മൊയലാളീ ഞങ്ങള്‍ക്കൊരു സംശയം.. കോവിഡ് പരത്തുന്നത് തമിഴന്റെ പൂക്കളാണോ? അവിടെ നിന്നു കൊണ്ടു വരുന്ന പച്ചക്കറിയില്ലെങ്കില്‍ മലയാളി എങ്ങനെ ഓണമുണ്ണും?

16 second read

തെങ്കാശി: വളരെ വിചിത്രമായ ഒരു പ്രസ്താവനയാണ് കഴിഞ്ഞ് ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ഓണാഘോഷം ലളിതമാക്കുക. പൂക്കളത്തിനുള്ള പൂവിന് തമിഴ്നാടിനെ ആശ്രയിക്കണ്ട. നാട്ടുപൂക്കള്‍ കൊണ്ട് അത്തപ്പൂക്കളം ഉണ്ടാക്കുക. ഇതു കേട്ടപ്പോള്‍ മൊയലാളീ ഞങ്ങള്‍ക്കൊരു സംശയം. കോവിഡ് പരത്തുന്നത് തമിഴന്റെ പൂക്കളാണോ? അവിടെ നിന്നു കൊണ്ടു വരുന്ന പച്ചക്കറിയില്ലെങ്കില്‍ മലയാളി എങ്ങനെ ഓണമുണ്ണും? സത്യത്തില്‍ പിണറായിയുടെ പ്രസ്താവന മണ്ണു വാരിയിട്ടിരിക്കുന്നത് തമിഴന്റെ ഇടനെഞ്ചില്‍ മാത്രമല്ല, മലയാളികളായ പൂവ്യാപാരികളുടെ ഓണസദ്യയില്‍ കൂടിയാണ്.
ഓണ വിപണി ലക്ഷ്യമിട്ട് പൂപ്പാടമൊരുക്കിയ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിപ്പോള്‍ ഇടനെഞ്ചില്‍ തീയാണ്. കോവിഡ് താണ്ഡവമാടുന്ന ഭൂമിയില്‍ അവര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നതാണ് കേരളത്തിന്റെ ഓണം. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ആ വരുമാനവും നിലയ്ക്കുന്നതിന്റെ സങ്കടത്തിലാണ് ആ ജനത.

പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണമെന്നും പുറത്ത് നിന്ന് കൊണ്ടു വരുന്നവ രോഗ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലയാകെ സ്തംഭിച്ചതോടെ കേരളത്തില്‍ പൂവിന് ആവശ്യക്കാര്‍ കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞും കിടക്കുന്നതും പൊതു ഓണാഘോഷം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശവും മൂലം ഇക്കുറി അത്തപ്പൂവിടല്‍ നാമമാത്രമാകും. പൂക്കളത്തിന് പൂര്‍ണമായി തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളെ ആശ്രയിച്ചിരുന്ന മലയാളി ഇക്കുറി തൊടിയിലെ പൂക്കള്‍ കൊണ്ട് അത്തപ്പൂക്കളമിടും. ഇതോടെ കേരളത്തിലെ ഓണവിപണി മുന്നില്‍ കണ്ട് വിളവെടുക്കാന്‍ പാകത്തിന് കൃഷി ചെയ്ത തമിഴ്നാട്ടിലെ കൃഷിക്കാരുടെ സ്ഥിതി ബുദ്ധിമുട്ടിലാകും.

ഏക്കര്‍ കണക്കിന് പൂപ്പാടങ്ങള്‍ വിളവെടുക്കാനാകാതെ കരിഞ്ഞു പോകും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതലാണ് പ്രതിസന്ധി തുടങ്ങിയത്. മാര്‍ച്ച് മുതലുള്ള ക്ഷേത്രോല്‍സവങ്ങള്‍, സപ്താഹ യജ്ഞങ്ങള്‍, പൂജകള്‍ എന്നിവ മുടങ്ങുകയും വിവാഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ആറ് മാസമായി തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതെയായി. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാല ത്ത് കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് അതിര്‍ത്തി കടന്ന് എത്തിയിരുന്നത്. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യ പുരം, തോവാള, പാവൂര്‍ഛത്രം എന്നിവിടങ്ങളിലാണ് പൂകൃഷി വ്യാപകമായുള്ളത്. കൃഷി പോലെ തന്നെ കച്ചവടത്തിനും പ്രസിദ്ധമായ പാവൂര്‍ ഛത്രത്തിലെ ലേലത്തറകളെല്ലാം അടഞ്ഞു കിടക്കുകയാണ്.

ദക്ഷിണേന്ത്യയിലെ പല ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് പൂക്കള്‍ എത്തിച്ചിരുന്നു. പൂക്കച്ചവടത്തിന് പേര് കേട്ട ശങ്കരന്‍ കോവിലിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബന്ദി, തുളസി, വാടാമുല്ല, കോഴിപ്പൂവ്, വിവിധ തരം റോസ്, മുല്ലപ്പൂ എന്നിവയാണ് വിളവെടുക്കാറായി നില്‍ക്കുന്നത്. വായ്പ എടുത്ത് ഭൂമി പാട്ടത്തിന് വാങ്ങിയാണ് കൃഷി നടത്തിയത്. കിലോയ്ക്ക് 500 മുതല്‍ 1500 രൂപ വരെ ലഭിക്കേണ്ട പൂക്കളാണ് ആവശ്യക്കാരില്ലാതെ കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം അരളി, ബന്ദി, വാടാമുല്ല, ജമന്തി തുടങ്ങി പതിനായിരംരൂപയുടെ പൂക്കള്‍ ദിനംപ്രതി വിറ്റയിടത്ത് ഇപ്പോള്‍ അഞ്ഞൂറ് രൂപയുടെ പൂക്കള്‍ മാത്രമാണ് വി ല്‍ക്കുന്നതെന്ന് ഓള്‍ കേരള ഫ്ളവര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ജെ. തോമസ് പറഞ്ഞു.

കോവിഡ് മാനദണ്ഡപ്രകാരം ആള്‍ക്കൂട്ടം ഒഴിവാ ക്കുന്നതിനായി വിവാഹങ്ങള്‍ ലളി തമാക്കിയപ്പോള്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും ഒഴിവാക്കി. കഴിഞ്ഞ ചിങ്ങം ഒന്നിന് വലുതും ചെറുതുമായ 150 മാലകള്‍ വിറ്റു പോയ അടൂരിലെ ഒരു പൂക്കടയില്‍ ഈ ചിങ്ങം ഒന്നിന് 20 മാലകള്‍ മാത്രമാണ് പോയത്. മരണാന ന്തര ചടങ്ങുകളില്‍ ആള്‍ക്കാര്‍ പോകുന്നത് കുറഞ്ഞതോടെ റീത്തുകളും വില്ക്കാതെയായി. ഇതോടെ കേരളത്തിലെ പൂക്കളുടെ വില്പന നാലിലൊന്നായി കുറ ഞ്ഞു. പരമ്പരാഗത പൂകര്‍ഷകര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കാറുണ്ടെങ്കിലും കോവിഡ് ബാധയെ തുടര്‍ന്ന് പദ്ധതികളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …