പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് :ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമ

17 second read

ദുബായ്: പ്രവാസി വ്യവസായി ജോയി അറയ്ക്കല്‍ ജീവനൊടുക്കിയതാണെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ മരണത്തിനു തൊട്ടുമുന്‍പുള്ള വിവരങ്ങളും പുറത്തുവന്നു.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.

പെട്രോള്‍ വിലയിടവില്‍ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നതു മനസ്സിനേറ്റ മുറിവായെന്നു സുഹൃത്ത് പറയുന്നു. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലായിരുന്നെന്നും സുഹൃത്ത് വ്യക്തമാക്കി.

എംകോമും സിഎ ഇന്ററും പാസായി 1997ല്‍ ദുബായില്‍ എത്തിയ ജോയി, ക്രൂഡ് ഓയില്‍ വ്യാപാരം, പെട്രോ കെമിക്കല്‍ ഉല്‍പന്ന നിര്‍മാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ് എന്നിവയിലാണു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇതിനു പുറമെ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകള്‍ ഏറ്റെടുത്തിരുന്ന കമ്പനിയും അദ്ദേഹത്തിന്റേതാണ്.

പുതിയ എണ്ണശുദ്ധീകരണ കമ്പനി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്റ്റേഷനും അദ്ദേഹത്തിന്റേതാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികള്‍ ഉണ്ട്.
വന്‍കിട നിക്ഷേപകര്‍ക്കു യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ ഉടമയായ ജോയി, മികച്ച സംരംഭകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് കപ്പല്‍ വാങ്ങിയതോടെ ‘കപ്പല്‍ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്നാല്‍ 500 മെട്രിക് ടണ്ണിന്റെ കപ്പല്‍ രണ്ടു വര്‍ഷം മുന്‍പു കൈമാറി. ഭാര്യ സെലിന്‍, മക്കളായ അരുണ്‍, ആഷ്ലി എന്നിവര്‍ക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടില്‍ എത്തിക്കുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടന്‍ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …