ആഴം കുറഞ്ഞ കിണര്‍: മുട്ടൊപ്പം വെള്ളം: മൃതദേഹത്തില്‍ ചുരിദാറിന്റെ പാന്റുണ്ടായിരുന്നില്ല: ദൃക്സാക്ഷി മൊഴികള്‍ പറഞ്ഞു പഠിപ്പിച്ച പോലെ: കിണറ്റില്‍ ചാടിയെന്ന് പറയുന്ന സമയത്തിലും അവ്യക്തത: തിരുവല്ല ബസീലിയ സന്യാസിനി മഠത്തിലെ ദിവ്യ പി ജോണിന്റെ മരണത്തില്‍ അടിമുടി ദുരൂഹത

16 second read

തിരുവല്ല: പാലിയേക്കര ബസീലിയ സന്യാസിനി മഠത്തിലെ സന്യസ്ത വിദ്യാര്‍ഥിനി ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിന്റെ മരണത്തില്‍ അടിമുടി ദുരൂഹത. രാഷ്ട്രീയ നേതൃത്വവും പൊലീസും ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള നീക്കം തുടങ്ങി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളാണ് ഈ വിഷയത്തില്‍ ട്രൂ വാര്‍ത്ത മുന്നോട്ടു വയ്ക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയത്തില്‍ നിന്ന് കൈയെടുത്തു കഴിഞ്ഞു.
ദിവ്യ മരിച്ചു കിടന്ന കിണറ്റില്‍ നിന്ന് തുടങ്ങുന്നു ദുരൂഹതയുടെ കടലാഴം. കിണറിന് ആഴം കുറവാണ്. റിങ് ഇറക്കിയിരിക്കുന്നതിനാല്‍ വ്യാസവും ചെറുത്. മുട്ടറ്റം വെള്ളമാണ് കിണറ്റില്‍ ഉണ്ടായിരുന്നത്. അതായത് കിണറ്റിലേക്ക് എടുത്തു ചാടുന്ന ഒരു വ്യക്തിക്ക് മരിക്കാനുള്ള ആഴമോ വെള്ളമോ കിണറിനില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം വെള്ളം കുടിച്ചാണെന്ന് പറയുന്നു. മുട്ടറ്റം വെള്ളത്തില്‍ മുങ്ങി മരണം ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. കിണറ്റിലേക്ക് ചാടിയ വഴി തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെങ്കില്‍ ആ വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്നു. എന്നാല്‍, പ്രാഥമിക നിഗമനം അനുസരിച്ച് വെള്ളം കുടിച്ചുള്ള മരണമാണ്. മൃതദേഹം കൈകാലുകള്‍ മടങ്ങി ചുരുണ്ട നിലയിലാണ് കിടന്നിരുന്നത്. ദിവ്യ പാന്റ് ധരിച്ചിരുന്നില്ല. ഫയര്‍ഫോഴ്സ് കിണറ്റില്‍ നിന്ന് എടുക്കുന്ന മൃതദേഹത്തില്‍ പാന്റുണ്ടായിരുന്നില്ല എന്നുള്ളത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

രാവിലെ 11.15 ന് ദിവ്യ ഓടി വന്ന് കിണറ്റില്‍ ചാടിയെന്നാണ് സാക്ഷിമൊഴി. വിവരം പൊലീസ് അറിയുന്നത് 11.45 ന്. ഫയര്‍ ഫോഴ്സ് പാഞ്ഞെത്തുന്ന് 12 ന്. ഇതിനൊക്കെ വളരെ മുന്‍പേ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള അച്ചന്‍ ഒരു ആംബുലന്‍സുമായി സ്ഥലത്തു വന്നു. 11.15 ന് ചാടിയ പെണ്‍കുട്ടിയെ 11.20 ന് എങ്കിലും കിണറ്റില്‍ നിന്ന് രക്ഷിക്കാമായിരുന്നു. സമീപവാസികളുടെ സഹായം അതിനായി ലഭ്യമാക്കാമായിരുന്നു. ഇവിടെ അതുണ്ടായില്ല. ഇതാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ വീണ സമയം സംബന്ധിച്ച സംശയം ഉയര്‍ത്തിയിരിക്കുന്നത്. 11.15 ന് പെണ്‍കുട്ടി കിണറ്റില്‍ ചാടിയെന്നത് മഠത്തിലെ അന്തേവാസികളുടെ മൊഴി മാത്രമാണ്. അതിന് മുന്‍പ് ദിവ്യ കിണറ്റില്‍ ഉണ്ടായിരുന്നു കൂടേ എന്ന സംശയമാണ് ഉയരുന്നത്. അതായത് തലേന്ന് രാത്രിയോ സംഭവ ദിവസം പുലര്‍ച്ചെയോ ദിവ്യ കിണറ്റില്‍ വീണിരിക്കാം.

ആസൂത്രിതമായി സംഭവം പുനരാവിഷ്‌കരിച്ച് പകല്‍ സമയത്ത് ആക്കിക്കൂടേ എന്ന സംശയവും ഉയരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തുന്നതോടെ മരണ സമയവും കാരണവും സംബന്ധിച്ച് വ്യക്തത ഉണ്ടാകും. മഠത്തിലെ അന്തേവാസികള്‍ ദിവ്യയെ കുറിച്ച് പൊലീസിന് നല്‍കിയ മൊഴികള്‍ ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെയാണ്. മാനസികമായി ചില പ്രശ്നങ്ങള്‍ ദിവ്യക്ക് ഉണ്ടായിരുന്നുവെന്നാണ് മഠത്തിലെ മറ്റു വിദ്യാര്‍ഥിനികള്‍ നല്‍കിയ മൊഴി. എപ്പോഴും ആത്മഹത്യയെ കുറിച്ച് ദിവ്യ സംസാരിച്ചിരുന്നുവത്രേ. ഈ മൊഴികള്‍ എല്ലാം ചൂണ്ടിക്കാട്ടി സംഭവം ആത്മഹത്യ തന്നെയെന്ന് വരുത്തി തീര്‍ക്കുകയാണ് സഭാ അധികൃതര്‍ എന്നാണ് ആരോപണം. രാഷ്ട്രീയക്കാരും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. സമരം നടത്താന്‍ ബിജെപി ആദ്യം പദ്ധതി തയാറാക്കിയെങ്കിലും ഇപ്പോള്‍ അനക്കമില്ല. അടുത്തു വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് പലരുടെയും ലക്ഷ്യം.

മഠത്തിലെ സന്യസ്ത വിദ്യാര്‍ഥിനികള്‍ക്ക് മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നാണ് വിവരം. ഇതൊന്നും വീട്ടുകാരോടോ പുറത്തോ പറയാന്‍ പാടില്ല. പറഞ്ഞാല്‍ ശരിപ്പെടുത്തുമെന്ന ഭീഷണിയും ഉണ്ട്. ഇതു കാരണം സര്‍വതും സഹിച്ച് കഴിയുകയാണ് വിദ്യാര്‍ഥിനികള്‍. ദിവ്യയുടെ മരണം വിവാദമായതോടെ ഇത്തരം വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ മഠം അധികൃതരും ശ്രദ്ധിക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …