കൊച്ചി: ഷൂട്ടിങ്ങിനിടെ ലോക്ഡൗണ്‍മൂലം ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്.
വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എല്ലാവരെയും ക്വാറന്റീനിലേക്കുമാറ്റി. പൃഥ്വി സ്വന്തം ചെലവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്റീനിലാണ്. തിരുവല്ലയിലാണ് ബ്ലെസി നിരീക്ഷണത്തില്‍ കഴിയുന്നത്.
‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്‍ദനിലേക്ക് പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങി. സ്ഥിതി മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ഡല്‍ഹിവഴി കൊച്ചിയിലേക്ക് പറന്നത്.
സ്വയം വാഹനമോടിച്ച് ക്വാറന്റീനിലേക്ക്
പൃഥ്വിരാജ് കൊച്ചിയിലെത്തുമ്പോള്‍ മാനേജര്‍ ഹാരിസ് ദേശം കാറുമായെത്തിയിരുന്നു. ”പ്രിയപ്പെട്ട ബി.എം.ഡബ്ല്യു. കാറുമായി വരണമെന്ന് പറഞ്ഞിരുന്നു. ക്വാറന്റീനില്‍ കഴിയുന്ന ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലിലേക്ക് രാജു സ്വയം വാഹനമോടിച്ചാണ് പോയത്. പോലീസിന്റെ അനുമതിയും വാങ്ങി. ഡ്രൈവറെക്കൂട്ടിയാല്‍ അയാളും നിരീക്ഷണത്തിലാവും. മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ തനിച്ച് ഡ്രൈവ് ചെയ്യാമെന്ന് പൃഥ്വിതന്നെയാണ് നിര്‍ദേശിച്ചത്” -ഹാരിസ് പറഞ്ഞു.