ചാക്കോവധക്കേസിലെ പ്രധാനപ്രതി ഗോപാലകൃഷ്ണകുറപ്പ് എന്ന സുകുമാരക്കുറുപ്പിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു: 36 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മാധ്യമചര്‍ച്ചകള്‍ നടന്നതും ഈ പ്രതിയെ കുറിച്ച്: സുകുമാരക്കുറുപ്പിന്റെ കഥയെന്ന പേരില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ സിനിമക്കെതിരെ ചാക്കോയുടെ കുടുംബവും

17 second read

കൊച്ചി:സുകുമാരക്കുറുപ്പ്, 36മുപ്പത്തിനാലു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത കുറ്റവാളിയുടെ പേര് ഇതായിരിക്കും. പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മനുഷ്യരൂപം സങ്കല്‍പ്പിക്കേണ്ടി വന്നാല്‍ മലയാളിയുടെ മനസ്സില്‍ പതിയുന്ന രൂപവും താടിക്കാരനായ ഇതേ സുമുഖന്റേതായിരിക്കും വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ചാക്കോ വധക്കേസും അതിലെ പ്രധാനവില്ലനുമായ സുകുമാരക്കുറുപ്പും ഇടയ്ക്കിടെ വാര്‍ത്തകളിലെത്തുന്നു.

ഇപ്പോള്‍ സിനിമയുടെ രൂപത്തിലാണ് വിവാദം

സുകുമാരക്കുറുപ്പിന്റെ കഥയെന്ന പേരില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ സിനിമയുടെ രൂപത്തിലാണ് വിവാദം .സിനിമക്കെതിരെ ചാക്കോയുടെ കുടുംബം രംഗത്തെത്തി.സുകുമാര ക്കുറുപ്പിനെ വീരപരിവേഷത്തില്‍ അവിഷ്‌കരിക്കുന്ന സ്ഥിതി വിശേഷം ദുഃഖകരമാണെന്ന് ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ പറയുന്നു. യാതൊരു തെറ്റും ചെയ്യാതെയാണ് തന്റെ അച്ചനെ കൊലപ്പെടുത്തിയതെന്നും ജിതിന്‍ ചാക്കോ പറയുന്നു.

കുറ്റകൃത്യത്തെക്കാള്‍ കുറ്റവാളിയുടെ തിരോധാനമാണ് ചാക്കോ വധ കേസിനെ വ്യത്യസ്തമാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ അപ്രതീക്ഷിതമായ തെളിവുകള്‍ അവശേഷിപ്പിച്ചു സ്വയം കെണിയൊരുക്കുമെന്നാണ് പൊതുവേ കുറ്റാന്വേഷകരുടെ വിശ്വാസം. ഇതോടൊപ്പം ആസൂത്രണത്തിലെ പാളിച്ചകള്‍ കൂടിയാകുമ്പോള്‍ കുറ്റവാളികള്‍ പിടിയിലാകുന്നു.

ചാക്കോ വധക്കേസില്‍ ഒരു ഗ്ലൗസാണ് കൊലപാതകസാധ്യതയിലേക്കു വിരല്‍ചൂണ്ടിയത്. അതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്കകംതന്നെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു. പക്ഷേ, പ്രധാനപ്രതി മൂന്നു പതിറ്റാണ്ടിനു ശേഷവും തിരശ്ശീലയ്ക്കു പിന്നില്‍. കുറ്റകൃത്യത്തിനു ശേഷം പിടിവീഴുമെന്ന സാഹചര്യം വന്നാല്‍ കൂട്ടുപ്രതികളറിയാതെ തനിക്കു രക്ഷപ്പെടാന്‍ സുകുമാരക്കുറുപ്പ് വഴിയൊരുക്കിയിരുന്നുവെന്നു വ്യക്തമാണ്
കുറുപ്പ് എവിടെയാണെന്നതിനെക്കുറിച്ചു നിറംപിടിപ്പിച്ച പലകഥകളും വന്നിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപം മാറ്റി, സന്ന്യാസിയായി ഉത്തരേന്ത്യയില്‍ കഴിയുന്നു, വിദേശത്തേക്കു കടന്നു, അങ്ങനെ പലതും. ഏതാനും മാസം മുന്‍പ് ഇത്തരമൊരു കഥ വീണ്ടും മാധ്യമങ്ങളിലിടം നേടി. കുറുപ്പ് ഇസ്ലാംമതം സ്വീകരിച്ച് സൗദി അറേബ്യയിലെ മസ്ജിദില്‍ സഹായിയായി കഴിയുന്നുവെന്നായിരുന്നു ഇത്. ഇതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

ചാക്കോ വധക്കേസ് കോടതിയില്‍

അബുദാബിയില്‍ ഏകദേശം 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത സുകുമാരക്കുറുപ്പ് താന്‍ മരിച്ചുവെന്നു ബോധ്യപ്പെടുത്തി ഈ പണം ഭാര്യയ്ക്കു കിട്ടാന്‍ പദ്ധതി തയ്യാറാക്കി. തന്റെ ശരീരത്തിനോടു സാമ്യമുള്ള മൃതദേഹം കാറിലിട്ടു കത്തിച്ച് മരിച്ചതു താനാണെന്നു വരുത്താനായിരുന്നു പദ്ധതി. അളിയന്‍ ഭാസ്‌കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, അബുദാബിയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഹു എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.
ഇതിനായി 1984 ജനുവരി 21-ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും മൃതദേഹം സംഘടിപ്പിക്കാനായില്ല. ഇതേത്തുടര്‍ന്ന് രൂപസാദ്യശ്യമുള്ളയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇത്തരമൊരാളെ കണ്ടെത്താന്‍ കുറുപ്പും സുഹൃത്തുക്കളും രണ്ട് കാറുകളിലായി ദേശീയപാതയിലൂടെ രാത്രി നടത്തിയ യാത്രയിലാണ് കരുവാറ്റയില്‍ വച്ച് ചാക്കോയെ കണ്ടത്. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ രാത്രി വീട്ടിലേക്കു മടങ്ങാന്‍ വാഹനം കിട്ടാത്തതിനാല്‍ ഇവരുടെ കാറിനു കൈകാണിക്കുകയായിരുന്നു. ചാക്കോയെ കയറ്റിയ കാറില്‍ കുറുപ്പിന്റെ സഹായികളാണുണ്ടായിരുന്നത്.

പിന്നിലായി മറ്റൊരു കാറില്‍ കുറുപ്പും. ചാക്കോയ്ക്ക് ഈഥര്‍ കലര്‍ത്തിയ മദ്യം കൊടുത്തശേഷം ഭാസ്‌കരപിള്ള കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി. ഇതിനുശേഷം ചെറിയനാട്ടെ സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തി ചാക്കോയെ കുറുപ്പിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷം കൊല്ലകടവിലെത്തി കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുത്തി നെല്‍പ്പാടത്തേക്കു തള്ളിവിട്ടു. ഇതിനുശേഷം പെട്രോളൊഴിച്ച് കാര്‍ കത്തിച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ ഈ സംഘം കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു ഇതിലൊന്നാണ് കാറിനടുത്തുനിന്നു കിട്ടിയത്. കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീ പടര്‍ന്ന് ഇവര്‍ക്കും പൊള്ളലേറ്റു. ഇതിനിടെ ഗ്ലൗസ് കാറിനടുത്ത് പെട്ടുപോകുകയായിരുന്നു.

അടുത്തദിവസം രാവിലെ കത്തിയ കാര്‍ കണ്ട നാട്ടുകാര്‍ക്ക് ഗ്ലൗസ് കണ്ടപ്പോള്‍ കൊലപാതകസാധ്യത മനസ്സിലായി. പിന്നീട് അന്വേഷണം വളരെ വേഗത്തില്‍ നടന്നു. ഷാഹുവിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഗൂഢാലോചന മുതലുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. കേസില്‍ ഇയാള്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു.
ഗോപാലകൃഷ്ണക്കുറുപ്പെന്ന സുകുമാരക്കുറുപ്പ്

ചാക്കോ വധക്കേസിലാണ് ആദ്യം പ്രതിയാകുന്നതെങ്കിലും രേഖപ്പെടുത്താതെ പോയ മറ്റൊരു കുറ്റകൃത്യംകൂടി സുകുമാരക്കുറുപ്പിന്റേതായുണ്ട്. ഗോപാലകൃഷ്ണക്കുറുപ്പെന്ന സൈനികന്‍ സുകുമാരക്കുറുപ്പെന്ന പ്രവാസിയായ കഥയാണിത്. പ്രീഡിഗ്രി തോറ്റ ശേഷം ഉപജീവനമാര്‍ഗംതേടി ഗോപാലകൃഷ്ണക്കുറുപ്പ് വ്യോമസേനയില്‍ ചേര്‍ന്നു. എന്നാല്‍, സൈനികജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടില്‍ മടങ്ങിയെത്തി. താന്‍ മരിച്ചുവെന്നു രേഖയുണ്ടാക്കി വ്യോമസേനയ്ക്കു നല്‍കിയ ശേഷമാണ് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്കു പോയത്. വ്യാജപാസ്പോര്‍ട്ടെടുക്കാനുള്ള വഴികളറിയാവുന്നതും വിദേശബന്ധങ്ങളും കാരണം ചാക്കോയുടെ വധത്തിനു ശേഷം കുറുപ്പ് വിദേശത്തേക്കു കടന്നുവെന്നാണ് കേസിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച കുറ്റാന്വേഷണവിദഗ്ധരില്‍ ഏറെപ്പേരും വിശ്വസിക്കുന്നത്. കുറുപ്പ് ജീവിച്ചിരിപ്പില്ല എന്നു വിശ്വസിക്കുന്നവരുമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …