സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

18 second read

കൊച്ചി: പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകന്‍, സീരിയല്‍ നടന്‍ തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സി ഐ ഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്‌നേഹ ഗാഥ’, ‘മിസ്റ്റര്‍ പവനായി 99.99’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍.

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായാണ് രാജുവിന്റെ ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21-ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.

പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. പിന്നീടു കൊച്ചിയിലെത്തിച്ചു. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്നു മസ്‌കത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണു ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …