എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളുടെ യോഗം: കെ.കെ. മഹേശന്‍ ആത്മഹത്യ :എതിര്‍പ്പിന് തയാറെടുക്കുന്ന ശാഖ/യൂണിയന്‍ ഭരണസമിതി പിരിച്ചു വിടുമെന്ന വ്യക്തമായ സന്ദേശമാകും വെള്ളാപ്പള്ളിയും മകനും നല്‍കുക

17 second read

ആലപ്പുഴ: കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനും മുട്ടിടിച്ചു തുടങ്ങി. പൊലീസിനെയോ സര്‍ക്കാരിനെയോ ഭയന്നല്ല, മറിച്ച് സമുദായത്തിനുള്ളില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്ന പ്രക്ഷോഭമാണ് ഇവര്‍ ഭയക്കുന്നത്. ഇതു തടയാന്‍ ഇന്നു മുതല്‍ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുകയാണ്. ഒരു ശാഖയില്‍ നിന്നു പോലും എതിര്‍ശബ്ദം ഉണ്ടാകരുത് എന്ന് ഉറപ്പു വരുത്തുകയാണ് ഇവരുടെ ലക്ഷ്യം. അങ്ങനെ എതിര്‍പ്പിന് തയാറെടുക്കുന്ന ശാഖ/യൂണിയന്‍ ഭരണസമിതി പിരിച്ചു വിടുമെന്ന വ്യക്തമായ സന്ദേശമാകും വെള്ളാപ്പള്ളിയും മകനും നല്‍കുക.

അതേസമയം, അപ്പനും മോനും രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്ന പരിപാടി വീണ്ടും തുടങ്ങിയിട്ടുണ്ട്. അപ്പന്‍ ഒന്നു പറയും. മകന്‍ തുഷാര്‍ നേരെ വിപരീതമായി പറയും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഇവര്‍ ഇത്തരമൊരു നിലപാടാണ് എടുക്കുക. കാണുന്നവര്‍ വിചാരിക്കും അപ്പനും മോനും അത്ര രസത്തിലല്ല, എസ്എന്‍ഡിപിയില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയാന്‍ പോകുന്നു. ഒരു ചുക്കും സംഭവിക്കില്ല. രണ്ടു പേര്‍ക്കും അവര്‍ക്ക് വന്നു പെട്ടിരിക്കുന്ന തട്ടുകേടുകളില്‍ നിന്ന് രക്ഷപ്പെടണം. അത്ര മാത്രം.
മകന്‍ ബിജെപിയെ പുകഴ്ത്തുമ്പോള്‍ അപ്പന്‍ സിപിഎമ്മിനെ പൂകഴ്ത്തും. രണ്ടു കൂട്ടര്‍ക്കും സന്തോഷം. ഇത് അപ്പന്റെയും മകന്റെയും തന്ത്രമാണ് എന്ന് ആര്‍ക്കും ഇതു വരെ പിടികിട്ടാത്തതു കൊണ്ട് ഇപ്പോഴും ഇത് തുടരുന്നു.

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്തപ്പോള്‍ വെള്ളാപ്പളളി അദ്ദേഹത്തെ പുകഴ്ത്തുകയാണ് ചെയ്തത്. മഹേശന്‍ നല്ല മനുഷ്യന്‍, വിശ്വസ്തന്‍, മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററായിരുന്നു. അദ്ദേഹത്തിന് തട്ടിപ്പില്‍ പങ്കില്ല, അറസ്റ്റ് ഭയന്നാകണം ജീവനൊടുക്കിയത് എന്നിങ്ങനെയാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇന്നലെ ചേര്‍ത്തലയില്‍ പത്രസമ്മേളനം വിളിച്ച മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അച്ഛന്‍ പറഞ്ഞതിന് നേര്‍ വിപരീതമായിട്ടാണ് പറഞ്ഞത്.

മഹേശന് തട്ടിപ്പില്‍ പങ്കുണ്ട്. യോഗം അയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യ. പാന്‍കാര്‍ഡ്, റ്റുരേഖകള്‍ എന്നിവയുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നിന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു കത്ത്. അതിലൂടെ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെയാണ് ലക്ഷ്യമിട്ടതെന്നും തുഷാര്‍ ആരോപിച്ചിരുന്നു. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ക്രമക്കേടുകളുണ്ട്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നും തുഷാര്‍ പറയുന്നു.

ഈ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഒന്നു രണ്ടു കാര്യങ്ങള്‍ മനസിലാകും.
മൈക്രോഫിനാന്‍സ് തട്ടിപ്പിനെ കുറിച്ച് മനസാ വാചാ അറിയാത്ത യോഗം പ്രസിഡന്റ് ഡോ. സോമനെ കൂടി അച്ഛനും തനിക്കുമൊപ്പം തുഷാര്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകള്‍ മഹേശന്റെ കുടുംബത്തിനൊപ്പം നിന്ന് വെള്ളാപ്പള്ളിക്കും മകനുമെതിരേ പ്രക്ഷോഭം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് എന്ന് പറഞ്ഞ് അവരെ വിരട്ടി നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മഹേശന്റെ ആത്മഹത്യയില്‍ താനും അപ്പനും പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ അക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിന് നാളെ മുതല്‍ ജില്ലകള്‍ തോറും യൂണിയന്‍ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം വിളിക്കുന്നുണ്ട്. അടിത്തട്ടില്‍ നിന്നും തങ്ങള്‍ക്കെതിരേ ഉണ്ടാകാനിടയുള്ള പ്രതിഷേധം അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിക്കുന്നത്. ഏതെങ്കിലും യൂണിയനോ അവയുടെ കീഴില്‍ ഉള്ള ശാഖകളോ പ്രതിഷേധവുമായി വന്നാല്‍ അത് പിരിച്ചു വിടാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്.

എസ്എന്‍ഡിപി സമുദായത്തിലെ അംഗങ്ങളായ സാധാരണക്കാര്‍ക്ക് നേരത്തേ തന്നെ അപ്പനെയും മകനെയും ഇഷ്ടമല്ല. ഈ സംഭവം കൂടിയായതോടെ അവരുടെ രോഷം വര്‍ധിച്ചിട്ടുണ്ട്. പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന അഗ്‌നിപവര്‍തമായി സമുദായം മാറിക്കഴിഞ്ഞു. എവിടെയെങ്കിലും ഏതെങ്കിലുമൊരു യൂണിയനോ ശാഖയോ പ്രക്ഷോഭവുമായി വന്നാല്‍ അത് പൊട്ടിത്തെറിയാകും. പിന്നീട് അത് പിടിച്ചു നിര്‍ത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകള്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് എന്ന ഭീഷണില്‍ ഉയര്‍ത്തുന്നത്. ഇത് മറ്റ് യൂണിയനുകള്‍ക്ക് കൂടിയുള്ള ഭീഷണിയായി വേണം കാണാന്‍.

യൂണിയനുകളിലും ശാഖകളിലും ഭാരവാഹികളായിരിക്കുന്നവരില്‍ 90 ശതമാനം അവരുടെ വ്യക്തിഗത നേട്ടങ്ങളാണ് നോക്കുന്നത്. മകള്‍ക്ക്/മകന് എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ ജോലി, അല്ലെങ്കില്‍ പഠനം ഇതാണ് മിക്കവരുടെയും പ്രധാന അജണ്ട. അത് യാഥാര്‍ഥ്യമാകുന്നതോടെ ഇവര്‍ സമുദായ പ്രവര്‍ത്തനം നിര്‍ത്തി വീട്ടില്‍ കയറും. പിന്നെയും അത് തുടരുന്ന ചിലരുണ്ട്. നിലവില്‍ യോഗത്തിന്റെ കോളജിലും സ്‌കൂളിലും ജോലി ചെയ്യുന്നവരുടെ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാക്കന്മാര്‍. ഇവര്‍ക്ക് തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യമാണുള്ളത്. ഈ കാരണങ്ങളാല്‍ തന്നെ അധികാരം കൈയാളുന്ന വെള്ളാപ്പള്ളി കുടുംബത്തെ പിണക്കാന്‍ അവരാരും തയാറാകില്ല. എന്നാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എവിടെയെങ്കിലും ഒരു പ്രക്ഷോഭം ഉയര്‍ന്നാല്‍ മറ്റുള്ളവരും ആ വഴിയേ നീങ്ങുമെന്നതാണ് തുഷാറിനെയും വെള്ളാപ്പള്ളിയെയും ഭയപ്പെടുത്തുന്ന ഘടകം.

അത് അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമം ആണ് നടക്കുന്നത്. പൊലീസിനെയോ സര്‍ക്കാരിനെയോ അപ്പനും മകനും ഭയമില്ല. പക്ഷേ, കള്ളത്തരത്തിലൂടെ ഉറപ്പിച്ചു വച്ചിരുന്ന സിംഹാസനവും സാമ്രാജ്യവും ഇളകാന്‍ സമുദായാംഗങ്ങളുടെ രോഷം മാത്രം മതിയാകുമെന്ന് ഇവര്‍ക്കറിയാം. ഇവരുടെ കോട്ടകൊത്തളങ്ങളിലേക്ക് സാദാ സമുദായ പ്രവര്‍ത്തകര്‍ കലാപക്കൊടിയുമായി കടന്നു കയറുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ വിവിധ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ആത്മാഭിമാനം അല്‍പമെങ്കിലും അവശേിക്കുന്നുണ്ടെങ്കില്‍ അപ്പനെയും മകനെയും പുറത്താക്കാനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ തയാറാകണമെന്നാണ് സമുദായ പ്രവര്‍ത്തകരുടെ ആവശ്യം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …