12 ശതമാനം പലിശ കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍: അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് ഉടമകള്‍ നല്‍കികൊണ്ടിരിക്കുന്നത്

17 second read

പത്തനംതിട്ട: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ആംഡ് പൊലീസ് ക്യാമ്പിലെ വിശാലമായ ഹാളില്‍ ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍, അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനു, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ടി. ബിജു(കൂടല്‍), പിഎസ് രാജേഷ്(കോന്നി), യു ബിജു (അടൂര്‍), എസ്. ജയകുമാര്‍ (ഏനാത്ത്) എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉടമകളായ തോമസ് ഡാനിയല്‍, ഭാര്യ പ്രഭ, മക്കളായ റീയ, റിനു എന്നിവരെ ചോദ്യം ചെയ്യുന്നത്.
ഇന്നലെ രാത്രി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അമ്മയെയും മക്കളെയും പാര്‍പ്പിച്ചിരുന്നത്. തോമസിനെ അടൂരിലെ പൊലീസിന്റെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.

അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് ഉടമകള്‍ നല്‍കികൊണ്ടിരിക്കുന്നത്. നാലു പേരെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയുമാണ് ചോദ്യം ചെയ്യുന്നത്. നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം പലിശ നല്‍കിയത് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വച്ചെന്നാണ് ഉടമകളുടെ വിശദീകരണം. കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം വരുമാനം നിലച്ചതും ബിസിനസ് നടത്താന്‍ കഴിയാതെ വന്നതും തിരിച്ചടിയായി. മൈക്രോ ഫിനാന്‍സില്‍ നിന്നുള്ള തിരിച്ചടവും നിലച്ചു. ആറു മാസത്തെ ലോക്ഡൗണില്‍ കമ്പനിയുടെ അടിത്തറ ഇളകിയെന്നും മൊഴി നല്‍കിയെന്നാണ് സൂചന.

അന്വേഷണ സംഘം ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യക്തമായ ആസൂത്രണത്തോടെയാണ് ഉടമകള്‍ മുങ്ങിയിരിക്കുന്നത്. കോവിഡ് കാലമായതിനാല്‍ കോടതി ജാമ്യം അനുവദിക്കുമെന്നൊരു ആത്മവിശ്വാസവും ഇവര്‍ക്കുണ്ട്. എന്നാല്‍, പഴുതുകള്‍ അടച്ചാകും പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പുകള്‍ തന്നെയാണ് ഇതിനായി ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തിന് പകരം ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചത് കോടതിയെ ബോധ്യപ്പെടുത്താനാകും പ്രോസിക്യൂഷന്‍ ശ്രമിക്കുക.

മക്കളായ റിയയും റിനുവും രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായതിന് പിന്നാലെയാണ് ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയലും ഭാര്യ പ്രഭയും പൊലീസില്‍ കീഴടങ്ങിയത്. തിരുവല്ല-ചങ്ങനാശേരി അതിര്‍ത്തിയിലെ ഇടിഞ്ഞില്ലത്ത് ലോഡ്ജില്‍ താമസിച്ചിരുന്ന ഇരുവരും കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍ ഇവിടെ എത്തി ഇരുവരെയും ജില്ലാ പോലീസ് മേധാവിയൂടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

വൈകിട്ട് അഞ്ചു മണിയോടെ തോമസ് ഡാനിയലിയെും ഭാര്യയെയും എസ്പി കെജി. സൈമണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാത്രി എട്ടു മണിയോടെയാണ് മക്കളായ റിയ ആന്‍ തോമസ്, റിനു മറിയം തോമസ് എന്നിവരെ ഇവിടെ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ഇരുവരെയും ഇന്നലെ വൈകിട്ടാണ് വിമാന മാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ചത്. അവിടെ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ കൊണ്ടു വന്നപ്പോഴേക്കും രാത്രിയായി.

അഭിഭാഷകരുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ കീഴടങ്ങിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെങ്കിലും കോടതിയില്‍ ഇവര്‍ക്ക് അനായാസം രക്ഷപ്പെടാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 15 കോടിയുടെ നിക്ഷേപതട്ടിപ്പാണ് ഇതുവരെ ഇവര്‍ക്കെതിരേ പരാതിയായി വന്നിട്ടുള്ളത്. ആകെ ഇരുന്നൂറിലധികം പരാതിയും എത്തിയിട്ടുണ്ട്. നിക്ഷേപകരെ വിദഗ്ധമായി കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇതു കാരണം നിയമത്തിന്റെ പിന്‍ബലവും ഇവര്‍ക്കുണ്ട്. ആരില്‍ നിന്നും ഇവര്‍ സ്ഥിര നിക്ഷേപം സ്വീകരിച്ചിട്ടില്ല.

ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാതെ തന്നെ ഓഹരി മറ്റുള്ളവര്‍ക്ക് വിറ്റ് പണം ശേഖരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി നിധി ലിമിറ്റഡ് പോലെയുള്ള പേര് സ്വീകരിച്ചു. മറ്റ് നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്കുള്ളതു പോലെ ഇവയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തട്ടിപ്പിന് അതും കരുത്തായി. നിക്ഷേപത്തിനുള്ള സര്‍ട്ടിഫിക്കറ്റിന് പകരം പോപ്പുലറിന്റെ തന്നെ വിവിധ കടലാസ് കമ്പനികളുടെ ഷെയര്‍ രസീതാണ് നല്‍കിയിരുന്നത്.

പണം നിക്ഷേപിച്ചവര്‍ ഇത് ഫിക്സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് കരുതിയിരുന്നത്. ഈ രസീതുകളില്‍ വ്യക്തമായി പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലേക്ക് (എല്‍.എല്‍.പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നല്‍കിയിരിക്കുന്നുവെന്നാണ്. 12 ശതമാനം ഓഹരി ലാഭം (ഷെയര്‍ പ്രോഫിറ്റ്) ആണ് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനര്‍ഥം ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകന്‍ സഹിക്കണമെന്നാണ്. അങ്ങനെ വരുമ്പോള്‍ കോടതിയുടെ മുന്നില്‍ ഇവര്‍ രക്ഷപ്പെടും. ഇത്തരമൊരു നിയമോപദേശം കിട്ടിയതു കൊണ്ടാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് അറിയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …