പ്രണബ് മുഖര്‍ജി അന്തരിച്ചു; രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

18 second read

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം തിങ്കളാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ്
പ്രണബ് മുഖര്‍ജിയുടെ ജനനം.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.

സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

1969-ലെ തിരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രണബ് പ്രവര്‍ത്തിച്ചിരുന്നു. പ്രണവിന്റെ പ്രവര്‍ത്തന മികവ് ശ്രദ്ധയില്‍ പെട്ട ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. വളരെ വേഗത്തില്‍ തന്നെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി പ്രണബ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …