പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പയിലും തട്ടിപ്പ്: കുറഞ്ഞ നിരക്കില്‍ എടുക്കുന്ന പണയം മറിച്ച് ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൂടിയ തുകയ്ക്ക് കൊണ്ടു വയ്ക്കും

16 second read

പത്തനംതിട്ട: പല തരം തട്ടിപ്പുകളും കണ്ടിട്ടുള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ രാജാക്കന്മാരായിരുന്നുവെന്നതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വര്‍ണപ്പണയത്തിന്മേല്‍ പണം കൊടുക്കുന്നതിലാണ് മറ്റൊരു തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. ഇടപാടുകാര്‍ പണയം വയ്ക്കാന്‍ എത്തിയാല്‍ ഗ്രാമിന് വളരെ കുറഞ്ഞ നിരക്കിലാണ് പണം നല്‍കുന്നത്. അതിന് ഈ സ്വര്‍ണം ഇവര്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ കൊണ്ടുപോയി പണയപ്പെടുത്തി കൂടുതല്‍ പണം വാങ്ങും. ആ പണം നിക്ഷേപകര്‍ക്ക് പലിശയായി നല്‍കുകയും ചെയ്യും. ഇതിനിടെ പണയം വച്ചത് എടുക്കാന്‍ ആളു വരുമ്പോള്‍ ഫെഡറല്‍ ബാങ്കില്‍ പോയി എടുത്തു കൊടുക്കുകയാണ് ചെയ്യുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളോടും ചേര്‍ന്നുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഇത്തരത്തില്‍ സ്വര്‍ണം മറിച്ചു പണയം വച്ചിരുന്നതായി പൊലീസിന് പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.

കൈ നനയാതെ മീന്‍ പിടിച്ച് സമ്പാദിക്കുകയാണ് പോപ്പുലര്‍ ഉടമകള്‍ ചെയ്തത്. ആരാന്റെ സ്വര്‍ണം കൊണ്ട്, ഒരു പൈസ പോലും ചെലവില്ലാതെ ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. പണയ സ്വര്‍ണവും ഇപ്പോള്‍ തിരിച്ചു നല്‍കുന്നില്ല എന്നാണ് കേള്‍ക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ വിവിധ ശാഖകളിലുണ്ടായിരുന്ന പണയ സ്വര്‍ണം തിരികെ എടുത്ത് വിറ്റ് നാടുവിടാനായിരുന്നു സ്ഥാപനം ഉടമ ഇണ്ടക്കാട്ടില്‍ തോമസ് ഡാനിയല്‍(റോയ്), ഭാര്യ പ്രഭാ ഡാനിയല്‍, മകള്‍ റിയ എന്നിവരുടെ പദ്ധതി. അതാണിന്നലെ ഭാഗികമായി പാളിയത്.

കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരില്‍ നിന്നുമായി 2000 കോടിയാണ് പോപ്പുലര്‍ ഫിനാന്‍സ് സമാഹരിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 250 ല്‍ അധികം പരാതികള്‍ ലഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ മുന്നൂറു കോടി വരും. ഇനിയും പരാതിക്കാര്‍ എത്താനുണ്ട്. കര്‍ണാടകയില്‍ നിന്നും മറ്റും വിളി എത്തുന്നുണ്ട്. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച്, തമിഴ്നാട്ടിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെയായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലര്‍ ഫിനാന്‍സ്. 12 ശതമാനം പലിശയെന്ന് കേട്ട് മുന്‍പിന്‍ നോക്കാതെ നിക്ഷേപിക്കാന്‍ ഇറങ്ങിയവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരൊന്നും തന്നെ ഈ സര്‍ട്ടിഫിക്കറ്റ് വായിച്ചതായി തോന്നുന്നില്ലെന്ന് അന്വേഷണം നടത്തുന്ന പോലീസ് സംഘം ചൂണ്ടിക്കാട്ടുന്നു. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി കൊണ്ടിട്ടവര്‍ മാത്രം ഒന്നും മിണ്ടുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …