നെടുമ്പാശേരിയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് കോട്ടയത്ത് നിന്ന് റാന്നിക്ക് പോകാതെ പത്തനംതിട്ട വഴി വിട്ടത് എന്തിന്? ബസില്‍ കയറി കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലക്ടര്‍ എന്തു കൊണ്ട് ക്വാറന്റീനില്‍ പോകുന്നില്ല? വിവാദം കൊഴുക്കുന്നതിനിടെ പത്തനംതിട്ട ഡിഎംഓ അവധിയില്‍ പ്രവേശിച്ചു: മകളുടെ പ്രസവത്തിന് വേണ്ടിയെന്ന് വിശദീകരണം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ ക്വാറന്റീനിലും വീഴ്ച: കോവിഡ് പ്രതിരോധത്തില്‍ മാതൃക തീര്‍ത്ത പത്തനംതിട്ടയില്‍ നടക്കുന്നത് എന്ത്?

16 second read

പത്തനംതിട്ട: ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം ഒരു പിടി വിവാദങ്ങളും ഉയരുന്നു. സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് വന്ന ആദ്യ ഫ്ളൈറ്റില്‍ ഉണ്ടായിരുന്ന വായ്പൂര്‍ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ സ്വീകരിക്കാന്‍ ബസില്‍ കയറിയ ജില്ലാ കലക്ടര്‍ പിബി നൂഹ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും എന്നിട്ടും ക്വാറന്റീനില്‍ പോകാതെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ സാന്നിധ്യമാകുന്നുവെന്നുമാണ് പുതിയ വിവാദം. കലക്ടറോട് എതിര്‍പ്പ് അറിയിച്ച് ഡിഎംഓ ഡോ. എ.എല്‍. ഷീജ ഒരു മാസം അവധിയില്‍ പ്രവേശിച്ചുവെന്നും പ്രചാരണം. എന്നാല്‍, ഡിഎംഓ അവധിയില്‍ പ്രവേശിച്ചത് മകളുടെ പ്രസവ ആവശ്യത്തിന് വേണ്ടിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അബുദബിയില്‍ നിന്ന് വന്ന 69 വയസുള്ള വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജില്ലയില്‍ നിന്നും ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

എട്ടിന് പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്പൂര്‍ സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ റാന്നി ഗേറ്റ് വേ റസിഡന്‍സി കോവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലാണ്. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആറുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അഞ്ചുപേരുടെ ഫലങ്ങള്‍ നെഗറ്റീവായി.

ഇവരെ നെടുമ്പാശേരിയില്‍ നിന്ന് കൊണ്ടു വന്നത് കോട്ടയം ജില്ലക്കാര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലായിരുന്നു. കോട്ടയത്ത് നിന്ന് റാന്നിയിലേക്ക് കെകെ റോഡിലൂടെ മണിമല എത്തി വരുന്നതാണ് എളുപ്പ വഴി. എന്നാല്‍, ഈ ബസ് എംസി റോഡിലൂടെ തിരുവല്ല വന്ന് പത്തനംതിട്ടയില്‍ എത്തി ചുറ്റിക്കറങ്ങിയാണ് റാന്നിക്ക് പോയത്. ബസ് സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ വന്നപ്പോള്‍ ജില്ലാ കലക്ടര്‍ പിബി നൂഹ് സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം ബസില്‍ കയറി ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തി. മുഖാവരണം ധരിച്ചിരുന്നെങ്കിലും കൈയുറ ഒന്നും കലക്ടര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അടുത്ത് ഇടപഴകിയ ആളെന്ന നിലയ്ക്ക് സ്വാഭാവികമായും കലക്ടര്‍ ക്വാറന്റീനില്‍ പോകേണ്ടിയിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. കലക്ടര്‍ക്ക് വാര്‍ത്ത സൃഷ്ടിക്കാനും പിആര്‍ വര്‍ക്കിന് സൗകര്യം ഒരുക്കുന്നതിനുമായിട്ടാണ് കെഎസ്ആര്‍ടിസി ബസ് ചുറ്റിക്കറങ്ങി പോയതെന്നും ആരോപണം ഉയരുന്നു. ദീര്‍ഘയാത്രയില്‍ ക്ഷീണിച്ചു പോയ യാത്രക്കാരെ നേരെ റാന്നിയിലെ കെ ഗേറ്റ് റസിഡന്‍സിയില്‍ ഒരുക്കിയ കോവിഡ് സെന്ററിലേക്ക് കൊണ്ടു പോയാല്‍ മതിയായിരുന്നു.

ഇവര്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെ കാത്തു നില്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് വണ്ടി പത്തനംതിട്ട വഴി തിരിച്ചു വിട്ട കാര്യം അറിയുന്നത്.
കൂട്ടത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം വൈകിപ്പിക്കാനും വന്ന തീയതി തെറ്റിച്ചു നല്‍കാനും നീക്കം നടന്നു. പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് തിങ്കളാഴ്ച തന്നെ അറിഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. അന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ രോഗി വന്ന തീയതി ആദ്യം തെറ്റായിട്ടാണ് നല്‍കിയിരുന്നത്. കലക്ടര്‍ സന്ദര്‍ശിച്ച രോഗിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തേ അറിയാമായിരുന്നതിനാല്‍ ഇത് പിന്നീട് തിരുത്തേണ്ടി വന്നു.

പത്തനംതിട്ടയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യേണ്ട ബാധ്യത പൊലീസിനാണ് ഇപ്പോള്‍. പാതിരായ്ക്ക് വന്നിറങ്ങുന്നവരുമായി കോവിഡ് സെന്ററുകളിലേക്ക് പൊലീസിന്റെ നെട്ടോട്ടമാണ്. അവിടെ ചെല്ലുമ്പോള്‍ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

തങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയിട്ടില്ല എന്നാണ് സെന്റര്‍ ചുമതലയുള്ളവര്‍ പറയുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുമ്പോള്‍ ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ നമ്പര്‍ കൊടുക്കും. ഇതില്‍ വിളിച്ചാല്‍ ഒന്നുകില്‍ എടുക്കില്ല, അഥവാ എടുത്താല്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍ പറയും. വീണ്ടും കണ്‍ട്രോള്‍ റൂമിലേക്ക്…അവിടെ നിന്ന് തിരികെ മുന്‍പു പറഞ്ഞ ഉദ്യോഗസ്ഥനിലേക്ക്. നേരം വെളുക്കുന്നതു വരെ ഇങ്ങനെ പാമ്പും കോണിയും കളിക്കേണ്ട ഗതികേടിലാണ് പൊലീസുകാര്‍. കൊട്ടിഘോഷിച്ച കോവിഡ് പ്രതിരോധം തീര്‍ത്ത ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ വമ്പന്‍ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. വിദേശത്ത് നിന്ന് വരുന്നവരെ ഒരു മാതിരി ഒക്കെ ക്വാറന്റീന്‍ ചെയ്യുന്നുണ്ടെങ്കിലും ഇതര സംസ്ഥാനത്ത് നിന്നു വരുന്നവരുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. അവരെ തീര്‍ത്തും അവഗണിക്കുകയാണ് എന്നു തന്നെ പറയാം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …