ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ശനിയാഴ്ച മുതല്‍ കാണാതായ രണ്ടു വയസ്സുകാരന്‍ ജോര്‍ദാന്റെ മൃതദേഹം കണ്ടെത്തിയതായി ഫ്‌ളോറിഡ പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവ് കാരിസ് സ്റ്റിന്‍സന്റെ (21) പേരില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് ഈസ്റ്റ് ബേയിലൂടെ നടന്നു പോകവെ വാഹനത്തില്‍ എത്തിയ ഒരാള്‍ റൈഡ് ഓഫര്‍ ചെയ്‌തെന്നും, കുറച്ചു ദൂരം കുട്ടിയുമായി നടക്കാനുള്ളതിനാല്‍ കാറില്‍ കയറിയതായും കാരിസ് സ്റ്റിന്‍സന്‍ പറഞ്ഞു.
വാഹനത്തില്‍ വച്ചു ഡ്രൈവറും സ്റ്റിന്‍സനും തമ്മില്‍ തര്‍ക്കമുണ്ടായതായും തന്റെ തലയ്ക്കടിച്ചു ബോധരഹിതയാക്കിയതായും ഇവര്‍ പറഞ്ഞു. തുടര്‍ന്നു പുലര്‍ച്ചെ ബോധം തെളിയുമ്പോള്‍ ലാര്‍ഗൊ സെന്‍ട്രല്‍ പാര്‍ക്കിലെ മരങ്ങള്‍ക്കിടയില്‍ കിടക്കുകയായിരുനെന്നും കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഉടനെ കുട്ടിക്കുവേണ്ടിയും വാഹനത്തിനുവേണ്ടിയും തിരച്ചില്‍ ആരംഭിച്ചു. വീടിനു സമീപവും പരിസര പ്രദേശങ്ങളിലും പൊലീസും വോളണ്ടിയര്‍മാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് പുറത്തുവിട്ടത്. മാതാവിനെ അറസ്റ്റു ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.