എന്‍-95 മാസ്‌ക് സ്വപ്നങ്ങളില്‍ മാത്രം: ധരിക്കുന്നത് തുണി കൊണ്ടുള്ള മുഖാവരണം: പിപിഇ കിറ്റിന് ഗുണനിലവാരമില്ല: സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട് കേരളത്തിലെ ആരോഗ്യമേഖല: തള്ളല്‍ കൊണ്ട് കാര്യമില്ല പ്രവൃത്തിയില്‍ കാണട്ടെ എന്നും റാന്‍ഡം ടെസ്റ്റ് വേണമെന്നും ആവശ്യം

18 second read

പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ മേല്‍നോട്ടം ആരോഗ്യമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിക്കുന്നു. വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും സൈബര്‍ സഖാക്കള്‍ തള്ളി മറിക്കുന്നതു പോലെയല്ല കാര്യങ്ങള്‍ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഹൈ റിസ്‌കിലാണ് സംസ്ഥാനത്തെ ഓരോ ആരോഗ്യ പ്രവര്‍ത്തകനും ജോലി ചെയ്യുന്നത്. കോവിഡ് ബാധിതരോടും ബാധിക്കാന്‍ സാധ്യതയുള്ളവരോടും ഏറ്റവും അടുത്ത് ജോലി ചെയ്യുന്നവര്‍ എന്ന പരിഗണന ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നാണ് പരാതി. അടിസ്ഥാന സൗകര്യം, സുരക്ഷാ മുന്‍കരുതല്‍ എന്നിവയുടെ അഭാവം ആരോഗ്യമേഖലയില്‍ നിഴലിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഓപി വീണ്ടും സജീവമായിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ പോലും ദിവസം നൂറു മുതല്‍ ഇരുന്നൂറു പേര് വരെ ഓപിയില്‍ എത്തി തുടങ്ങി. ഇവിടെ ചീട്ട് എഴുതാനിരിക്കുന്ന അറ്റന്‍ഡര്‍ മുതല്‍ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ വരെ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരാണ്. ഇവര്‍ക്ക് വേണ്ടത് എന്‍-95 മാസ്‌ക് ആണ്. എന്നാല്‍, ഇത്തരം മാസ്‌കുകള്‍ ലഭ്യമല്ല. പകരം തുണി കൊണ്ടുള്ള മുഖാവരണം ആണ് ഉപയോഗിക്കുന്നത്. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് തുടങ്ങി നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വരാന്‍ കാരണമായത് നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതിരുന്നതാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എന്‍-95 മാസ്‌ക് കാണാന്‍ പോലും കിട്ടുന്നില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. സാമൂഹിക വ്യാപനം ഉണ്ടായാല്‍ അത് ഏറ്റവുമധികം ഭീഷണിയാകുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആകും. അവര്‍ക്കിടയിലാകും ഇത് പടര്‍ന്നു പിടിക്കുകയെന്നും പറയുന്നു. ആരോഗ്യമേഖല സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ മന്ത്രി കെകെ ശൈലജ കൃത്യമായി നോക്കിയിരുന്നതാണ്. ആരോഗ്യ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് മന്ത്രിയുമായി മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനും കഴിഞ്ഞിരുന്നു. ഏകോപനം മുഖ്യമന്ത്രി ഏറ്റെടുത്തതോടെ ആശയ വിനിമയത്തിന് തടസം നേരിട്ടു.എന്തും മുഖ്യമന്ത്രി തീരുമാനിക്കും എന്നതാണ് അവസ്ഥ. കോവിഡ് രോഗികളുടെ കണക്ക് പുറത്തു വിടുന്നതില്‍പ്പോലും മുഖ്യമന്ത്രിയുടെ തീരുമാനം വരണം. ഇത് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സാമൂഹിക വ്യാപനം തിരിച്ചറിയാനുള്ള റാന്‍ഡം പരിശോധന ആദ്യം നടത്തേണ്ടത് ആരോഗ്യമേഖലയിലാണ്. അതിന് ശേഷം പൊലീസിലും ഫീല്‍ഡില്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടയിലും നടത്തണം. ഈ വിവരമൊക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ പല തവണയായി വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയില്ല. കോവിഡ് പരിശോധന വ്യാപകമായി നടത്താന്‍ കഴിയുന്നില്ലെന്നതും ന്യൂനതയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്രവം എടുക്കാനുള്ള സൗകര്യം പോലും ഇല്ലെന്ന് പറയുന്നു. കോവിഡ് രോഗലക്ഷണങ്ങളുമായി വരുന്നവരെ പനിക്കുള്ള മരുന്ന് നല്‍കി വീട്ടിലേക്ക് വിടേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം വണ്ടന്മേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഇതാണ് സംഭവിച്ചത്.

പുറ്റടി സ്വദേശിയായ യുവാവ് മാര്‍ച്ച് 23 നു മലപ്പുറത്തെ ജോലി സ്ഥലത്ത് നിന്നും അയാളുടെ വീട്ടില്‍ എത്തി. പിറ്റേന്ന് തന്നെ വണ്ടന്മേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തുകയും താന്‍ മലപ്പുറം ജില്ലയില്‍ നിന്നു വന്നതാണെന്നും മറ്റും അറിയിച്ചു. ചുമയും ജലദോഷവും ഉണ്ടായിരുന്ന ഇയാള്‍ക്ക് മരുന്നുകള്‍ നല്‍കി ഐസൊലേഷന്‍ നിര്‍ദേശിച്ചു ഡോ. ശ്രുതി വീട്ടിലേക്ക് വിട്ടു. 14 ദിവസത്തിന് ശേഷം ഇയാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം സാധാരണ ജീവിതത്തിലേക്ക് മാറി. ഇതിനിടയില്‍ രണ്ടു തവണ ചുമയും ജലദോഷവും കോവിഡ് ലക്ഷണങ്ങളുമായി ഇതേ ആശുപത്രിയില്‍ മാര്‍ച്ച് 29 നും ഏപ്രില്‍ രണ്ടിനും ഇയാള്‍ എത്തി. പരിശോധിച്ച ഡോക്ടര്‍മാരോ മെഡിക്കല്‍ ഓഫീസറോ ഒന്നും തന്നെ ഇയാളെ ഗൗരവത്തില്‍ എടുത്തില്ല എന്നു പറയുന്നു. സ്രവം പരിശോധനക്ക് അയച്ചതുമില്ല. ഇയാള്‍ക്കാണ് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …