ആക്ഷന്‍ ഹിറോ ബിജുവിലെ പട്ടി കടി സീന്‍ വീണ്ടും ചര്‍ച്ചയാകുന്നു: പട്ടിയെ വിട്ടു കടിപ്പിച്ചാലും പാമ്പിനെ വിട്ടു കടിപ്പിച്ചാലും ഒരു പോലെ: സൂരജിന് എതിരേ വനംവകുപ്പും കേസ് എടുക്കും

16 second read

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ വിട്ടു കടിപ്പിച്ച കേസ് സംസ്ഥാനത്തെ നടുക്കുമ്പോള്‍ മിക്കവരുടെയും മനസില്‍ ഓര്‍മ വരിക എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയാകും. അതില്‍ ഒരു കൊച്ചുകുട്ടിയെ പട്ടി കടിക്കുന്ന സീനുണ്ട്. പട്ടി സ്വയം കടിച്ചതല്ല, അതിനെ അഴിച്ചു വിട്ടു കടിപ്പിച്ചതാണെന്നും അങ്ങനെ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും ചില പൊലീസുകാര്‍ പോലും അറിഞ്ഞത് സിനിമ കണ്ടതിന് ശേഷമാണ്. അതേ പോലെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. ഓര്‍ ബൈ മീന്‍സ് ഓഫ് എനി ആനിമല്‍ എന്നുള്ള നിവിന്‍ പോളിയുടെ ഡയലോഗ് വച്ച് ഇതു സംബന്ധിച്ച് ട്രോളും വന്നു കഴിഞ്ഞു.

പതിനായിരം രുപ കൊടുത്താണ് സൂരജ് കരിമൂര്‍ഖനെ സുഹൃത്തായ പാമ്പ് സുരേഷില്‍ നിന്ന് വാങ്ങിയത്. ഉത്രയെ കടിപ്പിച്ച ശേഷം ഇതിനെ തിരികെ കൊണ്ടു പോകാനായിരുന്നു സൂരജിന്റെ പദ്ധതി. എന്നാല്‍ കൃത്യം നടത്തിയ ശേഷം പാമ്പിനെ കൈപ്പടിയില്‍ ഒതുക്കാന്‍ ഇയാള്‍ക്കായില്ല. ടൈലിട്ട തറയിലേക്ക് വീണ പാമ്പിന് ഇഴഞ്ഞു പോകാന്‍ കഴിഞ്ഞില്ല. തെന്നി മാറുന്ന പാമ്പിനെ പിടികൂടാന്‍ സൂരജിനുമായില്ല. പാമ്പ് ഉത്രയെ കടിക്കുന്നത് നേരില്‍ കണ്ട സൂരജിന്റെ മനസ് അല്‍പം പതറുകയും ചെയ്തു. ഇതോടെ പാമ്പ് ഒരു വിധത്തില്‍ മുറിയിലുണ്ടായിരുന്ന അലമാരയ്ക്ക് അടിയിലേക്ക് കയറുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉത്ര മരിച്ച വിവരം അറിയുകയും ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വരികയും ചെയ്തപ്പോള്‍ സൂരജിന് കൂടെപ്പോകാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു.

മരണം പാമ്പു കടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ ആദ്യം ഉത്രയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. അണലി കടിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്നു ഉത്രയെന്നും അതു കൊണ്ട് മരിക്കാന്‍ സാധ്യതയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. മരണകാരണം അണലിയല്ല, മൂര്‍ഖന്‍ കടിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെയാണ് ഇവര്‍ വീട്ടില്‍ തിരികെ എത്തി ഉത്രയുടെ മുറി പരിശോധിച്ചത്. അപ്പോഴാണ് അലമാരയ്ക്കടിയില്‍ കരിമൂര്‍ഖനെ കണ്ടതും തല്ലിക്കൊന്നതും. ഇതോടെ മകള്‍ പാമ്പു കടിയേറ്റ് മരിച്ചുവെന്ന് മാത്രമാണ് മാതാപിതാക്കള്‍ വിശ്വസിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണ് എന്ന് സ്വപ്നത്തില്‍പ്പോലും അവര്‍ കരുതിയില്ല. ഇത് അവിശ്വസനീയമായി തോന്നിയവര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ആസൂത്രിത കൊലപാതകം ആണെന്ന് മനസിലായത്.

വനംവന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ 40 ല്‍പ്പെട്ട മൂര്‍ഖന്‍ പാമ്പ് സംരക്ഷിത ജീവിയാണ്. ഇതിനെ കൊല്ലാനോ വില്‍ക്കാനോ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലാകാവുന്ന കുറ്റമാണ്. പാമ്പിനെ പിടികൂടി കൈയില്‍ സൂക്ഷിച്ചതിനും വിറ്റതിനും അതിനെ അടിച്ചു കൊന്നതിനുമാണ് സൂരജിനും സുഹൃത്തായ പാമ്പ് സുരേഷിനുമെതിരേ വനംവകുപ്പ് കേസ് എടുത്തിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …