കോവിഡ് കാലത്ത് ‘സ്വാന്‍’ എന്ന വാല്‍നക്ഷത്രമെത്തുന്നത് മറ്റൊരു അപശകുനമോ?: വാല്‍നക്ഷത്രങ്ങള്‍ എന്നും അപശകുനത്തിന്റെ ലക്ഷണം

16 second read

വാല്‍നക്ഷത്രം.ശിലാവശിഷ്ടങ്ങളും പൊടിയും മറ്റും മഞ്ഞിനാല്‍ ചുറ്റപ്പെട്ട ഗോളങ്ങള്‍. സെയിന്റ് ലോറന്‍സ് പുണ്യാളന്റെ ജ്വലിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍.
വാനത്തിനപ്പുറം വാല്‍ ഉയര്‍ത്തിപ്പായുന്ന ഇവറ്റകള്‍ എന്നുമൊരു പ്രഹേളികയായിരുന്നു.ദുരന്തങ്ങളുടേയും ദുരിതങ്ങളുടേയും മുന്നോടിയായിട്ടായിരുന്നു പുരാതന ഗ്രീക്കുകാരും റോമാക്കാരും വാല്‍നക്ഷത്രങ്ങളുടെ വരവിനെ കണ്ടിരുന്നത്. ഇപ്പോഴിതാ ഈ കോവിഡ് കാലത്ത് സ്വാന്‍ എന്ന വാല്‍നക്ഷത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്തിന്റെ സൂചനയാണോ ആവോ?

ബി. സി. 44 ലെ ഒരു വസന്തകാലത്ത് പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രം ജൂലിയസ് സീസറിന്റെ മരണത്തെയായിരുന്നത്രെ സൂചിപ്പിച്ചിരുന്നത്. സീസറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴായിരുന്നു വാല്‍നക്ഷത്രം ആകാശത്ത് എരിഞ്ഞടങ്ങിയത്. ഈ സംഭവം ദൈവീകവത്ക്കരിച്ചാണ് സീസറിന്റെ പുത്രനായ അഗസ്റ്റസ് ചക്രവര്‍ത്തി സീസറിന്റെ മുഖവും, എരിഞ്ഞടങ്ങുന്ന വാല്‍നക്ഷത്രത്തിന്റെ ചിത്രവുമായി നാണയങ്ങള്‍ ഇറക്കിയത്. ഇതോടെ സീസര്‍ ദൈവവത്ക്കരിക്കപ്പെടുകയും അഗസ്റ്റസ് ദൈവപുത്രനായി വാഴ്ത്തപ്പെടുകയും ചെയ്തു.

ഈജിപ്ഷ്യന്‍ രാജ്ഞിയായ ക്ലിയോപാട്രയുടെ മരണത്തിനും തൊട്ടുമുന്‍പായി ഒരു വാല്‍നക്ഷത്രം എത്തിയിരുന്നതായി പറയപ്പെടുന്നു. അവരുടെ മരണശേഷം അത് ആകാശത്തില്‍ എരിഞ്ഞടങ്ങുകയും ചെയ്തുവത്രെ. കൃസ്ത്യന്‍ വിശ്വാസമനുസരിച്ച് സെയിന്റ് ലോറന്‍സിന്റെ രക്തസാക്ഷിത്വവുമായും വാല്‍നക്ഷത്രങ്ങള്‍ക്കും ഉല്‍ക്കാപാതത്തിനും ബന്ധമുണ്ട്. പുണ്യാളന്റെ ജ്വലിക്കുന്ന കണ്ണുനീര്‍ തുള്ളികളായിട്ടായിരുന്നു താഴേക്ക് പതിക്കുന്ന ഉല്‍ക്കകളെ കണക്കാക്കിയിരുന്നത്.

വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും എന്നും മനുഷ്യരില്‍ അദ്ഭുതം ജനിപ്പിച്ചിട്ടുള്ള വസ്തുക്കളാണ്.മറ്റ് ഗ്രഹങ്ങളെ പോലെ ഇവയും സൂര്യനു ചുറ്റും ഭ്രമണം നടത്തി സ്വയം എരിഞ്ഞടങ്ങുന്നു. ഇതിന്റെ അവശിഷ്ടങ്ങളാണ് പിന്നീട് ഉല്‍ക്കാപാതമായി എത്തുന്നത്. അത്തരത്തില്‍ ഒരു മഞ്ഞുഗോളമാണ് ഇപ്പോള്‍ 11 മില്ല്യണ്‍ മൈല്‍ നീളമുള്ള വാലുമായി ദൃശ്യമാകുന്നത്.
സ്വാന്‍ എന്ന് പേരിട്ട ഈ വാല്‍നക്ഷത്രത്തിന്റെ വരവ് ആദ്യം കണ്ടുപിടിച്ചത് ഓസ്ട്രേലിയന്‍ വാനനിരീക്ഷകനായ മൈക്കല്‍ മാറ്റിയാസോ ആണ്. ഇത് ഭൂമിയെ മറികടന്ന് പോയിക്കഴിഞ്ഞിരിക്കുന്നു എങ്കിലും കൂടുതല്‍ തിളക്കമാര്‍ന്നതാകുന്നത് സൂര്യനെ സമീപിക്കുംതോറുമാണ്.ഭൂമിയുടെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഉള്ളവര്‍ക്കാണ് ഈ വാല്‍നക്ഷത്രത്തെ കൂടുതല്‍ വ്യക്തമായി കാണുവാനാകുക. എന്നാല്‍ ഉത്തരാര്‍ദ്ധഗോളത്തിലുള്ളവര്‍ക്കും, നേരം പുലരുന്നതിന് തൊട്ടു മുന്‍പായി ഇത് ദൃശ്യമാകൂം. ഭൂമിയില്‍ നിന്നും ഏകദേശം 53 ദശലക്ഷം മൈലുകള്‍ക്കപ്പുറമുള്ള സ്വാന്‍, പക്ഷെ ഭൂമിയെ സംബന്ധിച്ച് ഒരു സുപ്രധാന വാല്‍നക്ഷത്രമായായാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി കണക്കാക്കുന്നത്.

ബാബിലോണിയന്‍ സംസ്‌കാരത്തിലും വാല്‍നക്ഷത്രങ്ങള്‍ക്ക് അമിത പ്രാധാന്യമുണ്ടായിരുന്നു. ഒരു വാല്‍ നക്ഷത്രത്തിന്റെ വരവോടെ അഗ്നി ബാധയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നു. വാല്‍നക്ഷത്രത്തിന്റെ ശാപത്തില്‍ നിന്നും മോചനം നേടാന്‍ നീറോ ചക്രവര്‍ത്തിക്ക്, തന്റെ അനന്തരാവകാശികളാകാന്‍ സാദ്ധ്യതയുള്ളവരെയെല്ലാം ബലി നല്‍കേണ്ടിവന്നതായും പറയുന്നുണ്ട്.

പൗരാണിക കാലത്ത് കിഴക്കന്‍ അര്‍ദ്ധഗോളത്തില്‍ വാനനിരീക്ഷണം വളരെ വ്യാപകമായിരുന്നു. 36 എ ഡി മുതല്‍ക്കുള്ള വാല്‍നക്ഷത്രങ്ങളുടെ വിവരങ്ങള്‍ ചൈനാക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 4.6 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥത്തിന്റെ ആവിര്‍ഭാവ സമയത്ത് ബാക്കിയായ അവശിഷ്ടങ്ങളാണ് വാല്‍ നക്ഷത്രങ്ങള്‍ എന്നാണ് ആധുനിക ശാസ്ത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, അമോണിയ, മീഥെയ്ന്‍ തുടങ്ങി പല വാതകങ്ങളും പൊടിയും ശിലാവശിഷ്ടങ്ങളുമൊക്കെ മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്ന ഇവയെ ”വൃത്തികെട്ട മഞ്ഞ്ഗോളങ്ങള്‍” എന്നും വിളിക്കുന്നു.

ഇത്തരത്തിലുള്ള ചില വാല്‍നക്ഷത്രങ്ങളില്‍ നിന്നാണ് ഭൂമിയില്‍ ഓര്‍ഗാനിക് തന്മാത്രകളും ജലവും എത്തിയതെന്നും ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. ഇവ സൂര്യനെ വലംവയ്ക്കുന്നു എങ്കിലും, ഇവയില്‍ മിക്കവയും പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും പുറത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇടക്കിടക്ക് വഴിതെറ്റി ഇവ സൗരയൂഥത്തിന്റെ അകത്ത് എത്തിച്ചേരും. ചില വാല്‍നക്ഷത്രങ്ങള്‍ കൂടെക്കൂടെ അങ്ങിനെയെത്തുമ്പോള്‍ മറ്റു ചിലവ നൂറ്റാണ്ടുകളിലൊരിക്കല്‍ മാത്രം സൗരയൂഥത്തിനകത്ത് കടക്കുന്നു.

76 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം ദൃശ്യമാകുന്ന വാല്‍ നക്ഷത്രമാണ് ഹാലിയുടെ വാല്‍നക്ഷത്രം. 1986 ലാണ് ഇത് അവസാനമായി ദൃശ്യമായത്. അത് സൂര്യനെ ലക്ഷ്യമാക്കി പായുമ്പോള്‍ അഞ്ചോളം ബഹിരാകാശപേടകങ്ങള്‍ അതിന് സമീപം ചെന്ന് പല അമൂല്യ വിവരങ്ങളും ശേഖരിക്കുകയുണ്ടായി. 80% ഐസും വെള്ളവും ചേര്‍ന്ന വാല്‍നക്ഷത്രങ്ങളുടെ ന്യുക്ലിയസ്സിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. വാല്‍നക്ഷത്രത്തിലെ ഐസില്‍ 80% ജലം ഘനീഭവിച്ചുണ്ടായതാണെങ്കില്‍ 15% വരെ ഘനീഭവിച്ച കാര്‍ബണ്‍ മോണൊക്സൈഡ് എന്ന വിഷവാതകമാണ്.

ഇപ്പോള്‍ ദൃശ്യമാകുവാന്‍ പോകുന്ന സ്വാന്‍ എന്ന വാല്‍നക്ഷത്രം 11,597 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് സൗരയൂഥത്തില്‍ പ്രവേശിക്കുക. ഏകദേശം 10 ദശലക്ഷം മൈല്‍ നീളംവരുന്ന ഇളം നീല നിറത്തോടുകൂടിയ വാലാണ് ഇതിന്റെ പ്രത്യേകത. ഇപ്പോള്‍ അത്ര വ്യക്തമല്ലാത്ത ഈ വാല്‍നക്ഷത്രം, മെയ് അവസാനത്തോടെ കൂടുതല്‍ വ്യക്തമായി കാണാനാകും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത്രനാള്‍ ഇത് ഉണ്ടാവുമോ എന്ന കാര്യവും സംശയമാണ്. സാധാരണയായി സൂര്യനെ സമീപിക്കും തോറും കൂടുതല്‍ ഭാഗങ്ങള്‍ ഇതില്‍ നിന്നും പുറത്തേക്ക് വമിക്കുകയും കൂടുതല്‍ തിളക്കമാര്‍ന്നതാവുകയും ചെയ്യും.

ചിലപ്പോള്‍ സൂര്യനെ സമീപിക്കുന്നതിനിടയില്‍ ഇവ പൊട്ടിത്തകര്‍ന്ന് പോവുകയും ചെയ്തേക്കാം. കഴിഞ്ഞ മാസം അറ്റ്ലസ് എന്ന വാല്‍നക്ഷത്രം ഇപ്രകാരം തകര്‍ന്നിരുന്നു.ഈ അപകടമേഖലയിലേക്കാണ് ഇപ്പോള്‍ സ്വാന്‍ വാല്‍നക്ഷത്രവും പ്രവേശിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …