എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ വെള്ളാപ്പളളി നടേശന്‍ തുടരുന്നത് നിയമവിരുദ്ധമായി: സാങ്കേതികത്വം പറഞ്ഞ്, കസേരയില്‍ അള്ളിപ്പിടിച്ചു കിടക്കുകയാണ് വെള്ളാപ്പള്ളിയും മോനും

20 second read

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ വെള്ളാപ്പളളി നടേശന്‍ തുടരുന്നത് നിയമവിരുദ്ധമായി. കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അരുവിപ്പുറം ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തില്‍ ഒരംഗത്തിന് വോട്ട് എന്നതാണ് നിയമം. എന്നാല്‍ സാങ്കേതികത്വം പറഞ്ഞ്, കസേരയില്‍ അള്ളിപ്പിടിച്ചു കിടക്കുകയാണ് വെള്ളാപ്പള്ളിയും മോനും. ജനാധിപത്യ പ്രക്രിയ പാടേ അട്ടിമറിച്ചാണ് വര്‍ഷങ്ങളായി സമുദായത്തെ വെള്ളാപ്പള്ളി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യം എന്നൊരു കാര്യം എസ്എന്‍ഡിപി യോഗം എന്ന കമ്പനിയുടെടേയോ കേരളാ നോണ്‍ട്രേഡിങ് കമ്പനീസ് ആക്ടിന്റെയോ ഒരു വകുപ്പിലും പറയുന്നില്ല.

തീര്‍ത്തും ജനാധിപത്യ രഹിതമായ തെരഞ്ഞെടുപ്പ് വഴി ജനറല്‍ സെക്രട്ടറിയുടെ കസേര കുടുംബസ്വത്താക്കി നടേശന്‍ മാറ്റിയിരിക്കുന്നത് 1974 ലെ കേന്ദ്രനിയമമന്ത്രാലയത്തിന്റെ ഒരു ഉത്തരവ് വഴിയാണ്. ഇത് പിന്നീട് പല തവണ ചോദ്യം ചെയ്യപ്പെട്ടെങ്കിലും രണ്ടു വള്ളത്തില്‍ കാല് എന്ന പതിവു തന്ത്രം വഴി ഒക്കെയും വെള്ളാപ്പള്ളി പൊളിച്ചടുക്കുന്നു. സമുദായ സംഘടനയായി രൂപം കൊണ്ട എസ്എന്‍ഡിപിക്ക് എന്നും ശ്രീനാരായണ ഗുരു എതിരായിരുന്നുവെന്ന് ചരിത്രം പറയുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് ഇങ്ങനെയാണ്.

തിരുവിതാംകൂറിലെ 1063-ാമാണ്ടത്തെ ഒന്നാം റെഗുലേഷന്‍ (1882 ലെ ആറാം നമ്പര്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട്) അനുസരിച്ചും ഈഴവ സമുദായത്തില്‍ വൈദികവും ലൗകികവും ആയ വിദ്യാഭ്യാസത്തെയും വ്യവസായ ശീലത്തെയും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഉദ്ദേശ്യ സാധ്യത്തിനായി ഇതിന് താല്‍ക്കാലികങ്ങളോ പ്രയോജകങ്ങളോ ആയ മറ്റു എല്ലാ കാര്യങ്ങളെയും ചെയ്യുന്നതിനുമായി ചേര്‍ന്നിട്ടുള്ള ഒരു യോഗമായ അരുവിപ്പുറം ശ്രീനാരായണ ധര്‍മ പരിപാലന യോഗം ക്ലിപ്തമായ ചുമതലയോടു കൂടി ക്ലിപ്തം എന്ന വാക്ക് പേരോടൊന്നിച്ച് ചേര്‍ക്കാതെ രജിസ്റ്റര്‍ ചെയ്യപ്പെടണമെന്ന് തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസിലെ ഗവണ്‍മെന്റിന് വേണ്ടി തിരുവിതാംകൂര്‍ ദിവാനായ ബഹദൂര്‍ കൃഷ്ണസ്വാമി റാവു സിഐഇഎഫ്എംയു അവര്‍കളാല്‍ നല്‍കപ്പെട്ട ലൈസന്‍സിനെ അനുസരിച്ചും അരുവിപ്പുറം ശ്രീനാരായണ ധര്‍മ പരിപാലന യോഗം മേല്‍പ്പറയപ്പെട്ട റെഗുലേഷന്‍ പ്രകാരം ഒരു കമ്പനി അല്ലെങ്കില്‍ യോഗമായിട്ട് ഇന്നേ ദിവസം രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നും ടി യോഗം ക്ലിപ്തം ആണെന്നും ഞാന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.

എസ്എന്‍ഡിപി യോഗം സമുദായ സംഘടനയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനി

അരുവിപ്പുറം ശ്രീ നാരായണ ധര്‍മ പരിപാലന യോഗം 1903 ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട് 1882 ന് വിധേയമായി രജിസ്ട്രേഷന്‍ നമ്പര്‍ 02/1078 രജിസ്റ്റര്‍ ചെയ്തു. അരുവിപ്പുറം ശിവക്ഷേത്രമായിരുന്നു രജിസ്ട്രേഡ് ഓഫീസ്. കാലക്രമത്തില്‍ അരുവിപ്പുറം എന്ന വാക്ക് പേരിന്റെ തുടക്കത്തില്‍ നിന്ന് നീക്കി എസ്എന്‍ഡിപി യോഗം എന്ന അവരവര്‍ തോന്നുന്ന രീതിയില്‍ പ്രയോഗിക്കുന്നു. കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട് 1961, കമ്പനീക് ആക്ട്2013 എന്നിവയും കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആകട് 1961 ന്റെ സെക്ഷന്‍ മൂന്ന് പ്രകാരവുമാണ് ഈ കമ്പനി, അതായത് എസ്എന്‍ഡി പി യോഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇനി പറയുന്നു.

1.അരുവിപ്പുറം ശിവക്ഷേത്രത്തിലും കമ്പനിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ആരാധനയും വാര്‍ഷിക ഉത്സവങ്ങളും നടത്തുക.
2.മതപരവും മതേതരവുമായ വിദ്യാഭ്യാസം നല്‍കി ഈഴവ സമുദായത്തെ ഉയര്‍ത്തുക
3.ഇതിനായി കമ്പനിക്ക് വേണ്ടി കെട്ടിടങ്ങളും സ്ഥാപനങ്ങളും നിര്‍മിക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുക
4.അവശ്യ സന്ദര്‍ഭങ്ങളില്‍ കമ്പനിയുടെ ആസ്തികള്‍ പണയപ്പെടുത്തുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യുക.
5.ഈടോ പ്രോമിസറി നോട്ടോ സ്വീകരിക്കുക.
6.മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക.

അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ചില വകുപ്പുകള്‍ ഒഴിവാക്കി

1956 ലെ കമ്പനീസ് ആക്ടിന്റെ ആര്‍ട്ടിക്കിള്‍ 14 ല്‍ സി ഖണ്ഡികയില്‍ കമ്പനിയിലെ എല്ലാ അംഗത്തിനും ഒരു വോട്ട് വീതമുള്ളതായി പറയുന്നു. എന്നാല്‍, എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ കമ്പനീസ് ആക്ടിലെ സെക്ഷന്‍ 179(2), 219, ആര്‍ട്ടിക്കിള്‍ 14 ല്‍ സി ഖണ്ഡിക എന്നിവ തങ്ങള്‍ക്ക് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. തങ്ങള്‍ക്ക് തുടര്‍ച്ചയായി അധികാര കസേരയില്‍ തുടരുന്നതിന് വേണ്ടിയുള്ള കുറുക്കു വഴിയായിരുന്നു ഇത്. ഇതിന്‍ പ്രകാരം 1974 ഓഗസ്റ്റ് 20 ന് നിയമമന്ത്രാലയം (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്പനി അഫയേഴ്സ് )ഒരു ഉത്തരവ് പുറപ്പെടുവിച്ചു. യോഗം ആവശ്യപ്പെട്ട പ്രകാരമുള്ള സെക്ഷനുകളും ആര്‍ട്ടിക്കിളും ചില നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കുന്നതായിരുന്നു ആ ഉത്തരവ്. നിബന്ധനകള്‍ ഇനി പറയുന്നു:

വാര്‍ഷിക പൊതുയോഗത്തിന് 21 ദിവസം മൂന്‍പായി അത് നടക്കുന്നതിനുള്ള തീയതി, സമയം, സ്ഥലം എന്നിവ കമ്പനിയിലെ ഒരോ അംഗത്തെയും നേരിട്ട് അറിയിക്കണം. കമ്പനിയുടെ ബാലന്‍സ് ഷീറ്റ്, വരവ്-ചെലവ് കണക്ക് എന്നിവയും ഇതോടൊപ്പം നല്‍കണം. എതൊരു അംഗം എപ്പോള്‍ ആവശ്യപ്പെട്ടാലും ബാലന്‍സ് ഷീറ്റും വരവ്-ചെലവ് കണക്കും യൂണിയനുകളോ ശാഖകളോ കൈമാറണം. പൊതുയോഗ നോട്ടീസും വരവ് ചെലവ് കണക്കും ബാലന്‍സ് ഷീറ്റും പൊതുയോഗത്തിന് 21 ദിവസം മുന്‍പ് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ അംഗങ്ങള്‍ക്ക് മനസിലാകത്തക്ക വിധം പരസ്യമായി നല്‍കണം. ഏതൊരു അംഗവും ഒരു ശാഖയിലോ യൂണിയനിലോ ചെന്ന് ആവശ്യപ്പെട്ടാല്‍ ഈ രേഖകള്‍ നല്‍കുകയും വേണം.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വെറും മറ, പ്രവര്‍ത്തനം കേരളാ കമ്പനീസ് ആക്ട് പ്രകാരം

കേന്ദ്രസര്‍ക്കാര്‍ ചില വകുപ്പുകള്‍ എടുത്തു കളഞ്ഞു കൊണ്ടുള്ള ഉത്തരവില്‍ ചില നിബന്ധനകള്‍ ചേര്‍ത്തിരുന്നത് മുകളില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ഏത് അംഗം ചോദിച്ചാലും വരവ് ചെലവ് കണക്കും മറ്റു രേഖകളും അതാത് യൂണിയനുകളിലോ ശാഖകളിലോ നിന്ന് നല്‍കണമെന്നുള്ളത്. ഇങ്ങനെ രേഖകള്‍ നല്‍കിയാല്‍ തങ്ങളുടെ തട്ടിപ്പ് പുറത്തു വരുമെന്ന് മനസിലാക്കി അത് തടയാന്‍ മറ്റൊരു വളഞ്ഞ വഴിയാണ് വെള്ളാപ്പളളിയും സംഘവും സ്വീകരിച്ചത്.

കേരള നോണ്‍ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്നതിനാലും രജിസ്ട്രേഷന്‍ ഐ.ജി നിയന്ത്രണ അധികാരി ആയതിനാലും കമ്പനിയുടെ സകല രേഖകളും രജിസ്ട്രേഷന്‍ ഐ.ജിയുടെ ഓഫീസിലാണ് സൂക്ഷിക്കേണ്ടതെന്നും അതിനാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കൂടി രജിസ്ട്രേഷന്‍ ഐ.ജിക്ക് കൈമാറണം എന്ന് കമ്പനി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ആവശ്യം ഉന്നയിച്ചിരുന്നു. അങ്ങനെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും 2009 ജനുവരി 16 ന് രജിസ്ട്രേഷന്‍ ഐ.ജിക്ക് കൈമാറുകയുണ്ടായി. ഇപ്പോള്‍ രേഖകളെല്ലാം രജിസ്ട്രേഷന്‍ ഐ.ജിയുടെ പക്കലാണ് ഉള്ളത്. കമ്പനിയിലെ അംഗങ്ങള്‍ ചോദിക്കുമ്പോള്‍ രേഖകള്‍ രജിസ്ട്രേഷന്‍ ഐജിയുടെ കൈവശമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് കമ്പനി ജനറല്‍ സെക്രട്ടറി ചെയ്യുന്നത്.

മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കണമെന്ന കേന്ദ്ര ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇനി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളാ നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരമാണെന്നാകും കമ്പനി ജനറല്‍ സെക്രട്ടറിയുടെ മറുപടി. ഇതു കൊണ്ട് കേന്ദ്രഉത്തരവ് ബാധകമല്ല. ഇനി രേഖകള്‍ ചോദിച്ച് കോടതിയെ സമീപിക്കുമ്പോള്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി നല്‍കും.

ഒരു അംഗത്തിന് ഒരു വോട്ട് നിയമപരം തന്നെ: അട്ടിമറിച്ച് വെള്ളാപ്പള്ളി

കേരള നോണ്‍ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ആര്‍ട്ടിക്കിളും സെക്ഷനും കുറവ് ചെയ്ത് കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. 2013 ലെ കമ്പനീസ് ആക്ടിന്റെ 10-ാം ക്ലോസിലും ഒരു അംഗത്തിന് ഒരു വോട്ട് എന്നുള്ളത് തറപ്പിച്ചു പറയുന്നു. ഈ അവകാശം കേന്ദ്രസര്‍ക്കാരിന്റെ 1974 ലെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് എടുത്തു മാറ്റിയിട്ടുള്ളതാകുന്നു. ഇത് നിയമപരമായ അംഗങ്ങളുടെ അവകാശം നിഷേധിക്കലാണ്. അതു വഴി നിലവിലുള്ള ഭരണ സമിതി ഭരണത്തില്‍ കടിച്ചു തൂങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ 1974 ല്‍ പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയിലെ അംഗങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ളതാണ്. 1994 മേയ് 21 ലെ കേരള കൗമുദി പത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരേ പരാതിയുള്ളവര്‍ അറിയിക്കണം എന്നൊരു പരസ്യം നല്‍കിയിരുന്നു.

സര്‍ക്കുലേഷന്‍ തീരെയില്ലാത്ത ഈ പത്രത്തില്‍ പരസ്യം വന്നതു കാരണം ആരും പരാതി നല്‍കാന്‍ എത്തിയില്ല. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണ്. അതിനാല്‍ ആ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് നിന്ന് ഡി. രാജ്കുമാര്‍ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹര്‍ജി നല്‍കിയത്. തൊട്ടുപിന്നാലെ ലോക്ഡൗണ്‍ വന്നതിനാല്‍ ഇതു വരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.

1903 ല്‍ അരുവിപ്പുറം ശ്രീ നാരായണ ധര്‍മ പരിപാലന യോഗം എന്ന പേരില്‍ സ്ഥാപിതമായ സമുദായ സംഘടനയ്ക്ക് അന്ന് തൊട്ടിന്നു വരെ 33 ലക്ഷത്തില്‍പ്പരം അംഗങ്ങളുണ്ട്. ഇവരില്‍ പലരും മരിച്ചു പോയി. ചിലര്‍ക്ക് നാലും അഞ്ചും സ്ഥലങ്ങളില്‍ നിന്ന് ഒരേ പേരില്‍, വ്യത്യസ്ത മേല്‍വിലാസത്തില്‍ അഞ്ചും ആറും അംഗത്വമുണ്ട്. എസ്എന്‍ഡിപി യോഗം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ വോട്ടുകള്‍ എല്ലാം ഒരാള്‍ തന്നെ ചെയ്യുന്നു.

ആനുപാതിക പ്രാതിനിധ്യം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 പേര്‍ക്ക് ഒരു വോട്ട് എന്നതാണ് കണക്ക്. അതായത് 200 സമുദായ അംഗങ്ങള്‍ക്കായി ഒരു പ്രതിനിധി വോട്ട് രേഖപ്പെടുത്തും. ഇങ്ങനെ വരുമ്പോള്‍ പന്തീരായിരത്തില്‍പ്പരം വോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ ആറായിരത്തോളം വോട്ട് മാത്രമാണ് പോള്‍ ചെയ്യപ്പെടുക. ഇങ്ങനെ ചെയ്യുന്നതില്‍ രണ്ടായിരത്തോളം മാത്രമാകും എതിര്‍ കക്ഷികള്‍ക്ക് ലഭിക്കുക.

ബാക്കി വെള്ളാപ്പള്ളി പക്ഷം കള്ളവോട്ടാക്കി മാറ്റും. ഒരാള്‍ തന്നെ അഞ്ചും ആറും വോട്ട് ചെയ്യും. വോട്ടെടുപ്പിന് പ്രിസൈഡിങ് ഓഫീസര്‍മാരായി ഇരിക്കുന്നത് എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരാണ്. ഇവര്‍ കള്ളവോട്ടിന് മുന്നില്‍ കണ്ണടയ്ക്കേണ്ടി വരും. വെള്ളാപ്പളളിക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭയന്നാണ് ഇത്. ഇക്കാര്യം ഇവര്‍ പുറത്ത് പറയാനും മടിക്കുന്നു.
ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് വെള്ളാപ്പള്ളി അധികാരത്തില്‍ തുടരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …