കൊറോണ :ബ്രിട്ടനില്‍ മരണം 20,000 കടന്നു; ഇതിനിടെ യുവതികളുമൊത്ത് യുവതാരത്തിന്റെ പാര്‍ട്ടി വിവാദക്കുരുക്കില്‍

16 second read

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനില്‍, ലോക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ പാര്‍ട്ടി സംഘടിപ്പിച്ച ഫുട്‌ബോള്‍ ക്ലബ് എവര്‍ട്ടന്റെ ഇറ്റാലിയന്‍ താരം മോയ്‌സ് കീന്‍ വിവാദക്കുരുക്കില്‍. ചെഷയറിലെ തന്റെ വസതിയില്‍ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം താരം പാര്‍ട്ടി നടത്തിയതാണ് വിവാദമായത്. ഇവര്‍ മോഡലുകളാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കിടെ സ്വയം പകര്‍ത്തിയ ചില വിഡിയോ ദൃശ്യങ്ങള്‍ കീന്‍ സ്വകാര്യ സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളില്‍ പങ്കുവച്ചിരുന്നു. ഇത് ചോര്‍ന്നതാണ് താരത്തെ കുരുക്കിലാക്കിയത്. ‘ക്വാറന്റീന്‍ ക്ലീന്‍’ എന്ന വാചകത്തോടെയാണ് മോയ്‌സ് കീന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വിഡിയോ പങ്കുവച്ചത്.

കൊറോണ വൈറസ് വ്യാപനം നിമിത്തം കടുത്ത പ്രതിസന്ധിയിലായ ബ്രിട്ടനില്‍ ഇതുവരെ 20,000ല്‍ അധികം പേരാണ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യമൊന്നാകെ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇരുപതുകാരന്‍ താരത്തിന്റെ പാര്‍ട്ടി. ആഘോഷത്തിനായി ഒട്ടേറെപ്പേര്‍ സമ്മേളിച്ചതിനാല്‍ ലോക്ഡൗണ്‍ ലംഘനവും സാമൂഹിക അകലം പാലിക്കണമെന്ന ചട്ടത്തിന്റെ ലംഘനവുമുണ്ട്. സംഭവം വിവാദമായതോടെ താരത്തെ തള്ളിപ്പറഞ്ഞ് അദ്ദേഹത്തിന്റെ ക്ലബ്ബായ എവര്‍ട്ടന്‍ പ്രസ്താവന പുറപ്പെടുവിച്ചു. കീനില്‍നിന്ന് ഒരു കോടിയോളം രൂപ പിഴ ഈടാക്കിയേക്കുമെന്നും സൂചനയുണ്ട്.

‘കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും ക്ലബ്ബിന്റെ നയവും പ്രധാന ടീമിലെ ഒരു താരം ലംഘിച്ചത് അമ്പരപ്പിച്ചു. ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ കടുത്ത വിയോജിപ്പും നിരാശയും പ്രസ്തുത താരത്തെ അറിയിച്ചിട്ടുണ്ട്. മേലില്‍ ഇത്തരം നടപടികള്‍ സ്വീകാര്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അതികഠിനമായി ജോലി ചെയ്യുന്ന നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അതിയായ ബഹുമാനവും ആദരവും അര്‍ഹിക്കുന്നുണ്ട്. അവരെ സംരക്ഷിക്കുന്ന രീതിയില്‍ പെരുമാറുകയാണ് നമുക്ക് അവരോടു ബഹുമാനം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം’ – എവര്‍ട്ടന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കീനിന്റെ പ്രവര്‍ത്തി എവര്‍ട്ടന്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടിയുടെയും രോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…