ്റ്റാഫുകളും ചികിത്സയിലായിരിക്കെ
ഈ അവസരം മുതലെടുത്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് നടക്കുന്ന ചില സംഘടനകളുടെ ശ്രമത്തെ എന്നെ അറിയുന്ന അടൂരിലെ മണ്ഡലവാസികള്‍ അവഗണനയോടെ നോക്കിക്കാണുമെന്നെനിക്ക് തനിക്ക് ഉറപ്പുെണ്ടന്നും എംഎല്‍.എ പറയുന്നു.

അതേ സമയം ആരോപണ വിധേയനായ അനില്‍ കുമാര്‍ എന്നയാള്‍ എംഎല്‍എയെ ചുറ്റിപ്പറ്റി നടക്കുന്നയാളാണെന്നാണ് അടൂരിലെ പാര്‍ട്ടിക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണവും ഈ സാധ്യത കേന്ദ്രീകരിച്ചു തന്നെയാണെന്ന് അറിയുന്നു. ആരോപണ വിധേയനായ വ്യക്തി ചികില്‍സയിലാണെന്നും അതു കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …