പോപ്പുലര്‍ ഫൈനാന്‍സ് കേരളത്തെ ഞെട്ടിച്ച വലിയ തട്ടിപ്പുകളിലൊന്ന്; നിക്ഷേപകരെ പറ്റിച്ച് കൈക്കലാക്കിയത് 2000 കോടിയലധികം രൂപ; ദക്ഷിണേന്ത്യയില്‍ മുന്നൂറോളം ശാഖകളില്‍ നിന്ന് തട്ടിപ്പിന് ഇരയായത് നിരവധി പേര്‍

17 second read

പത്തനംതിട്ട: പോപ്പുലര്‍ ഫൈനാന്‍സ് കേരളത്തെ ഞെട്ടിച്ച വലിയ തട്ടിപ്പുകളിലൊന്ന്. കേരള പൊലീസിന്റെ കണക്കനുസരിച്ച് നിക്ഷേപകരെ പറ്റിച്ച് 2000 കോടിയിലേറെ രൂപയാണ് കമ്പനി തട്ടി എടുത്തിരിക്കുന്നത്. നിക്ഷേപത്തിന്റെയും തട്ടിപ്പിന്റെയും വ്യാപ്തിയെക്കുറിച്ച് പൊലീസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ കണക്കെടുത്ത് കഴിഞ്ഞാല്‍ കേരളത്തെ ഞെട്ടിക്കുന്ന ഈ തട്ടിപ്പിന്റെ വ്യാപ്തി രണ്ടായിരം കോടിയിലും മുകളില്‍ പോയേക്കും. ഇനിയുള്ള കേരളത്തിന്റെ പ്രഭാതങ്ങള്‍ ഒരു പക്ഷെ കണ്‍മിഴിക്കുക പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകള്‍ കേട്ടിട്ടാകും. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന തമിഴ്‌നാട്ടിലും, മുംബൈയിലും ബംഗളൂരുമോക്കെയായി മുന്നൂറോളം ഓളം ബ്രാഞ്ചുകളുള്ള പോപ്പുലര്‍ ഫിനാന്‍സ് ആണ് തട്ടിപ്പിന്റെ പടുകുഴിയില്‍ നിക്ഷേപകരെ വീഴ്ത്തിയിരിക്കുന്നത്

കള്ളപ്പണം നിക്ഷേപിച്ച ബിഗ് ഷോട്‌സ് അനങ്ങാതിരിക്കുമ്പോള്‍ സ്വത്ത് പണയപ്പെടുത്തിയും ആഭരണങ്ങള്‍ മുഴുവന്‍ വിറ്റും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുക മുഴുവന്‍ നിക്ഷേപം നടത്തിയ സാധാരണക്കാരുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ചപ്പോള്‍ ഒന്‍പത് കടലാസ് കമ്പനികളുടെ ഷെയര്‍ ആണ് നല്‍കിയത്. നിക്ഷേപത്തിനു പകരം ഷെയര്‍ ആണ് തങ്ങളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരില്‍ ഒരാള്‍ പോലും അറിഞ്ഞില്ല. പന്ത്രണ്ടു ശതമാനം പലിശ കിട്ടും എന്ന് അറിഞ്ഞപ്പോള്‍ നിക്ഷേപകര്‍ കണ്ണും പൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. വളരെ ആസൂത്രിതമായ തട്ടിപ്പിന്റെ രീതികള്‍ പൊലീസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ശേഷമുള്ള കോടികളുടെ വന്‍ തട്ടിപ്പാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ മാര്‍ച്ചിനു ശേഷമാണ് പ്രതിസന്ധി തലപൊക്കിയത്. നിക്ഷേപകര്‍ക്ക് പലിശയോ നിക്ഷേപമോ മാര്‍ച്ചിനു ശേഷം തിരികെ ലഭിച്ചിട്ടില്ല. ഈ വാര്‍ത്ത പരന്നപ്പോള്‍ നിക്ഷേപകര്‍ പണത്തിനു തിടുക്കം കൂട്ടി പോപ്പുലര്‍ ഫിനാന്‍സിനെ സമീപിച്ചു. പണം തിരികെ ചോദിച്ചവര്‍ക്ക് ആര്‍ക്കും പണം തിരികെ ലഭ്യമായില്ല. ഇതോടെയാണ് നിക്ഷേപകര്‍ പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. സൗത്ത് ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍ എന്ന റോയിയും ഭാര്യ പ്രഭാ തോമസും മുങ്ങിയിരിക്കുകയാണ്. വിജയ് മല്യയെപ്പോലെ രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപകരെ കണ്ണീരു കുടിച്ച് മുങ്ങിയ ഇവര്‍ തൃശൂര്‍-എറണാകുളം ബെല്‍റ്റിലുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവില്‍ ഇവരുടെ മോബൈലുകള്‍ സ്വിച്ച് ഓഫ് ആണ്. ഇവരുടെ മൂന്നു പെണ്‍കുട്ടികളും കേസില്‍ പ്രതികളായി മാറിയേക്കും.

കോന്നി പൊലീസ് സ്റ്റേഷനില്‍ മാത്രം ഇരുനൂറോളം നിക്ഷേപകരാണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ ആറു വര്‍ഷം കൊണ്ട് ഇരട്ടി തുക. ഈ രീതിയില്‍ പല തവണ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുടെ മുഴുവന്‍ സമ്പാദ്യവുമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. കോന്നി സ്റ്റേഷന്‍ സ്റ്റേഷന്‍ ലിമിറ്റില്‍ മാത്രം പതിനഞ്ചു കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. രേഖാമൂലമുള്ള പരാതിയിലെ തുകയാണ് ഈ പതിനഞ്ചു കോടി. നിരവധി കേസുകള്‍ കോന്നി പൊലീസ് ചാര്‍ജ് ചെയ്തു കഴിഞ്ഞു. മാരത്തോണ്‍ നടപടികളാണ് പോപ്പുലര്‍ ഫിനാന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം പൊലീസ് ആരംഭിച്ചത് എന്നാണ് കോന്നി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എസ്.രാജേഷ് പറഞ്ഞത്. നടപടികള്‍ പൂര്‍ത്തിയായ ശേഷം പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അറസ്റ്റിലേക്കും നീങ്ങും എന്നാണ് സ്റ്റേഷന്‍ ഓഫീസര്‍ പ്രതികരിച്ചത്. നിക്ഷേപകര്‍ കമ്പനി പൊളിഞ്ഞത് അറിഞ്ഞു വരുന്നേയുള്ളൂ. അതിനനുസരിച്ച് പരാതികളുടെ പ്രവാഹം കേരളം മുഴുവനുള്ള പൊലീസ് സ്റ്റേഷനുകളില്‍ എത്തിയേക്കും.

കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചല്‍ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റെഷനുകളിലും പോപ്പുലര്‍ ഫിനാന്‍സ് കേസിന്റെ പേരിലുള്ള പരാതികള്‍ വന്നിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. മധ്യ കേരളത്തിലെ നിക്ഷേപകര്‍ മുഴുവന്‍ പരിഭ്രാന്തമായ അവസ്ഥയിലാണ്. ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യമായ ലക്ഷങ്ങളാണ് ഓരോരുത്തര്‍ക്കും നഷ്ടമായത്.

ചില ബ്രാഞ്ചുകള്‍ ഉടമകള്‍ ഓപ്പണ്‍ ചെയ്യുന്നുണ്ട്. അവര്‍ക്ക് സമയം കൊടുക്കണം. പണം തിരികെ നല്‍കും. ബ്രാഞ്ചിലും ഓഫീസിലും കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ബ്രാഞ്ച് അടപ്പിച്ച് കഴിഞ്ഞാല്‍ പണം തിരികെ ലഭിക്കില്ല. സെറ്റില്‍മെന്റിന് സമയം കൊടുക്കണം. വേറെ ബാങ്ക് ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനും സമയം വേണം. നിക്ഷേപകര്‍ക്ക് നഷ്ടമാകും. ഹെഡ് ഓഫീസ് അടപ്പിക്കാനും ജീവനക്കാരെ മര്‍ദ്ദിക്കാനുമുള്ള പ്രശ്‌നങ്ങളാണ് നടക്കുന്നത്. എതിരാളികള്‍ ഒതുക്കാനുള്ള വഴി നോക്കുന്നു. എന്നൊക്കെയാണ് ഉടമകളുടെ ഭാഷ്യം. കേസും അറസ്റ്റും വന്നാല്‍ പണം മുഴുവന്‍ നഷ്ടമായ അവസ്ഥ വരും എന്നതിനാല്‍ ആശങ്കയിലാണ് നിക്ഷേപകര്‍. സൗത്ത് ഇന്ത്യയില്‍ വേര് പടര്‍ത്തിയ സ്ഥാപനമാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …