ലണ്ടന്‍: പന്ത്രണ്ട് രാജ്യങ്ങളില്‍നിന്നും പൗരന്മാരെ മടക്കിക്കൊണ്ടുവരാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതിയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്നും ആറ് പ്രത്യേക വിമാനങ്ങള്‍ ഇന്ത്യയിലേക്കു പറക്കും. എന്നാല്‍ ബ്രിട്ടനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് ഇത് ആശ്വസമാകില്ല. ആറു വിമാനങ്ങളില്‍ ഒന്നുപോലും കേരളത്തിലേക്കില്ല.
ഈമാസം ഏഴുമുതല്‍ 12 വരെ തിയതികളിലാണ് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. ഏഴ്, ഒമ്പത് തിയതികളില്‍ മുംബൈയിലേക്കും എട്ടിന് ബെംഗളുരുവിലേക്കും പത്തിന് അഹമ്മദാബാദിലേക്കും 11ന് ചെന്നെയിലേക്കും 12ന് ന്യൂഡല്‍ഹിയിലേക്കുമാണ് പ്രത്യേക വിമാനങ്ങള്‍. ഒട്ടേറെ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും വിമാനം പ്രതീക്ഷിച്ചിരുന്ന കൊച്ചി, അമൃത്സര്‍, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ പരിഗണന ഉണ്ടായില്ല.
ഗര്‍ഭിണികള്‍, പ്രായമായവര്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാട്ടില്‍ ബന്ധുമിത്രാദികള്‍ മരണപ്പെട്ടവര്‍, നാട്ടില്‍ അസുഖബാധിതരായവരെ കാണാനും പരിചരിക്കാനും അത്യാവശ്യമായി എത്തേണ്ടവര്‍, ടൂറിസ്റ്റ് വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണനയെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ ഈ മുന്‍ഗണനാ ലിസ്റ്റിലില്ല.
ഹൈക്കമ്മിഷന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഗൂഗിള്‍ ഷീറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കാകും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുക. രണ്ടാഴ്ചയായി ഇത്തരത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നു. റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയിട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹൈക്കമ്മിഷനില്‍നിന്നും ഉടന്‍തന്നെ ഇ-മെയില്‍ സന്ദേശം ലഭിക്കും. അതിനുശേഷം എയര്‍ലൈന്‍ അധികൃതര്‍ ടിക്കറ്റ് ബുക്കിങ്ങിനും പേയ്‌മെന്റിനുമായി ഇവരെ ബന്ധപ്പെടും. ഇത്തരത്തിലാണ് മടക്കയാത്രയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് സൗകര്യം ഒരുക്കുന്നത്.