വെള്ളാപ്പള്ളി എല്ലാ കുറ്റവും ക്രൈംബ്രാഞ്ചുകാരുടെ തലയില്‍ കെട്ടിവച്ചു: കൂട്ടിന് സുഭാഷ് വാസുവിനെയും വലിച്ചിട്ടു: മഹേശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ വെള്ളാപ്പള്ളി ‘പണി’ തുടങ്ങി

17 second read

ചേര്‍ത്തല: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ വെള്ളാപ്പള്ളി നടേശന്‍ കൈകാലിട്ട് അടി തുടങ്ങി. എന്തു വന്നാലും പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുമെന്നൊരു ബോധം ഉള്ളിലുണ്ടെങ്കിലും ബന്ധുക്കള്‍ പ്രക്ഷോഭം തുടങ്ങുകയും കോടതിയെ സമീപിക്കുകയും ചെയ്താല്‍ പണി കിട്ടുമെന്ന് മനസിലാക്കി ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി.

ഇന്നലെ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രസ്താവനകളും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇക്കാര്യം മനസിലാകും. ഉള്ളിലുള്ള ഭയവും പരിഭ്രമവും പുറമേ കാണിക്കാതെ ആരോ പഠിപ്പിച്ചു വിട്ട കാര്യങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്.

തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരനാണ് വെള്ളാപ്പള്ളി. അതിന്റെ ഭാഗമായിട്ടാണ് മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ് മഹേശന്റെ തലയില്‍ കെട്ടിവച്ച് വെള്ളാപ്പള്ളി ഊരിയത്. വയസാം കാലത്ത് അഴിയെണ്ണേണ്ടി വരുമെന്ന് മനസിലാക്കി അദ്ദേഹം നടത്തിയ കരുനീക്കങ്ങളാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ എത്തി നിന്നത്. ഈ സംഘമാകട്ടെ വെള്ളാപ്പള്ളിക്ക് വേണ്ടി വിടുപണി ചെയ്യാന്‍ ഒരു ഉളുപ്പുമില്ലാതെ തയാറായി. ഏറ്റവുമധികം മാനസിക പീഡനം നടത്തിയത് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. സന്തോഷും എ.എസ്.ഐ ഗോപകുമാറും ആണെന്ന് മഹേശന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് വെള്ളാപ്പള്ളിക്ക് വേണ്ടിയാണെന്നും കുറിപ്പില്‍ പറയുന്നു.

ഈ കുറിപ്പിലെ ചില വാചകങ്ങള്‍ മാത്രം തനിക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഒരു പിടിവള്ളിയാക്കി, അതില്‍ തൂങ്ങി കിടക്കുകയാണ് നടേശന്‍. കുറ്റമെല്ലാം ക്രൈംബ്രാഞ്ചുകാരുടെയാണെന്ന് നടേശന്‍ പറയുന്നു. അതിനൊപ്പം മഹേശന്‍ നിരപരാധിയാണെന്നും അയാള്‍ വെറും കോ-ഓര്‍ഡിനേറ്റര്‍ മാത്രമാണെന്നും വെള്ളാപ്പള്ളി പറയുന്നത് അയാളുടെ അതിബുദ്ധിയാണ് വ്യക്തമാക്കുന്നത്. തനിക്കും മകനുമെതിരേ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ട് കത്തെഴുതിയ മഹേശനെ കുറ്റപ്പെടുത്താതെ ഇരിക്കുന്നതിലൂടെ ഡബിള്‍ ഗെയിമാണ് നടേശന്‍ കളിക്കുന്നത്.

മൈക്രോഫിനാന്‍സ് കേസില്‍ മഹേശന്‍ അറസ്റ്റ് ഭയന്നിരുന്നുവെന്നും അങ്ങനെ അയാളുടെ മാനസിക നില തെറ്റിയാണ് ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും തട്ടി വിടുന്ന വെള്ളാപ്പള്ളി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണോ എന്നു ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാനില്ല. മഹേശനെ നിരന്തരം സമ്മര്‍ദത്തിലാഴ്ത്തിയ ക്രൈംബ്രാഞ്ച് സംഘം അത് നടേശന് വേണ്ടി തന്നെ ചെയ്തതാണ്. ഈ വിവരം ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിക്കും അറിയാമായിരുന്നുവെന്നാണ് സൂചന. അദ്ദേഹം നിശബ്ദത പാലിച്ചതും അതു കൊണ്ടു തന്നെയാകണം.

വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശനെ സമ്മര്‍ദത്തിലാഴ്ത്തിയ ക്രൈംബ്രാഞ്ച് സംഘം ശരിക്കും മണ്ടന്മാരാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിന്നൂരാന്‍ വേണ്ടി ഒരു നിരപരാധിയുടെ തലയില്‍ എല്ലാം കെട്ടിവയ്ക്കാന്‍ നോക്കുന്ന വെള്ളാപ്പളളി, ഒരു തട്ടു കേട് വന്നാല്‍ അത് തങ്ങളുടെ തലയിലേക്ക് വയ്ക്കുമെന്ന് ചിന്തിക്കാനുള്ള കോമണ്‍ സെന്‍സു പോലും ക്രൈംബ്രാഞ്ച് പൊലീസുകാര്‍ക്കില്ലാതെ ആയിപ്പോയി. ഇന്നലെ അതാണ് സംഭവിച്ചത്. വെള്ളാപ്പള്ളി എല്ലാ കുറ്റവും ക്രൈംബ്രാഞ്ചുകാരുടെ തലയില്‍ കെട്ടിവച്ചു. കൂട്ടിന് സുഭാഷ് വാസുവിനെയും വലിച്ചിട്ടു. സുഭാഷ് വാസു ഇപ്പോള്‍ ഒളിവിലാണ്. അവിടെ ഇരുന്നു കൊണ്ട് ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാന്‍ മാത്രം ശക്തനൊന്നുമല്ല അദ്ദേഹം. അതു മാത്രമല്ല, സാമുദായികവും രാഷ്ട്രീയവുമായി ഒരു പിന്തുണയുമില്ലാത്ത, ഏതു നിമിഷവും അകത്ത് പോയേക്കാവുന്ന സുഭാഷ് വാസുവിന് വേണ്ടി വിടുപണി ചെയ്യാന്‍ മാത്രം വിഡ്ഢിത്തം എന്തായാലും ക്രൈംബ്രാഞ്ച് സംഘം കാണിക്കില്ലെന്ന് ഇവിടുത്തെ സാദാ സാമുദായിക പ്രവര്‍ത്തകര്‍ക്ക് അറിയാം.

ഇവിടെ ക്രൈംബ്രാഞ്ച് വിടുപണി ചെയ്തത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം കൂടി കൊണ്ടാകണം. മകനെ ബിജെപിയില്‍ വിട്ട് സ്വയം സിപിഎമ്മിനും സര്‍ക്കാരിനും പിന്തുണ പ്രഖ്യാപിച്ച് സ്വന്തം സുരക്ഷിതത്വം ഉറപ്പിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി. ഉറപ്പായും സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ സമുദായ നേതാവിന് ഒപ്പം നില്‍ക്കും. മഹേശന്റ ആത്മഹത്യയെപ്പറ്റി ഒരു രാഷ്ട്രീയ പാര്‍ട്ടിയും മിണ്ടുന്നില്ല. അതാണ് വെള്ളാപ്പള്ളിക്ക് കിട്ടിയിരിക്കുന്ന ഗുണവും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…