ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് വീണ്ടും 15 സര്‍വീസുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വന്ദേഭാരത് മിഷന്‍ ഖത്തര്‍ രണ്ടാം ഘട്ട തുടര്‍ സര്‍വീസുകളുടെ ഭാഗമായാണിത്. ഇന്ത്യയിലേക്ക് അനുവദിച്ച 21 സര്‍വീസുകളില്‍ 15 എണ്ണവും കേരളത്തിലേക്കാണ്. പുതിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ 9 മുതല്‍ അടുത്ത സര്‍വീസ് തുടങ്ങും.
കൊച്ചി (4), കണ്ണൂര്‍ (3), തിരുവനന്തപുരം (4), കോഴിക്കോട് (4) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ജൂണ്‍ 9 ന് ആരംഭിക്കുന്ന സര്‍വീസ് ജൂണ്‍ 19 വരെ നീളും. കേരളത്തിന് പുറമേ, മുംബൈ, ലക്നൗ, മധുര, ട്രിച്ചി, ഡല്‍ഹി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും ഓരോ സര്‍വീസുകള്‍ വീതവുമുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി മേയ് 9 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് 2 സര്‍വീസുകളാണ് നടത്തിയത്. രണ്ടാം ഘട്ടത്തില്‍ ഈദുല്‍ ഫിത്റിന് മുമ്പ് 3 സര്‍വീസും ഈദിന് ശേഷം 5 സര്‍വീസുകളുമാണ് അനുവദിച്ചത്. ഈദിന് ശേഷം പ്രഖ്യാപിച്ച തുടര്‍ സര്‍വീസുകള്‍ നാളെ കണ്ണൂരിലേക്ക് കൂടി വിമാനം പോകുന്നതോടെ സമാപിക്കും.
ഇന്ത്യയിലേക്ക് മടങ്ങാനായി 45,000 പേരാണ് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 28,000 ത്തോളം പേരും മലയാളികളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്ന് പോയ 17 വിമാനങ്ങളിലായി ഇതുവരെ 76 കുട്ടികളും 2,828 മുതിര്‍ന്നവരുമാണ് ഇന്ത്യയിലെത്തിയത്. ജൂണ്‍ 9 ന് ആരംഭിക്കുന്ന പുതിയ ഷെഡ്യൂളില്‍ 15 ഓളം സര്‍വീസുകള്‍ കേരളത്തിന് അനുവദിച്ചതിലൂടെ കോവിഡ് 19 പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന കൂടുതല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 9ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം.